ഐക്യരാഷ്ട്രസഭയിൽ ട്രംപിനെതിരെ ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. മധ്യേഷയിലെ യഥാർത്ഥ കൊള്ളക്കാരനും ഭീകരവാദിയും അമേരിക്കയാണെന്ന് മസൂദ് കുറ്റപ്പെടുത്തി. എന്നാൽ, ബലപ്രയോഗത്തിലൂടെ അല്ലാതെ ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും ഇറാൻ എപ്പോഴും തയ്യാറാണെന്നും യുഎന്നിൽ അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സമ്പൂർണ്ണ യുദ്ധം ആരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ നടത്തിയ തന്റെ ആദ്യ പ്രസംഗത്തിലാണ് അമേരിക്കയ്ക്ക് മുന്നിൽ ഒരിക്കലും മുട്ടുമടക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് പ്രഖ്യാപിച്ചത്.
ഇറാനെ ഇല്ലാതാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ചൊവ്വാഴ്ച യുഎന്നിൽ പറഞ്ഞ ഡോണൾഡ് ട്രംപ്, പിന്നീട് ഇരുരാജ്യങ്ങളും തമ്മിൽ പുനഃരാരംഭിച്ച ചർച്ചകളെ സ്വാഗതം ചെയ്തിരുന്നു. യുഎൻ സമ്മേളനത്തോടനുബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരോഗ്ചിയും യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‍കോഫും തമ്മിൽ മൂന്ന് മണിക്കൂർ നീണ്ട അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നിരുന്നു.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ഈ ചർച്ചകളെ ഇരുപക്ഷവും വളരെ ക്രിയാത്മകമായാണ് വിലയിരുത്തിയത്. ജൂണിന് ശേഷം ഇരുകൂട്ടരും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. എങ്കിലും, പെസെഷ്കിയാൻ പ്രസംഗിക്കാൻ ആരംഭിച്ചയുടൻ അമേരിക്കൻ പ്രതിനിധി സംഘം വേദിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ച അമേരിക്കയുടെ നടപടി ഭീകരവാദമാണെന്ന് പെസെഷ്കിയാൻ കുറ്റപ്പെടുത്തി. ഇറാൻ ഒരിക്കലും ഒരു യുദ്ധത്തിന് തുടക്കമിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കൊല്ലപ്പെട്ട നേതാവിന്റെയും യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നൂറ്റമ്പതിലേറെ സ്കൂൾ വിദ്യാർഥികളുടെയും ചിത്രങ്ങൾ വേദിയിൽ ഉയർത്തിക്കാട്ടി.
ഇസ്രായേൽ കൂട്ടക്കുരുതികൾ നടത്തുമ്പോഴും അവർക്കെതിരെ നടപടികളില്ല. സ്വയം പ്രതിരോധിക്കുന്ന ഇറാന് മേൽ ഉപരോധങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവപദ്ധതികളുമായി മുന്നോട്ടുപോകാൻ ഇറാന് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സുരക്ഷാപ്രശ്നങ്ങൾക്കുള്ള പരിഹാരം അമേരിക്കയെപ്പോലുള്ള ബാഹ്യശക്തികളുടെ ഇടപെടലുകളിലല്ല, മറിച്ച് അയൽരാജ്യങ്ങൾ തമ്മിലുള്ള പരസ്പര ധാരണയിലാണെന്നും പെസെഷ്കിയാൻ ആവർത്തിച്ചു.
അമേരിക്കയുമായുള്ള ചർച്ചകളുടെ വിശദാംശങ്ങളിലേക്ക് ഇറാൻ പ്രസിഡന്റ് കടന്നില്ലെങ്കിലും, ഹോർമുസ് കടലിടുക്കിന്റെ ഭാവി സംബന്ധിച്ച് ടെഹ്‍റാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് അറബ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുക, നാവിക ഉപരോധവും സാമ്പത്തിക യുദ്ധവും പിൻവലിക്കുക, മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകുക തുടങ്ങി ഏഴ് ഉപാധികളാണ് ഇറാൻ പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ ഉപാധികൾ അംഗീകരിക്കുകയാണെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. ഇതുവഴിയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഇറാന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള സമുദ്രാതിർത്തിയിലൂടെ പുതിയൊരു പാത അംഗീകരിക്കാൻ അമേരിക്കയും ഗൾഫ് രാജ്യങ്ങളും നിർബന്ധിതരായേക്കും.
നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപായി എണ്ണവില കുറയ്ക്കാനും ലഭ്യത ഉറപ്പാക്കാനും അമേരിക്കയ്ക്ക് മേൽ വലിയ സമ്മർദ്ദമുള്ളതിനാൽ ചർച്ചകളിൽ പുരോഗതിയുണ്ടായേക്കാം. അമേരിക്കൻ ജനതയുടെ പിന്തുണയില്ലാത്ത ഒരു യുദ്ധം തുടരാൻ ട്രംപും ആഗ്രഹിക്കുന്നില്ല. നിലവിൽ പ്രതിദിനം അഞ്ചിൽ താഴെ എണ്ണ ടാങ്കറുകൾക്ക് മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ കഴിയുന്നത്. ഇതിനുപുറമെ, ഊർജ്ജ ഗതാഗതത്തിലെ മറ്റൊരു നിർണായക കേന്ദ്രമായ ബാബ് അൽ-മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൂതികളുടെ കൈകളിലാകുമെന്ന ആശങ്കയും പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുന്നു.
അതേസമയം, അമേരിക്കയുമായുള്ള കൂടിക്കാഴ്ചയെ ഔദ്യോഗിക ചർച്ചകൾ എന്ന് വിളിക്കാൻ ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി തയ്യാറായില്ല. ഉപാധികൾ അംഗീകരിക്കുന്നത് വരെ കടലിടുക്ക് തുറക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഇറാനിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുന്ന അയൽരാജ്യങ്ങൾക്കും ശക്തമായ മുന്നറിയിപ്പ് നൽകി.
തുടർച്ചയായ ഉപരോധങ്ങൾ കാരണം ഇറാൻ നിലവിൽ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലാണ്. അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധം ഇറാന്റെ എണ്ണ കയറ്റുമതിയെ ഏറെക്കുറെ അസാധ്യമാക്കിയിട്ടുണ്ട്. ഇറാന്റെ യാത്രാവിമാനങ്ങളുമായി ഇടപാട് നടത്തുന്ന ഏതൊരു സ്ഥാപനത്തിനും മേൽ അമേരിക്ക സെക്കൻഡറി ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ, രാജ്യത്തിന്റെ വ്യോമഗതാഗതവും വലിയ പ്രതിസന്ധിയിലാണ്. അമേരിക്കൻ സമ്മർദ്ദത്തെത്തുടർന്ന് ഒമാനും ഇറാഖും തങ്ങളുടെ വ്യോമാതിർത്തികൾ ഇറാന്റെ യാത്രാവിമാനങ്ങൾക്കായി അടച്ചിടാൻ നിർബന്ധിതരായതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ.
Iran President Masoud Pezeshkian strongly criticized the US and Donald Trump at the UN General Assembly, labeling the US as the true aggressor in the Middle East. Despite his defiant stance and refusal to bow to US pressure, he expressed readiness for diplomacy and dialogue without the use of force. Following a surprise three-hour meeting between US and Iranian officials mediated by Qatar, Iran laid out seven preconditions, including lifting economic and naval sanctions, to reopen the Strait of Hormuz. Meanwhile, Iran continues to face severe economic strain from US secondary sanctions impacting its oil exports and civilian aviation, prompting stern warnings from Tehran to neighboring countries cooperating with US aviation bans.