അമേരിക്കയുമായുള്ള സമാധാന കരാറില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ഇറാന്‍ പ്രതിനിധി സംഘം ഖത്തറില്‍ സന്ദര്‍ശനം നടത്തവെയാണ് ദക്ഷിണ ഇറാനില്‍ യുഎസ് ആക്രമണം നടത്തിയത്. സ്വയം പ്രതിരോധമായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു അമേരിക്കന്‍ സൈന്യത്തിന്റെ വാദം. ഇറാനുമായുള്ള കരാറിന് അന്തിമരൂപമാകുന്നുവെന്നറിയിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പിന്നീട് തിടുക്കപ്പെട്ട് കരാറുണ്ടാക്കേണ്ടെന്ന് പ്രതിനിധികളോട് നിര്‍ദേശിച്ചിരുന്നു. ഇതിനു ശേഷമാണ് ഇറാനിലെ യുഎസ് സൈന്യത്തിന്റെ ആക്രമണം. ഇറാന്‍ സമാധാന കരാര്‍ അംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായെലിനോടും ട്രംപ് നിര്‍ദേശിച്ചിരുന്നു. അതിനുള്ള മറുപടി ഇസ്രായേല്‍ നല്‍കിയത് ഗാസയിലും ലബനനിലും ബോംബിട്ടാണ്.
ഗാസ മുനമ്പിലുണ്ടായ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക വിഭാഗം കമാന്‍ഡര്‍ മുഹമ്മദ് ഒദെഹ് കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ ഏറ്റവും തിരക്കേറിയ മാര്‍ക്കറ്റ് പ്രദേശങ്ങളിലൊന്നിലെ ജനവാസ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കുറഞ്ഞത് മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മെഡിക്കല്‍ ഉദ്യോഗസ്ഥരും ദൃക്സാക്ഷികളും അറിയിച്ചു.
മുഹമ്മദ് ഒദെഹിന്റെ നീക്കങ്ങള്‍ മാസങ്ങളായി നിരീക്ഷിച്ച ശേഷമാണ് അദ്ദേഹം ഒളിച്ചിരുന്ന കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യവും ഷിന്‍ ബെറ്റ് സുരക്ഷാ ഏജന്‍സിയും വ്യക്തമാക്കി. ഹമാസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ലെങ്കിലും, ഒദെഹും ഭാര്യയും മകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഹമാസ് വൃത്തങ്ങളും ബന്ധുക്കളും സ്ഥിരീകരിച്ചു.
ബക്രീദിന് മുന്നോടിയായി ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ തെരുവുകളില്‍ തടിച്ചുകൂടിയ സമയത്താണ് ആക്രമണം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയെങ്കിലും, കെട്ടിടത്തിനുണ്ടായ കനത്ത നാശനഷ്ടങ്ങളും പ്രദേശത്തെ തിരക്കും കാരണം മുകളിലത്തെ നിലകളിലേക്ക് എത്തുന്നതില്‍ അവര്‍ ബുദ്ധിമുട്ടി. വ്യത്യസ്ത ദിശകളില്‍ നിന്ന് ഒരേസമയം അഞ്ച് മിസൈലുകളെങ്കിലും കെട്ടിടത്തില്‍ പതിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന് തൊട്ടുമുമ്പ് ഹെലികോപ്റ്റര്‍ മുകളില്‍ പറക്കുന്ന ശബ്ദം കേട്ടതായി ഒരു പ്രദേശവാസി വ്യക്തമാക്കി.
ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണം
തെക്കന്‍, കിഴക്കന്‍ ലെബനനിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 31 പേരെങ്കിലും കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ പകുതിയോടെ അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തലിന് ശേഷമുണ്ടായ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിലൊന്നായിരുന്നു ഇത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
തെക്കന്‍ ലെബനനിലെ മഷ്ഗര, ബുര്‍ജ് അല്‍-ഷമാലി തുടങ്ങിയ ഗ്രാമങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും വ്യോമാക്രമണങ്ങള്‍ നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള, ഏകദേശം 900 വര്‍ഷം പഴക്കമുള്ള ബോഫോര്‍ട്ട് കോട്ടയ്ക്ക് സമീപവും ചില ആക്രമണങ്ങള്‍ ഉണ്ടായതായി ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. ഫൈബര്‍-ഓപ്റ്റിക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെ, ഹിസ്ബുള്ള നടത്തുന്ന പ്രകോപനങ്ങള്‍ക്ക് മറുപടിയായി സൈനിക നടപടികള്‍ ശക്തമാക്കാന്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കിയിരുന്നു.
