International

ഹോർമൂസിലെ ഇറാന്‍റെ കപ്പല്‍വേട്ട തുടരുന്നു; ട്രംപ് നീക്കങ്ങള്‍ക്ക് തിരിച്ചടി, ലക്ഷ്യം മറ്റൊന്ന്

ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിവെച്ചതിന് ശേഷമാണ് ഇറാന്റെ നീക്കങ്ങള്‍

Madism Desk

അമേരിക്കയെ പ്രതിസന്ധിയിലാക്കി ഹോർമൂസ് കടലിടുക്കില്‍ ഇറാന്റെ പുതിയ കരുനീക്കങ്ങള്‍. ഹോര്‍മൂസിലൂടെ കടന്നുപോകാന്‍ ശ്രമിച്ച മൂന്ന് വിദേശ കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതിന് പിന്നാലെയാണ് റവല്യൂഷ്ണറി ഗാർഡ് പുതിയ യുദ്ധ തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇത് ഹോര്‍മൂസിന് പുറത്ത് തമ്പടിച്ചിരിക്കുന്ന അമേരിക്കയുടെ കപ്പല്‍പ്പടയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. പശ്ചിമേഷ്യയിലേക്കുള്ള 40 ശതമാനം വാണിജ്യ സാമഗ്രികളും ഹോര്‍മൂസിലൂടെയാണ് പോകുന്നത്. ഒരുവശത്ത് അമേരിക്കയും മറുവശത്ത് ഇറാനും ഹോർമൂസ് തടയുന്നത് ഏഷ്യയിലേക്കുള്ള ഇന്ധനവിതരണം പൂർണമായും നിശ്ചലമാക്കും. നിലവില്‍ ഹോർമൂസിലെ അധികാരം ഉറപ്പിക്കാന്‍ ഇരുപക്ഷത്തിനും സാധിച്ചിട്ടില്ല. ഇത് വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാക്കും.

ഹോർമൂസിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകള്‍ക്കും വന്‍തുക ടോള്‍ ഈടാക്കാനാണ് ഇറാന്‍റെ തീരുമാനം. എന്നാല്‍ നിലവില്‍ ടോള്‍ പിരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇറാനുള്ളത്, ഇതോടെ യുദ്ധത്തില്‍ തകർന്ന സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ ടെഹ്റാന്‍ നടത്തുന്ന നീക്കങ്ങള്‍ തിരിച്ചടിയേറ്റിട്ടുണ്ട്. ഉപരോധംമൂലം ഒരു ദിവസം 50 കോടിയോളം രൂപയുടെ നഷ്ടം ഇറാന് സംഭവിക്കുന്നുണ്ടെന്ന പരാമര്‍ശങ്ങള്‍ നേരത്തെ ട്രംപ് ഉന്നയിച്ചിരുന്നു. എന്നാല്‍ കപ്പലുകള്‍ പിടിച്ചെടുത്തതുവഴി, ഹോര്‍മൂസ് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന സന്ദേശങ്ങളാണ് ഇറാന്‍ യുഎസിന് നല്‍കുന്നത്. ഇനിയൊരു സമാധാന ചര്‍ച്ചക്ക് തയ്യാറാവില്ലെന്നാണ് ഇറാന്റെ നിലപാട്.

ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ വീണ്ടും നടത്തുമെന്ന അമേരിക്കയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപ് വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയത്. സമാധാന ചര്‍ച്ചകള്‍ക്കായി ജെ ഡി വാന്‍സ് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ടന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് ഇറാന്‍ സ്വീകരിച്ചത്. ഇറാന്‍ കപ്പലുകള്‍ക്കുനേരെ യുഎസ് വെടിയുതിര്‍ത്തതിനെ നിയമലംഘനമായാണ് ടെഹ്റാന്‍ വിശേഷിപ്പിച്ചത്. ഈ സംഭവം സമാധാന ചര്‍ച്ചകളിലെ ഇറാന്റെ പങ്കാളിത്തത്തെയും ബാധിച്ചിരുന്നു.

ഹോർമൂസില്‍ അനുമതിയില്ലാതെ പ്രവേശിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇറാന്‍ കപ്പലുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. നിയന്ത്രണരേഖ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും ടെഹ്റാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എപ്പാമിനോന്‍ഡാസ്, എംഎസ്‌സി ഫ്രാന്‍സെസ്‌ക, യൂഫോറിയ തുടങ്ങിയ കപ്പലുകളാണ് ഇറാന്‍ തീരങ്ങളില്‍നിന്നും പിടിച്ചെടുത്തത്. ഇവയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമായി നടക്കുന്നുണ്ട്. വന്‍തുക ടോള്‍ നല്‍കിയാല്‍ മാത്രമാവും കപ്പലുകള്‍ കടലിടുക്ക് കടക്കുകയുള്ളുവെന്നാണ് സൂചന.

English summary: Iran has seized three foreign ships in the Strait of Hormuz, increasing pressure on the US after a ceasefire extension. The move signals rising tensions and impacts global trade routes.