International

'കപ്പലുകളുടെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യൂ, എണ്ണ ഒഴുകട്ടെ'; ഒടുവില്‍ ഇറാന്‍ സമ്മതിച്ചു, സമാധാന കരാറില്‍ ഒപ്പുവെക്കല്‍ വെള്ളിയാഴ്ച

ഖത്തറിന്റെ മധ്യസ്ഥതയില്‍ ടെഹ്റാനില്‍ നടന്ന 15 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇറാന്‍ യുഎസുമായി കരാരിലെത്താന്‍ സമ്മതിക്കുന്നത്

Madism Desk

യുദ്ധം അവസാനിപ്പിക്കാനും ഇറാന് മേലുള്ള യുഎസ് ഉപരോധം പിന്‍വലിക്കാനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള ഒരു പ്രാഥമിക കരാറിന്റെ രൂപരേഖയില്‍ ധാരണയിലെത്തിയതായി യുഎസ്, ഇറാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറാന്റെ ആണവ പദ്ധതിയുടെ ഭാവി ഇനി നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ ആയിരിക്കും തീരുമാനം ആവുക. മധ്യസ്ഥതയ്ക്ക് നേതൃത്വം നല്‍കിയ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിങ്കളാഴ്ച പുലര്‍ച്ചെ കരാര്‍ അന്തിമമായതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ട്രംപും ഇറാനുമായുള്ള കരാര്‍ പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു. യുഎസുമായുള്ള കരാര്‍ അന്തിമരൂപത്തിലായെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ സ്ഥിരീകരിച്ചു.

ധാരണാപത്രം വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ വെച്ച് ഔദ്യോഗികമായി ഒപ്പുവെക്കും. കരാറിലെ നിബന്ധനകള്‍ ലഭ്യമായിട്ടില്ല. എന്നിരുന്നാലും, ലെബനന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കാന്‍ കരാര്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്ന് ഷെരീഫ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. സമീപ ആഴ്ചകളില്‍ പരസ്പരം ആക്രമണം നിര്‍ത്താനുള്ള ട്രംപിന്റെയും മറ്റുള്ളവരുടെയും ആഹ്വാനങ്ങള്‍ ഇസ്രായേലും ഹിസ്ബുള്ളയും തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് ലെബനന്‍ ഒരു വലിയ തര്‍ക്കവിഷയമായി തുടരുകയായിരുന്നു. തിങ്കളാഴ്ച രാത്രി മുതല്‍ ലെബനന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ യുദ്ധവും സൈനിക നടപടികളും ശാശ്വതമായി അവസാനിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ തങ്ങള്‍ ഭാഗമല്ലെന്ന് വ്യക്തമാക്കിയ ഇസ്രായേലില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ഖത്തറിന്റെ മധ്യസ്ഥതയില്‍ ടെഹ്റാനില്‍ നടന്ന 15 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇറാന്‍ യുഎസുമായി കരാരിലെത്താന്‍ സമ്മതിക്കുന്നത്. 'ഇറാനും യുഎസും തമ്മിലുള്ള 'ഇസ്ലാമാബാദ് ധാരണാപത്രത്തിന്' അന്തിമരൂപം നല്‍കാന്‍ ഖത്തര്‍ പ്രതിനിധി സംഘം ഇന്നലെ ടെഹ്റാനില്‍ ഉണ്ടായിരുന്നു. ഏകദേശം 14 മുതല്‍ 15 മണിക്കൂര്‍ വരെ നീണ്ട ചര്‍ച്ചകളാണ് നടന്നത്. ഇതിനിടയില്‍ ഇറാന്റെ അന്തിമ ഭേദഗതികള്‍ ഞങ്ങള്‍ സമര്‍പ്പിച്ചു. ആ ഭേദഗതികള്‍ അംഗീകരിക്കപ്പെടുകയും ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ ഉള്ളടക്കം അന്തിമമാക്കുകയും ചെയ്തു', ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് തുറക്കും

ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കുമെന്നും ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരെയുള്ള യുഎസ് ഉപരോധം അവസാനിപ്പിക്കാന്‍ താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. 'ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ. എണ്ണ ഒഴുകട്ടെ', ട്രംപ് കുറിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ എണ്ണവിലയില്‍ ഇടിവുണ്ടായി. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന വ്യാപാരത്തില്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 4 ശതമാനവും യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 4.6 ശതമാനത്തിലധികവും ഇടിഞ്ഞു. ഏഷ്യന്‍ ഓഹരി വിപണികള്‍ വലിയ മുന്നേറ്റം നടത്തി.

നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില വര്‍ധനവില്‍ അമേരിക്കന്‍ ജനത കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ട് തന്നെ ഇറാന്‍ യുദ്ധം ട്രംപിനും കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ സഹ റിപ്പബ്ലിക്കന്‍മാര്‍ക്കും ആഭ്യന്തരമായി ഒരു രാഷ്ട്രീയ ബാധ്യതയായി മാറിയിരുന്നു. എന്നാല്‍ ഇറാന്റെ ആണവ പദ്ധതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന് വാശിപിടിക്കുന്ന സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളില്‍ നിന്നും ട്രംപ് വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.

