അമേരിക്ക വ്യോമാക്രമണത്തിൽ ബി1 പാലം തകർത്തതിന് ഇറാൻ ഗൾഫിൽ ശക്തമായ മറുപടിക്ക് ഒരുങ്ങുന്നതായി സൂചന. ഗൾഫ് രാജ്യങ്ങളിലെ എട്ട് പ്രധാന പാലങ്ങൾ ഇറാൻ ആക്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് കുവൈറ്റിലെ റിഫൈനറിയിലേക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തുകയും ചെയ്തു. മിന അൽ അഹ്‌മദി റിഫൈനറിയിലാണ് ആക്രമണം നടന്നത്. ഈ യുദ്ധകാലത്ത് പലതവണ ആക്രമണത്തിന് വിധേയമായ റിഫൈനറിയാണിത്. അമേരിക്കയുടെ ഒരു എഫ്-35 യുദ്ധവിമാനം കൂടി തകർത്തതായി ഇറാൻ അവകാശപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസം യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന ബി1 പാലം ഇറാനിലെ ഏറ്റവും ഉയരമുള്ള തന്ത്രപ്രധാന പാലങ്ങളിലൊന്നാണ് 136 മീറ്റർ ഉയരമുള്ള പാലം നിർമാണത്തിലിരിക്കെയാണ് തകർത്തത്.
ബി 1 തകർത്തതിനു പകരമായി ഇറാൻ തകർക്കുമെന്ന് ഭീഷണി ഉയർത്തിയ എട്ടു പാലങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു. കുവൈത്തിൽ സ്ഥിതിചെയ്യുന്ന ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് പാലം, യുഎഇയിലെ ഷെയ്ഖ് സായിദ് പാലം, അൽ മക്ത പാലം, ഷെയ്ഖ് ഖലീഫ പാലം, സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ, ജോർദാനിലെ കിങ് ഹുസൈൻ പാലം, ഡാമിയ പാലം, അബ്ദൂൺ പാലം എന്നിവയാണ് പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ട്.
ബി 1 പാലം ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാനിൽ അവശേഷിക്കുന്നവയെ നശിപ്പിച്ച് തുടങ്ങിയിട്ടില്ലെന്നും അടുത്തത് വൈദ്യുതി നിലയങ്ങളാകും ലക്ഷ്യം വെക്കുകയെന്നും ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.
അതേസമയം, പാലങ്ങൾ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നതിൽ ഭയപ്പെട്ട് തങ്ങൾ കീഴടങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. ''ഇത്തരം ആക്രമണങ്ങൾ ആശയക്കുഴപ്പത്തിലായ ശത്രുവിന്റെ പരാജയവും തകർച്ചയുമാണ് വെളിപ്പെടുത്തുന്നത്. നശിപ്പിക്കപ്പെട്ട എല്ലാ പാലങ്ങളും കെട്ടിടങ്ങളും കൂടുതൽ ശക്തമായി വീണ്ടും നിർമിക്കും. എന്നാൽ, അമേരിക്കയുടെ പ്രതിഛായയ്ക്കുണ്ടായ നാശം ഒരിക്കലും പൂർണമായി വീണ്ടെടുക്കാനാവില്ല,'' ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാദ് അരഗ്ചി എക്‌സിൽ കുറിച്ചിരുന്നു.
English Summary: Iran hit the Mina Al-Ahmadi Oil Refinery with a drone strike after the US-Israel attack on its B1 bridge and has now listed eight Gulf and Jordan bridges as potential targets, escalating Middle East tensions.