

യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് ഇറാന്റെ യുദ്ധക്കപ്പൽ ഐആർഐഎസ് ദേന അമേരിക്ക ആക്രമിച്ചതെന്നും തങ്ങളെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും തകർന്ന കപ്പലിൽനിന്നു രക്ഷപ്പെട്ട നാവികന്റെ വെളിപ്പെടുത്തൽ. ദേന അതിലെ നാവികർക്ക് ഇറാന്റെ മണ്ണ് പോലെ തന്നെയായിരുന്നുവെന്നും അവസാനം വരെ തങ്ങൾ അചഞ്ചലമായി നിലകൊണ്ടുവെന്നും പരുക്കേറ്റ നാവികൻ ഹമിദ് മൊമെനെ പറഞ്ഞു.
മാർച്ച് നാലിന് ശ്രീലങ്കൻ തീരത്തിനു സമീപമാണ് ദേനയെ യുഎസ് നാവികസേന ആക്രമിച്ചു മുക്കിയത്. സംയുക്ത നാവികാഭ്യാസം കഴിഞ്ഞ് ഇന്ത്യയിൽനിന്ന് ഇറാനിലേക്കു മടങ്ങുകയായിരുന്നു കപ്പൽ. യു എസ് അന്തർവാഹിനി ടോർപിഡോ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 104 നാവികർ കൊല്ലപ്പെട്ടിരുന്നു.
''തങ്ങളെ കൊല്ലുക തന്നെയായിരുന്നു യു എസ് ലക്ഷ്യം. മുന്നറിയിപ്പില്ലാതെയാണ് യു എസ് അന്തർവാഹിനി ആക്രമിച്ചത്. അന്താരാഷ്ട്ര സമുദ്രനിയമങ്ങളുടെ ലംഘനമാണ് യുഎസ് ആക്രമണം. ആക്രമിക്കപ്പെട്ട സ്ഥലം യുദ്ധമേഖലയായിരുന്നില്ല. ആദ്യ ടോർപ്പിഡോ കപ്പലിൽ വന്നിടിച്ചപ്പോൾ, നാവികരെല്ലാം അവരവരുടെ പോസ്റ്റുകളിലായിരുന്നു. ആദ്യ ആക്രമണത്തിൽ ആളപായമൊന്നുമുണ്ടായിരുന്നില്ല. ആരും കപ്പലിൽനിന്ന് പുറത്തുപോവാൻ തയാറായില്ല. എല്ലാവരും അവസാനം വരെ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു," നാവികൻ തസ്നിം ന്യൂസിനോട് പറഞ്ഞു. ഇതിന്റെ വീഡിയോ ഇന്ത്യയിലെ ഇറാനിയൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ചു.
മാർച്ച് നാലിനു പുലർച്ചെ മൂന്നിനും 3.30നും ഇടയിലാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പലിന് കേടുപാടുകൾ വരുത്തുക മാത്രമായിരുന്നു യുഎസ് നാവികസേനയുടെ ലക്ഷ്യമെങ്കിൽ, അവർക്ക് മറ്റു ഭാഗങ്ങൾ ലക്ഷ്യം വയ്ക്കാമായിരുന്നു. അവരുടെ ലക്ഷ്യം ഞങ്ങളെ കൊല്ലുകയെന്നതു തന്നെയായിരുന്നു. അവസാനനിമിഷം വരെ ഞങ്ങൾ അചഞ്ചമായി നിലകൊണ്ടു. ഉറച്ചുനിന്നു. ദേന ഞങ്ങൾക്ക് ഇറാന്റെ മണ്ണ് പോലെയായിരുന്നു, അതു വിട്ടുപോകുന്നതിൽ അർത്ഥമില്ല. രാത്രി 11 വരെ സൈന്യം കപ്പലിനൊപ്പം തുടർന്നു. അതിനുശേഷം കുറച്ചുനേരം നീന്തി ശ്രീലങ്കയുടെ തീരത്തിനടുത്തുള്ള പ്രദേശങ്ങളിലേക്ക് എത്തുകയായിരുന്നു," നാവികൻ കൂട്ടിച്ചേർത്തു.
ഇന്ത്യ ആതിഥേയത്വം വഹിച്ച ബഹുരാഷ്ട്ര നാവികാഭ്യാസമായ മിലാനിൽ പങ്കെടുത്ത ശേഷം അന്താരാഷ്ട്ര ജലപാതയിലൂടെ മടങ്ങുമ്പോഴാണ് ഐആർഐഎസ് ദേന ആക്രമിക്കപ്പെട്ടത്. ശ്രീലങ്കൻ തീരത്തുനിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ ഗാലെയ്ക്ക് സമീപമായിരുന്നു സംഭവം. എംകെ-48 ടോർപ്പിഡോ ഉപയോഗിച്ചായിരുന്നു യുഎസ് നാവികസേനയുടെ ആക്രമണം. 104 നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ 87 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി.
English Summary: Iranian Navy warship IRIS Dena was reportedly sunk in the Indian Ocean near Sri Lanka following an alleged US submarine-launched MK-48 torpedo attack. Survivor Hamid Momenah says there was no warning and claims the attack targeted crew members.