30 ദിവസത്തിനകം യുഎസ് നാവിക ഉപരോധം പിന്‍വലിക്കും; സെന്റ്‌കോം

ധാരണാപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് 30 ദിവസത്തിനകം യുഎസ് നാവിക ഉപരോധം പിന്‍വലിക്കുക എന്നതാണെന്ന് ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന തിരക്കേറിയ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതിനെ തുടര്‍ന്നാണ് യുഎസ് സൈന്യം ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിച്ചത്. ഏപ്രില്‍ 13-ന് ഉപരോധം ആരംഭിച്ചതുമുതല്‍ തങ്ങള്‍ 9 കപ്പലുകള്‍ പ്രവര്‍ത്തനരഹിതമാക്കുകയും 135 കപ്പലുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ടെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ധാരണാപത്രത്തിലെ 14 പോയിന്റുകള്‍ പുറത്തുവിട്ട് ഇറാന്‍ മാധ്യമങ്ങള്‍

യുഎസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ കരട് വിവരങ്ങള്‍ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ ഈ പ്രത്യേക പോയിന്റുകള്‍ ഇരു രാജ്യങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'മെഹര്‍' റിപ്പോര്‍ട്ട് ചെയ്ത പ്രധാന വിവരങ്ങള്‍ താഴെ പറയുന്നവയാണ്.

  • ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികളിലും ശാശ്വത വെടിനിര്‍ത്തല്‍.

  • ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന യുഎസിന്റെ ഉറപ്പ്.

  • 30 ദിവസത്തിനകം യുഎസ് നാവിക ഉപരോധം നീക്കല്‍.

  • ഇറാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കല്‍.

  • 30 ദിവസത്തിനകം ഇറാന്റെ മേല്‍നോട്ടത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍.

  • ഇറാനു വേണ്ടി കുറഞ്ഞത് 300 ബില്യണ്‍ ഡോളറിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് നടപ്പാക്കല്‍.

  • ഇറാന്റെ എണ്ണ, ഊര്‍ജ്ജ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കുള്ള ഉപരോധം അവസാനിപ്പിക്കല്‍.

  • ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഇറാന്റെ ഉറപ്പ്

  • മേഖലയില്‍ യുഎസ് സൈന്യത്തെ വര്‍ദ്ധിപ്പിക്കില്ലെന്നും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും യുഎസിന്റെ ഉറപ്പ്.

ഇറാന്റെ മരവിപ്പിച്ച ഫണ്ടുകളുടെ പകുതിയെങ്കിലും അനുവദിക്കുകയും, എണ്ണ ഉപരോധം താല്‍ക്കാലികമായി നീക്കുകയും, നാവിക ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നതിന് മുന്‍പ് അന്തിമ ചര്‍ച്ചകള്‍ ആരംഭിക്കില്ലെന്നും 'മെഹര്‍' റിപ്പോര്‍ട്ട് ചെയ്തു. അന്തിമ കരാറിന് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയത്തിലൂടെ അംഗീകാരം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആണവപദ്ധതിയുടെ ഭാവി

താന്‍ തുടങ്ങിയ യുദ്ധത്തിന് മുന്‍പുള്ള പഴയ സ്ഥിതിയിലേക്ക് മടങ്ങാന്‍ ട്രംപ് ഇറാന് വലിയ വിട്ടുവീഴ്ചകള്‍ ചെയ്തു നല്‍കിയതായി ബൈഡന്‍ ഭരണകൂടത്തിലെ മുന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. 'ഇറാന്റെ ആണവ പദ്ധതിയുടെ കാര്യത്തില്‍ ഇനി എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല. എന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥയെ ബന്ദിയാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും അതിന് പകരമായി യു എസില്‍ നിന്ന് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നും ഇറാന്‍ ലോകത്തിന് കാണിച്ചുകൊടുത്തു', മില്ലര്‍ പറഞ്ഞു.

ഇറാനെതിരെയുള്ള നിലപാടുകളില്‍ കര്‍ക്കശക്കാരനായ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം കരാറിനെ പ്രശംസിച്ചെങ്കിലും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് വരാനിരിക്കുന്ന ചര്‍ച്ചകളെ 'സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന്' പറഞ്ഞു. 'നമ്മുടെ നിയമപ്രകാരം, ഇറാനുമായുള്ള ഏതൊരു ആണവ കരാറും പുനപ്പരിശോധനയ്ക്കും വോട്ടെടുപ്പിനുമായി കോണ്‍ഗ്രസിന് അയക്കേണ്ടതുണ്ട്. നമ്മളെ ഈ ഘട്ടത്തില്‍ എത്തിച്ചതിന് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍', അദ്ദേഹം പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും അന്താരാഷ്ട്ര പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിനും പകരമായി ഉപരോധങ്ങള്‍ നീക്കാന്‍ ബരാക് ഒബാമ ഒപ്പുവെച്ച 2015-ലെ ബഹുമുഖ ഇറാന്‍ ആണവ കരാറില്‍ നിന്ന് തന്റെ ആദ്യ ഔദ്യോഗിക കാലാവധിയില്‍ തന്നെ ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ശക്തമാക്കുകയും, ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ 400 കിലോഗ്രാമിലധികം യുറേനിയം ഉത്പാദിപ്പിക്കുകയും ചെയ്തു. ഈ യുറേനിയത്തിന്റെ ഭാവി വരാനിരിക്കുന്ന ചര്‍ച്ചകളിലെ ഒരു പ്രധാന വിഷയമായിരിക്കും. എന്നാല്‍, തങ്ങള്‍ ആണവ ബോംബ് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ആവര്‍ത്തിക്കുന്ന ഇറാന്‍, തങ്ങളുടെ രാജ്യത്തിനകത്ത് വെച്ച് തന്നെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഈ കരട് കരാര്‍ അനുമതി നല്‍കുന്നുണ്ടെന്നാണ് ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

Summary

The United States and Iran have reportedly reached a preliminary peace agreement aimed at ending ongoing hostilities, reopening the strategically vital Hormuz Strait, and paving the way for the removal of US sanctions on Iran. The framework agreement, brokered with the support of Pakistan and Qatar, is expected to be formally signed in Geneva, Switzerland, on Friday.