International

സൗഹൃദ രാജ്യങ്ങൾക്ക് ഹോർമൂസിലൂടെ സുരക്ഷിത യാത്രയൊരുക്കാൻ ഇറാൻ; അമേരിക്കൻ സഖ്യകക്ഷികളുടെ നിരോധനം തുടരും

ഹോർമൂസിലൂടെ കടന്നു പോകുന്നതിനു കപ്പലുകൾ പാലിക്കേണ്ട പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ എന്താണെന്നത് സംബന്ധിച്ച വിശദീകരണം ഇറാൻ ഇതുവരെയും നൽകിയിട്ടില്ല

Madism Desk

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഭാഗികമായി അടച്ച ഹോർമൂസ് കടലിടുക്കിലൂടെ സൗഹൃദ രാഷ്ട്രങ്ങളുടെ ചരക്ക് കപ്പലുകൾക്ക് സുരക്ഷിതമായി യാത്ര തുടരാമെന്ന് ഇറാൻ. അവസാന ദശകങ്ങൾക്കിടയിൽ ലോകം കണ്ട ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിച്ച കടൽഗതാഗത സ്തംഭനം തുടരുന്നതിനിടെയാണ് ടെഹ്റാൻ പുതിയ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദേശങ്ങളും ഇറാൻ പൂർണമായും തള്ളിയിട്ടുണ്ട്. ഇറാനുമായി ചർച്ചകൾ പുരോ​ഗമിക്കുകയാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദവും ഇതോടൊപ്പം ഇറാൻ പ്രതിനിധി നിഷേധിച്ചു. ഇറാൻ ഒരിക്കലും വാഷിങ്ടണുമായി ധാരണയുണ്ടാക്കില്ലെന്ന് സൈനിക വക്താവിന്റെ പ്രതികരണം. അമേരിക്ക നിലവിൽ സ്വയം ചർച്ച നടത്തുകയാണെന്നും ഇറാൻ പരിഹസിച്ചു.

ഇറാനെതിരെ നടക്കുന്ന അമേരിക്കൻ-ഇസ്രയേൽ സംഘടിതാക്രമണങ്ങളിൽ പങ്കാളികളാകാത്തതും പിന്തുണ നൽകാത്തതുമായ രാഷ്ട്രങ്ങളുടെ കപ്പലുകൾക്ക്, നിർദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കടലിടുക്ക് വഴി ‘സുരക്ഷിത യാത്ര’ അനുവദിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിൽ ഇറാൻ പ്രതിനിധി സംഘം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര കടൽഗതാഗത സുരക്ഷയുടെ ചുമതലയുള്ള സംഘടനയായ ഐഎംഒ (International Maritime Organization)-യോടും സമാന നിലപാട് തന്നെയാണ് ഇറാൻ നേരത്തെ പങ്കുവെച്ചിരുന്നത്.

അതേസമയം ഹോർമൂസിലൂടെ കടന്നു പോകുന്നതിനു കപ്പലുകൾ പാലിക്കേണ്ട പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ എന്താണെന്നത് സംബന്ധിച്ച വിശദീകരണം ഇറാൻ ഇതുവരെയും നൽകിയിട്ടില്ല. എണ്ണ, എൽഎൻജി തുടങ്ങിയവയുടെ ആഗോള വിപണിയിലെ ഏകദേശം അഞ്ചിൽ ഒരുഭാഗം ശതമാനം കടലിടുക്കിലൂടെ കടന്നുപോകേണ്ടുന്നതിനാൽ ഇറാൻ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ നിർണായകമാണ്. പശ്ചിമേഷ്യ സംഘർഷഭരിതമാവുന്നതിനു മുൻപ് ദിവസേന ശരാശരി 120 കപ്പലുകൾ വരെ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലൂടെ നിലവിൽ വിരലിൽ എണ്ണാവുന്ന ചരക്ക് നീക്കം മാത്രമാണ് സാധ്യമാകുന്നത്. തിങ്കളാഴ്ച വെറും അഞ്ച് കപ്പലുകൾ മാത്രമാണ് കടലിടുക്ക് വഴി സഞ്ചരിച്ചതെന്നാണ് സമുദ്ര വിവരശേഖരണ സ്ഥാപനമായ വിൻഡ്വേഡ് വ്യക്തമാക്കിയത്.

യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ കടലിടുക്കിലൂടെ കടക്കാൻ ശ്രമിക്കുന്ന എല്ലാ കപ്പലുകൾക്കുമെതിരെയും ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, നിലവിൽ ‘ശത്രു രാഷ്ട്രങ്ങളുടേത് ഒഴികെ’യുള്ള കപ്പലുകൾക്കായി കടലിടുക്കിലൂടെ പ്രവേശനാനുമതി നൽകിയതായാണ് അധികൃതർ വ്യക്തമാക്കുന്നത്. ഹോർമൂസ് കടലിടുക്കിനെ ആശ്രയിച്ചുള്ള ഗതാഗത തകർച്ച മൂലം ആഗോള ഊർജ്ജ വിപണിയിൽ ഉണ്ടാക്കിയത് വലിയ ആഘാതമാണ്. ഇത്തരത്തിൽ ദീർഘകാലത്തേക്കുള്ള അടച്ചിടൽ തുടർന്നാൽ ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില ബാരലിന് 150 മുതൽ 200 ഡോളർ വരെ ഉയർന്നേക്കാമെന്നും വിദഗ്ധരുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

മാർച്ച് മാസം 100 ഡോളറിന് മുകളിലുണ്ടായിരുന്ന ബ്രെന്റ് ക്രൂഡ് വില, യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാന് മുൻപിൽ ട്രംപ് ഭരണകൂടം പദ്ധതി മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ വന്നതോടെ ബുധനാഴ്ച 9 ശതമാനത്തിലധികം ഇടിവ്‌ സംഭവിച്ചു. സംഘർഷം അവസാനിക്കുകയാണെന്ന പ്രതീക്ഷയിൽ ഏഷ്യൻ ഓഹരി വിപണിയിലും ഉയർച്ചകൾ രേഖപ്പെടുത്തിയിരുന്നു. ജപ്പാനിലെ നിക്കെയ് 225 സൂചിക ഏകദേശം 2.3 ശതമാനമായി ഉയർന്നപ്പോൾ, ദക്ഷിണ കൊറിയയിലെ കോസ്പി 2.6 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ഹോങ്കോങ്ങിലെ ഹാങ് സെംഗ് സൂചികയും 0.7 ശതമാനം ഉയർന്നിരുന്നു.

English Summary: Iran has announced that “friendly” nations can safely navigate the Strait of Hormuz if they do not support US-Israel attacks, while restrictions remain on hostile countries. Tehran also rejected US claims of ongoing talks and dismissed a proposed 15-point peace plan, amid continuing tensions and disruption in global energy markets.