ഇറാൻ തങ്ങളുടെ സമ്പുഷ്ട യുറേനിയം കൈമാറാൻ സമ്മതിച്ചിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും ഒരു സമാധാന കരാറിന് സമീപമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വിജയകരമായിരുന്നുവെന്നും കരാർ യാഥാർഥ്യമായാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കപ്പെടുമെന്നും സാഹചര്യം സാധാരണ നിലയിലാകെന്നും ട്രംപ് പറഞ്ഞു. ഇസ്ലാമാബാദിൽ കരാർ ഒപ്പുവെക്കുന്ന സാഹചര്യത്തിൽ താൻ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കഴിഞ്ഞ വാരാന്ത്യത്തിൽ ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു. അന്ന് സമ്പുഷ്ട യുറേനിയത്തിന്റെ അവകാശം ഉപേക്ഷിക്കാൻ ടെഹ്‌റാൻ വിസമ്മതിച്ചിരുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 20 വർഷത്തേക്ക് മരവിപ്പിക്കണമെന്നായിരുന്നു യുഎസിന്റെ നിർദേശം. എന്നാൽ ഇത് അഞ്ച് വർഷത്തേക്ക് മാത്രമേ നടപ്പിലാക്കാനാകൂ എന്ന് ഇറാൻ വ്യക്തമാക്കിയതായി ന്യൂയോർക്ക് ടൈംസും വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിരുന്നു.
മുന്‍പ് യുറേനിയം സമ്പുഷ്ടീകരണം അഞ്ച് വർഷത്തേക്ക് നിർത്തിവയ്ക്കാമെന്ന നിർദേശം ഇറാൻ മുന്നോട്ടുവച്ചിരുന്നുവെങ്കിലും ട്രംപ് ഭരണകൂടം അത് അംഗീകരിച്ചിരുന്നില്ല. ആണവായുധ ശേഷി വികസിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ, ഇറാൻ ആഭ്യന്തര സമ്പുഷ്ടീകരണം പൂർണമായും അവസാനിപ്പിക്കണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്.
ഇതിനിടെ, ഇസ്രയേൽ–ലെബ്നൻ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ സമാധാനത്തിന് ആഹ്വാനം ചെയ്ത് ട്രംപ് രംഗത്തെത്തി. ഈ ഘട്ടത്തിൽ ഹെസ്ബൊള്ള ഉത്തരവാദിത്വത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇനി കൂടുതൽ രക്തക്കറകൾ വേണ്ടെന്നും സമാധാനമാണ് മുൻഗണനയെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പ്രതികരിച്ചു.
ഇറാൻ ആണവായുധം നിർമ്മിക്കുന്ന സാഹചര്യം ലോകത്തിനാകെ ഭീഷണിയാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ലോക പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായപ്പെടാനുള്ള അവകാശം മാർപ്പാപ്പയ്ക്കുണ്ടെങ്കിലും യാഥാർഥ്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. മാർപ്പാപ്പയുമായി വ്യക്തിപരമായ വൈരമൊന്നുമില്ലെന്നും വാക്പോരിന് താൽപര്യമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
English Summary: