ഹിസ്ബുള്ള സെക്രട്ടറി ജനറൽ നയീം ഖസീമിന്റെ മരുമകനും പേഴ്സണൽ സെക്രട്ടറിയുമായ അലി യൂസഫ് ഹര്‍ഷിയെ വധിച്ചതായി അവകാശപ്പെട്ട് ഇസ്രയേല്‍. ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കഴിഞ്ഞ രാത്രി നടന്ന വ്യോമാക്രമണത്തിലാണ് അലി യൂസഫ് ഹര്‍ഷി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ പ്രതിരോധസേനയായ ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചത്.
ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ദഹിയെക്കു പുറത്തുള്ള ടാലെറ്റ് ഖയാത്ത് പരിസരത്ത് അലി യൂസഫ് ഹർഷിയെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ബഹുനില കെട്ടിടം ഭാഗികമായി തകർന്നതായി ദൃശ്യങ്ങൾ ഐഡിഎഫ് പുറത്തുവിട്ടു. നയീം ഖസീമിന്റെ ഓഫീസും സുരക്ഷയും കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നയാളാണ് അലി യൂസഫ് ഹർഷി.
ലിതാനി നദിയുടെ തെക്കുഭാഗത്തേക്ക് ആയുധങ്ങൾ നീക്കാൻ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന രണ്ട് പ്രധാന ക്രോസിങ്ങുകളും തെക്കൻ ലെബനനിലെ പത്തോളം 10 ആയുധ സംഭരണ കേന്ദ്രങ്ങളും ലോഞ്ചറുകളും കമാൻഡ് സെന്ററുകളും ആക്രമിച്ചതായും ഐഡിഎഫ് അവകാശപ്പെട്ടു.
ലെബനനില്‍ കഴിഞ്ഞമാസം ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ 250ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. യുഎസ്-ഇറാന്‍ സമാധാന സന്ധി ലംഘിച്ച ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തതായി ഹിസ്‌ബുള്ള വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ, സമാധാനക്കരാറിന് ഇറാൻ തയ്യാറായില്ലെങ്കില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളും വ്യോമസേനയും ആക്രമണം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. യുദ്ധത്തിനായി എപ്പോഴും സജ്ജമാണെന്നും തങ്ങളുടെ വിരലുകള്‍ തോക്കിന്റെ ട്രിഗറിൽ തന്നെയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞു.
ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യുന്നതിനായി അവർക്കൊപ്പം ചേർന്ന് പ്രവര്‍ത്തിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ല. ഇറാനുമായി നേരിട്ടുള്ള ചര്‍ച്ചയിലേക്കു കടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കന്‍ പ്രതിനിധിയായി വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇസ്ലാമാബാദ് സന്ദർശിക്കുമെന്ന് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് അറിയിച്ചു.
ഫെബ്രുവരി 28 ന് ആരംഭിച്ച അമേരിക്കയും ഇസ്രയേലും ചേർന്ന് ആരംഭിച്ച യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പൗരന്‍മാരുടെ എണ്ണം ഇതിനോടകം 3000 കവിഞ്ഞു.
English Summary: Israel killed a close aide of Hezbollah leader Naim Qassem in Beirut. Meanwhile, Donald Trump warned that attacks on Iran would continue if no agreement is reached, raising tensions in the region.