ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള നിബന്ധനകൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിൽ ആശ്ചര്യമോ നിരാശയോ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല ഇറാൻ. ഇറാന്റെ അവസാന അടവാണിതെന്നും തീരുമാനം മാറ്റില്ലെന്നും ട്രംപ് പറഞ്ഞിട്ടും ഇറാൻ കണക്കിലെടുക്കാൻ കൂട്ടാക്കിയതുമില്ല. ട്രംപ് നിലപാടുകളിങ്ങനെ മാറ്റിക്കൊണ്ടിരിക്കുമെന്നും അതുകൊണ്ടു തന്നെ തങ്ങൾ ഇത് അവസാനവാക്കായി കണക്കാക്കുന്നില്ലെന്നുമായിരുന്നു വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം. ഇപ്പോഴിതാ, അരാഗ്ചിയുടെ വാക്കുകൾ അന്വർഥമാക്കുന്ന കാര്യങ്ങളാണ് പശ്ചിമേഷ്യൻ വിഷയത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
അബ്ബാസ് അരാഗ്ചി ന്യൂയോർക്കിൽ ഖത്തർ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഏറ്റവും പുതിയ റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നിർദേശം സംബന്ധിച്ചായിരുന്നു ചർച്ച. അതേസമയം, ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച വിഷയത്തിൽ ധാരണയിലെത്താതെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉണ്ടാകില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തർ, പാകിസ്താൻ എന്നീ മധ്യസ്ഥ രാജ്യങ്ങൾ വഴിയുള്ള സന്ദേശ കൈമാറ്റങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകളെ യുഎസ് വിശേഷിപ്പിക്കുന്നത്.
മുന്നോട്ട് വച്ച നിബന്ധനകളിൽ, മരവിപ്പിച്ച ഫണ്ടുകൾ വിട്ടയയ്ക്കാനും ഉപരോധങ്ങൾ നീക്കാനും ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം അവസാനിപ്പിക്കാനും ഇറാൻ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നും, ഏഴാം ദിവസത്തോടെ കടലിടുക്ക് വീണ്ടും തുറക്കാനും ഇറാന്റെ ആണവപദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ കരാറിലെത്താനുള്ള ചർച്ചകൾ ആരംഭിക്കാനും ഇതിലൂടെ സാധിക്കുമെന്നുമായിരുന്നു ആവശ്യം. എന്നാലിതിൽ പരോക്ഷ ചർച്ചകൾ തുടരുകയാണെന്നാണ് അൽ ജസീറയോട് സംസാരിച്ച യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് ധാരണയാകാതെ യാതൊരു കരാറും ഉണ്ടാകില്ലെന്ന് യുഎസ് ആവർത്തിക്കുന്നുണ്ട്. ആണവ വിഷയങ്ങളിൽ പുരോഗതിയുണ്ടാകുന്നതിന് പകരം ഉപരോധങ്ങൾ നീക്കാനും ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുകൊടുക്കാനും ട്രംപ് തയ്യാറാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, വാണിജ്യ കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടത്തി, ജനുവരിയിൽ ഒപ്പിട്ട ധാരണാപത്രം ഇറാൻ ലംഘിച്ചുവെന്നാണ് യു.എസ് ആരോപണം. എന്നാൽ ഈ ആരോപണം തള്ളിക്കളഞ്ഞ ടെഹ്‌റാൻ, ലെബനന് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിലൂടെയും ഹോർമുസ് കടലിടുക്കിലൂടെ ബദൽ കപ്പൽ ഗതാഗത പാതകൾ സ്ഥാപിക്കാൻ ശ്രമിച്ചതിലൂടെയും തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിച്ചത് യുഎസ് ആണെന്ന് വ്യക്തമാക്കി
ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, യുദ്ധത്തിന് മുമ്പ് ലോകത്തിലെ എണ്ണ, ഗ്യാസ് വിതരണത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്തിരുന്ന കടലിടുക്ക് ഇറാൻ അടച്ചിടുകയായിരുന്നു. അതിനുശേഷം കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ കപ്പൽ ഗതാഗതത്തെ സാരമായി ബാധിക്കുകയും എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരുകയും ചെയ്തു.
ചില കപ്പലുകൾ ഒമാൻ തീരത്തോട് ചേർന്ന് യുഎസ് സൈന്യത്തിന്റെ മേൽനോട്ടത്തിലുള്ള പാതയാണ് ഉപയോഗിക്കുന്നത്. രാത്രികാലങ്ങളിൽ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്ത് യാത്ര ചെയ്യുന്ന ഇവർ കടലിടുക്കിന് പുറത്തുവെച്ച് ടാങ്കറുകളിലേക്ക് എണ്ണ മാറ്റുകയാണ് ചെയ്യുക. കഴിഞ്ഞ മാസങ്ങളിൽ 2,000 കപ്പൽ യാത്രകൾക്കും 1 ശതകോടിയിലധികം ബാരൽ എണ്ണ കടത്തിവിടുന്നതിനും അമേരിക്കൻ സേന സഹായം നൽകിയതായി യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ ശനിയാഴ്ച പറഞ്ഞു.
ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധവും ഇറാനിയൻ എയർലൈനുകളുമായി ബിസിനസ്സ് നടത്തുന്ന വിമാനത്താവളങ്ങൾക്കും കമ്പനികൾക്കുമെതിരെ സെക്കൻഡറി ഉപരോധവും ഏർപ്പെടുത്തുമെന്ന് യു.എസ് ഭീഷണിപ്പെടുത്തുന്നുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാഖ്, ഒമാൻ എന്നീ രാജ്യങ്ങൾ ഇതിനകം തന്നെ ബന്ധപ്പെട്ട വിമാന സർവീസുകൾ റദ്ദാക്കിക്കഴിഞ്ഞു.
Iran showed neither surprise nor disappointment after US President Donald Trump rejected its conditions for reopening the Strait of Hormuz. Even after Trump said the proposal was Iran’s final move and that he would not change his decision, Iran refused to take the statement into consideration.
Foreign Minister Abbas Araghchi had said that Trump could keep changing his positions and therefore Iran did not consider his statement to be the final word. Now, developments unfolding over the West Asia issue appear to be proving Araghchi’s remarks right.