ചെങ്കടലിലെ തന്ത്രപ്രധാനമായ രണ്ട് ദ്വീപുകള്‍ യെമനിലെ ഹൂതി വിമതര്‍ പിടിച്ചെടുത്തതോടെ ആഗോള എണ്ണ വിതരണ ശൃംഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഗ്രേറ്റര്‍ ഹനീഷ്, ലെസ്സര്‍ ഹനീഷ് എന്നീ ദ്വീപുകളാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പിടിച്ചെടുത്തത്. പ്രധാന ഏഷ്യന്‍ വിപണികളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കപ്പല്‍ ഗതാഗത പാതയായ ബാബ് അല്‍-മന്ദബ് കടലിടുക്കില്‍ നിന്ന് 160 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ ദ്വീപുകളുടെ നിയന്ത്രണം പിടിച്ചെടുത്തത് വഴി, മേഖലയിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുനീക്കം പൂര്‍ണ്ണമായി തടസ്സപ്പെടുത്താന്‍ ഹൂതികള്‍ക്ക് സാധിക്കും.
മൊഖ തുറമുഖവും പെരിം ദ്വീപും പിടിച്ചെടുത്തതിന് പിന്നാലെയാണ് ഹൂതി വിമതര്‍ അധിനിവേശം കൂടുതല്‍ വ്യാപിപ്പിച്ചത്. ചെങ്കടലിലെ ഈ മുന്നേറ്റം സൗദി അറേബ്യയ്ക്കും കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹൂതികളുടെ അതിവേഗത്തിലുള്ള ഈ നീക്കം, കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. തിങ്കളാഴ്ച സൗദിയില്‍ ഹൂതികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 13 സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
സൗദിയെ ഞെട്ടിച്ച് പൈപ്പ്ലൈന്‍ ആക്രമണം
ഇറാഖിലെ ഇറാന്‍ അനുകൂല സേന സൗദിയുടെ പ്രധാന എണ്ണ പൈപ്പ്ലൈനിന് നേരെ നടത്തിയ ആക്രമണങ്ങള്‍ സൗദിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സൗദിയുടെ പ്രധാന എണ്ണ പൈപ്പ്ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന് നേരെയാണ് ആക്രമണമുണ്ടായത്. ഹോര്‍മുസ് കടലിടുക്കില്‍ നിന്നുള്ള എണ്ണ ചെങ്കടല്‍ കയറ്റുമതി കേന്ദ്രമായ യാന്‍ബുവിലേക്ക് എത്തിക്കാന്‍ സൗദി ഉപയോഗിച്ചിരുന്ന പ്രധാന പാതയാണിത്. ആക്രമണത്തെ തുടര്‍ന്ന് പൈപ്പ്ലൈന്‍ അടച്ചുപൂട്ടേണ്ടി വന്നത് വിതരണത്തെ ഗുരുതരമായി ബാധിക്കും. ഇത് പൂര്‍ണ്ണമായി നന്നാക്കാന്‍ ആഴ്ചകള്‍ എടുത്തേക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ പ്രതിദിനം 2.6 ദശലക്ഷം മുതല്‍ 4 ദശലക്ഷം ബാരല്‍ വരെ എണ്ണയാണ് ഈ പൈപ്പ്ലൈന്‍ വഴി യാന്‍ബു തുറമുഖത്തേക്ക് എത്തിച്ചിരുന്നത്. ഈ എണ്ണ വിപണിയില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് വന്‍ വിലക്കയറ്റത്തിന് കാരണമാകും.
പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വലിയ തോതില്‍ വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 1.17 ശതമാനം വര്‍ധിച്ച് ബാരലിന് 106.92 ഡോളറിലെത്തി. റഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെ യുക്രൈന്‍ നടത്തുന്ന ആക്രമണങ്ങളും ഇറാന്‍ യുദ്ധവും കൂടിയായതോടെ യുഎസില്‍ ഡീസല്‍ വില ഗാലന് ആറു ഡോളര്‍ എന്ന റെക്കോര്‍ഡ് നിരക്കിലെത്തി. വിതരണത്തില്‍ വലിയ കുറവുണ്ടായതിനോട് വിപണി പ്രതികരിച്ചു തുടങ്ങിയതിന്റെ തെളിവാണ് ബ്രെന്റ് ക്രൂഡ് വിലയിലുണ്ടായ പെട്ടെന്നുള്ള വര്‍ധനവെന്ന് റൈസ്റ്റാഡ് എനര്‍ജിയിലെ ഓയില്‍ മാര്‍ക്കറ്റ്‌സ് വൈസ് പ്രസിഡന്റ് ജാനിവി ഷാ ചൂണ്ടിക്കാട്ടി. സൗദിയുടെ കൈവശമുള്ള എണ്ണ ശേഖരം ഉപയോഗിച്ച് വരും ദിവസങ്ങളില്‍ കയറ്റുമതി നിലനിര്‍ത്താനാകുമെങ്കിലും സ്ഥിതിഗതികള്‍ പെട്ടെന്ന് മാറിയേക്കാം എന്നും ഷാ കൂട്ടിച്ചേര്‍ത്തു.
