അഞ്ചാം വാരത്തിലേക്ക് കടന്ന യുഎസ്-ഇറാൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. സമാധാനക്കരാറിന് വഴങ്ങിയില്ലെങ്കിൽ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും നാല് മണിക്കൂറിനുള്ളിൽ തകർക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തകർന്നുവീണ വിമാനങ്ങളിലെ രണ്ട് യുഎസ് പൈലറ്റുമാരെ സാഹസികമായി രക്ഷപ്പെടുത്തിയ ദൗത്യത്തെ വൈറ്റ് ഹൗസിൽ പ്രകീർത്തിക്കവെയാണ് ട്രംപിന്റെ ഈ കടുത്ത പോർവിളി.
തിങ്കളാഴ്ച അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ തള്ളിയ ഇറാൻ, പകരം പത്തിന സമാധാന പദ്ധതി സമർപ്പിച്ചെങ്കിലും ഹോർമൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഗ്രീനിച്ച് സമയം അർദ്ധരാത്രിയോടെ കടലിടുക്ക് തുറന്നില്ലെങ്കിൽ കഠിനമായ വ്യോമാക്രമണം നേരിടേണ്ടി വരുമെന്ന ട്രംപിന്റെ അന്ത്യശാസനം പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പാകിസ്താന്റെ മധ്യസ്ഥതയിൽ തയ്യാറാക്കിയ സമാധാന ചട്ടക്കൂട് ഇറാൻ തള്ളി. അടിയന്തര വെടിനിർത്തലും തുടർന്ന് 15–20 ദിവസങ്ങൾക്കുള്ളിൽ സമഗ്രമായ സമാധാന കരാർ രൂപീകരിക്കലുമാണ് പാകിസ്താൻ മുന്നോട്ടുവെച്ച പദ്ധതിയുടെ കാതൽ. എന്നാൽ, താൽക്കാലികമായ വെടിനിർത്തലുകൾക്ക് തയ്യാറല്ലെന്നും യുദ്ധത്തിന് സ്ഥിരമായ അന്ത്യം കുറിക്കുന്ന വ്യവസ്ഥകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ഇറാൻ വ്യക്തമാക്കി. യുദ്ധത്തിന് പൂർണവിരാമമിടാത്ത ഒരു ഒത്തുതീർപ്പിനും തങ്ങളില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ നേതൃത്വം.
യുദ്ധത്തിന് താൽക്കാലിക വിരാമമിടുന്ന വെടിനിർത്തൽ കരാറുകൾക്കു പകരം മേഖലയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്ന പത്തിന പദ്ധതിയാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ആണവനിർവ്യാപന ഉടമ്പടിയുടെ (എൻ പി ടി) ചട്ടക്കൂടിൽനിന്നുകൊണ്ട് യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശത്തിന് അന്താരാഷ്ട്ര അംഗീകാരം നൽകണമെന്നതാണ് ഈ സമാധാന കരാറിലെ ഒരു പ്രധാന വ്യവസ്ഥ. ഇതിനോടൊപ്പം അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.
തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാമെന്നും അവിടെ സുരക്ഷിതമായ സഞ്ചാരത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്താമെന്നും ഇറാൻ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ കപ്പലിൽനിന്നും 20 ലക്ഷം ഡോളർ (18.59 കോടി) വീതം ട്രാൻസിറ്റ് ഫീ ഈടാക്കുമെന്നാണ് ഇറാന്റെ നിർദ്ദേശം. ഈ തുക അയൽരാജ്യമായ ഒമാനുമായി പങ്കുവെക്കാനാണ് തീരുമാനം.
യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളുടെ പുനർനിർമാണത്തിനായി ഈ തുക വിനിയോഗിക്കുമെന്നും ഇതിനുപുറമെ പ്രത്യേകമായി യുദ്ധനഷ്ടപരിഹാരം അമേരിക്കയിൽനിന്നോ ഇസ്രായേലിൽനിന്നോ ആവശ്യപ്പെടില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ലെബനനിൽ ഹിസ്ബുള്ളയ്ക്കുനേരെ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന കർശന വ്യവസ്ഥയും ഈ സമാധാന പാക്കേജിന്റെ ഭാഗമാണ്.
ഹോര്‍മൂസ് കടലിടുക്ക് ചൊവ്വാഴ്ച തുറന്നില്ലെങ്കില്‍ ടെഹ്‌റാനില്‍ നരകതുല്യമായ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമെന്ന് ട്രംപിന്റെ ഭീഷണി. ഇറാന്റെ പ്രതികരണം തള്ളിയ ട്രംപ്, ഇറാന് അനുവദിച്ച സമയപരിധിയില്‍ മാറ്റമില്ലെന്നും പറഞ്ഞു. ഇറാന്‍ ഒറ്റ രാത്രികൊണ്ട് ഇല്ലാതായേക്കാമെന്നും ആ രാത്രി ചിലപ്പോള്‍ നാളെയായിരിക്കാമെന്നും ട്രംപ് മുന്നറിയിപ്പുനൽകി. ഇറാന്റെ വൈദ്യുതനിലയങ്ങളും പാലങ്ങളും യുഎസ് സേന ലക്ഷ്യമിടുമെന്നും ഇടപാട് നടന്നില്ലെങ്കില്‍ ഇറാനിലെ എല്ലാ പാലങ്ങളും നശിപ്പിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇത്തരം ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഇറാന്റെ 9.3 കോടി പൗരന്മാര്‍ ഇതുമൂലം അമേരിക്കക്കെതിരെ തിരിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തെ പരിഹസിച്ച് തള്ളി ടെഹ്‌റാൻ. ട്രംപിന്റേത് വെറും 'ഭ്രാന്തൻ പരാമർശങ്ങൾ' മാത്രമാണെന്ന് ഇറാൻ സൈനിക നേതൃത്വം തിരിച്ചടിച്ചു. വീണ്ടുവിചാരമില്ലാത്ത ഇത്തരം ഭീഷണികൾ മുഴക്കുന്നതു വഴി അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര അപമാനം ഇല്ലാതാക്കാൻ കഴിയില്ലെന്നും ഇറാൻ പരിഹസിച്ചു. യുദ്ധഭീഷണിക്കുമുന്നിൽ വഴങ്ങില്ലെന്നും തങ്ങളുടെ നിബന്ധനകളിൽ ഉറച്ചുനിൽക്കുമെന്നുമാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
English Summary: Iran has proposed a 10-point plan aimed at permanently ending the ongoing conflict with the United States after rejecting a temporary ceasefire offer. Meanwhile, US President Donald Trump has escalated tensions by warning of severe military action against Tehran