ഈ നിര്‍ദേശം ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ വലിയ പരിഭ്രാന്തി പരത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച കുടുംബങ്ങളുടെ വാഹനങ്ങള്‍ കാരണം തെരുവുകളില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. തലസ്ഥാന നഗരിയെ ബാധിച്ചില്ലെങ്കിലും ഏകദേശം 50 ഓളം സ്ഥലങ്ങളിലായി ഡസന്‍ കണക്കിന് ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. തെക്കന്‍ നഗരമായ അറബ് സലീമില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടതായും കൗതരിയറ്റ് എല്‍ റെസ് ഗ്രാമത്തില്‍ മറ്റ് രണ്ട് പേര്‍ കൊല്ലപ്പെട്ടതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മഷ്ഗരയില്‍ നിരവധി വീടുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇവിടെ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉള്‍പ്പെടെ 11 പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാഷ്ട്രീയ പ്രതിസന്ധിയും വെടിനിര്‍ത്തല്‍ ലംഘനങ്ങളും
ഇരുവിഭാഗവും വെടിനിര്‍ത്തല്‍ കരാര്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നത് യുഎസ്, ഇസ്രായേല്‍, ഇറാന്‍ എന്നിവര്‍ക്കിടയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി നടക്കുന്ന സങ്കീര്‍ണ്ണമായ ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒക്ടോബര്‍ 10-ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതു മുതല്‍ ഇസ്രായേല്‍ ഗാസയിലുടനീളം പതിവായി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നതായും സിവിലിയന്മാരെ ആക്രമിക്കുന്നതായും ഹമാസ് ആവര്‍ത്തിച്ച് കുറ്റപ്പെടുത്തി. വെടിനിര്‍ത്തല്‍ കാലയളവില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 900-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഹമാസ് അംഗങ്ങളെ ലക്ഷ്യമിടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഇസ്രായേല്‍ സര്‍ക്കാരിന്റെ വാദം. നിരായുധരാകുന്നതില്‍ പരാജയപ്പെട്ടതിലൂടെ ഹമാസാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് ഇസ്രായേല്‍ തിരിച്ചും കുറ്റപ്പെടുത്തുന്നു.
ഹിസ്ബുള്ളയുടെ തീവ്രവാദ കേന്ദ്രങ്ങളിലാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. കൂടാതെ തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന തൊണ്ണൂറിലധികം ആയുധ സംഭരണശാലകളും നിരീക്ഷണ കേന്ദ്രങ്ങളും തകര്‍ത്തതായും സൈന്യം അറിയിച്ചു. ഏപ്രില്‍ 17-ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹിസ്ബുള്ള ലംഘിച്ചതായി ആരോപിച്ച് ഇസ്രായേല്‍ സൈന്യം ലെബനനില്‍ ഉടനീളം പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുടെ തുടര്‍ച്ചയായ ലംഘനങ്ങള്‍ കാരണം സൈനിക നടപടി സ്വീകരിക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ വക്താവ് കേണല്‍ അവിചായ് അദ്രായി പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിന് മറുപടിയായാണ് തങ്ങള്‍ ഇസ്രായേലിലെ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ഹിസ്ബുള്ളയുടെ വാദം.
അതേസമയം, ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രായേലും ഇറാനുമായി യുദ്ധം ആരംഭിച്ചതോടെ, ഗാസയ്ക്കായുള്ള യുഎസ് നേതൃത്വത്തിലുള്ള സമാധാന പദ്ധതിയുടെ പിന്നീടുള്ള ഘട്ടങ്ങള്‍ ഇതുവരെ നടപ്പാലായിട്ടില്ല. ഗാസയുടെ ഭരണം ഒരു താല്‍ക്കാലിക സാങ്കേതിക സമിതിക്ക് കൈമാറുന്നതിനൊപ്പം പ്രദേശത്തിന്റെ നിരായുധീകരണവും പുനര്‍നിര്‍മ്മാണവും ഉള്‍പ്പെടുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ജനുവരിയിലാണ് യുഎസ് പ്രഖ്യാപിച്ചത്. എന്നാല്‍ നിരായുധീകരണ ചര്‍ച്ചകള്‍ ഇപ്പോഴും സ്തംഭനാവസ്ഥയിലാണ്. അതിനിടയില്‍ ഹമാസ് തങ്ങളുടെ പോലീസ് സേനയെ വീണ്ടും സജീവമാക്കുകയും അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
English Summary: Tensions in the Middle East have escalated following reports that former US President Donald Trump stepped back from a proposed peace initiative. At the same time, Israel intensified military operations in both Gaza and Lebanon amid ongoing regional security concerns. Reports also indicate that a senior Hamas military commander was killed during the latest developments, adding to fears of a broader regional escalation.