എണ്ണവില ഉടനെയൊന്നും കുറയാന്‍ സാധ്യതയില്ലെന്നും വരും മാസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കാമെന്നും ഷെവ്‌റോണ്‍ സിഇഒ മൈക്ക് വിര്‍ത്ത് മുന്നറിയിപ്പ് നല്‍കി. യുദ്ധം ആരംഭിച്ച ഫെബ്രുവരിക്ക് ശേഷം പല രാജ്യങ്ങളും തങ്ങളുടെ കരുതല്‍ ക്രൂഡ് ഓയില്‍ ശേഖരം വിപണിയിലേക്ക് ഇറക്കിയിരുന്നു. ഉപരോധമുള്ള രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ, കപ്പലുകളില്‍ സംഭരിച്ചു സൂക്ഷിക്കുന്നതിനായി യുഎസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും നീക്കിയിരുന്നു. എന്നാല്‍ ആ മാര്‍ഗ്ഗങ്ങളെല്ലാം ഇപ്പോള്‍ പൂര്‍ണ്ണമായി ഉപയോഗിച്ചു കഴിഞ്ഞതായി മൈക്ക് വിര്‍ത്ത് പറഞ്ഞു.
രൂക്ഷമായി മാനുഷിക പ്രതിസന്ധി
ഹൂതി വിമതരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള പോരാട്ടം ഈ മാസം രൂക്ഷമായതോടെ യെമനില്‍ ഏകദേശം 94,000 ആളുകള്‍ വീടൊഴിഞ്ഞുപോയതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വ്യക്തമാക്കി. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പാര്‍പ്പിക്കുന്നതിനായി തെക്കുപടിഞ്ഞാറന്‍ യെമനില്‍ ഏകദേശം 200 സ്‌കൂളുകള്‍ അഭയകേന്ദ്രങ്ങളാക്കി മാറ്റിയതായി ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റി അറിയിച്ചു. രണ്ടായിരത്തിലധികം ആളുകള്‍ കടല്‍മാര്‍ഗ്ഗം ആഫ്രിക്കന്‍ രാജ്യമാ ജിബൂട്ടിയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ജിബൂട്ടിയിലെ യുഎസ് സൈനിക താവളത്തില്‍ നിന്ന് വെറും 32 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ ഹൂതികളുടെ സാന്നിധ്യം.
അതേസമയം, ചെങ്കടലിലെ എല്ലാ വാണിജ്യ കപ്പലുകളും തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സൗദിയുമായി ബന്ധപ്പെട്ട കപ്പലുകള്‍ മാത്രമാണ് ലക്ഷ്യമെന്നുമാണ് ഹൂതി നേതൃത്വത്തിന്റെ നിലപാട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയില്‍ നിന്നുള്ള വിതരണം ആഫ്രിക്കയിലെയും ഏഷ്യയിലെയും സമ്പദ്വ്യവസ്ഥകള്‍ക്ക് നിര്‍ണ്ണായകമാണ്. മധ്യപൂര്‍വേഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്ന ഈ രാജ്യങ്ങളെയാണ് വ്യാപാര തടസ്സം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
Yemen’s Houthi rebels have reportedly seized the strategically located Greater Hanish and Lesser Hanish islands in the Red Sea, raising concerns over global oil supplies and international shipping. Located around 160 km from the Bab el-Mandeb Strait, the islands could give the Iran-backed group greater leverage over a crucial maritime route connecting the Middle East with Asian markets. The reported expansion comes amid escalating tensions involving the Houthis, Saudi Arabia and Iran-aligned forces. An attack on Saudi Arabia’s East-West oil pipeline, which carries crude toward the Red Sea export hub of Yanbu, has further intensified concerns over global oil supply. The disruption has contributed to a sharp rise in crude prices, with Brent crude reportedly reaching 106.92 dollar per barrel.