International

ബോംബുകൾക്ക് മുന്നിൽ പലസ്‌തീൻ പൗരന്മാരെ മനുഷ്യകവചമാക്കി; 16 വയസ്സുകാരനെയും ബലിയാടാക്കിയതായി ഇസ്രായേൽ സൈനികരുടെ വെളിപ്പെടുത്തൽ

യുവാക്കളെയാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു

Madism Desk

​ഗസയിൽ സൈനിക നീക്കങ്ങൾക്കായി പലസ്തീൻ പൗരൻമാരെ മനുഷ്യകവചമായി ഉപയോ​ഗിച്ചെന്ന വെളിപ്പെടുത്തലുമായി ഇസ്രായേൽ സൈനികർ. ഭയന്നുവിറച്ച 16 വയസ്സുകാരൻ ഉൾപ്പെടെയുള്ള നിരായുധരായ സാധാരണക്കാരെ കൈവിലങ്ങണിയിച്ച് സൈനികർക്ക് മുന്നിൽ നടത്തിച്ച്, കെട്ടിടങ്ങളിലും തുരങ്കങ്ങളിലും സ്ഫോടകവസ്തുക്കളും പോരാളികളും ഉണ്ടോയെന്ന് പരിശോധിച്ചിരുന്നതായാണ് വിവരം. ഇസ്രായേൽ പൊതു ചാനലായ 'കാൻ' സംപ്രേഷണം ചെയ്ത അന്വേഷണാത്മക റിപ്പോർട്ടിലാണ് സൈനികരുടെ വെളിപ്പെടുത്തലുകൾ.

'മൊസ്കിറ്റോ പ്രോട്ടോക്കോൾ' എന്ന പേരിലാണ് ഈ സൈനിക നടപടികൾ അറിയപ്പെട്ടിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സൈനികർക്ക് മുന്നിൽ സാധാരണക്കാരെ അയച്ച് അപകടസാധ്യത പരിശോധിക്കുന്ന ഈ രീതിയാണിത്. പലസ്തീൻ പൗരന്മാരെ കൈകൾ പിന്നിൽ കെട്ടി കെട്ടിടങ്ങളിലും തുരങ്കങ്ങളിലും പരിശോധന നടത്താൻ നിർബന്ധിക്കുകയാണ് സൈന്യം ചെയ്യുന്നത്. കെട്ടിടങ്ങൾക്ക് അകത്തേക്ക് സൈന്യം പ്രവേശിക്കുന്നതിന് മുൻപ് മനുഷ്യ കവചമാക്കി പലസ്തീനികളെ കടത്തി വിടുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചെക്ക്‌പോസ്റ്റുകളിലും മറ്റും വെച്ച് പിടികൂടുന്ന പലസ്തീൻ പൗരന്മാരെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

സ്ഫോടകവസ്തുക്കൾ ഉണ്ടെങ്കിൽ അതിൽ നിന്ന് സൈന്യത്തിന് രക്ഷപ്പെടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കാനിന്റെ റിപ്പോർട്ടിൽ സൈനികർ വെളിപ്പെടുത്തി. "സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാൽ അത് സൈനികരുടെ ജീവനെടുക്കാതെ തടവുകാരുടെ മേൽ പതിക്കാനാണ് ഇവരെ ഉപയോഗിച്ചത്. ശത്രുരാജ്യത്തെ പൗരന്മാരേക്കാൾ എനിക്ക് പ്രിയപ്പെട്ടത് ഇസ്രായേൽ സൈനികരാണ്,"- മുഖം മറച്ച് വ്യാജപേരിൽ സംസാരിച്ച ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

മനുഷ്യകവചമായി ഉപയോ​ഗിക്കപ്പെട്ട പതിനാറുകാരൻ ഭയന്ന് കരയുന്നുണ്ടായിരുന്നെന്നും അവരെ മർദ്ദിക്കരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർ നിർദേശിച്ചിരുന്നതായും സൈനികർ പറഞ്ഞു. "അവരിൽ ഒരാൾ പേടിച്ചുവിറയ്ക്കുന്ന 16 വയസ്സുകാരനായിരുന്നു. രണ്ടുപേരുടെയും കൈകൾ പിന്നിലേക്ക് കെട്ടി വിലങ്ങണിയിച്ചിരുന്നു. ഓരോ തവണയും കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അവരുടെ കണ്ണിലെ പ്ലാസ്റ്റിക് മൂടി നീക്കുമെങ്കിലും കൈവിലങ്ങ് അഴിച്ചിരുന്നില്ല," റോൺ എന്ന പേരിൽ പരിചയപ്പെടുത്തിയ ഒരു ഇൻഫൻട്രി സൈനികൻ വെളിപ്പെടുത്തി. ഈ അനുഭവം തനിക്ക് പോലും ഭയാനകമായിരുന്നുവെന്നും, തടവുകാർക്ക് അത് എത്രത്തോളം പേടിപ്പെടുത്തുന്നതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

2025 ജൂണിൽ ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ടിലും പലസ്തീനികളെ മനുഷ്യകവചമാക്കി ഉപയോ​ഗിച്ചതായി പറയുന്നുണ്ട്. ഗസയിൽ 22 പേരും വെസ്റ്റ് ബാങ്കിൽ അഞ്ചുപേരുമടക്കം 27 പലസ്തീനികളെ ഇസ്രായേൽ സൈന്യം ഉപയോ​ഗിച്ചതായി സ്ഥിരീകരിച്ചെന്നായിരുന്നു യുഎൻ റിപ്പോർട്ട്.

നായകൾക്ക് പകരം മനുഷ്യകവചങ്ങൾ

മുഖം സ്കാൻ ചെയ്യുന്ന ഉപകരണം ഉപയോ​ഗിച്ച് ​ഗസയിലെ സായുധ സംഘങ്ങളുമായി ബന്ധമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് തടവുകാരെ തെരഞ്ഞെടുത്തിരുന്നതെന്ന് മറ്റൊരു സൈനികൻ വെളിപ്പെടുത്തി. 20നും 30നും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു ഘട്ടത്തിൽ സൈനികർക്ക് സഹായത്തിനായി നായകൾക്ക് പകരം നൽകിയത് പലസ്തീനികളെയാണെന്നും ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി. ചിലർ നടപടിയെ ന്യായീകരിച്ചതിനൊപ്പം മറ്റൊരു വിഭാ​ഗം ഇത്തരം കാഴ്ചകൾ ഏറെ പ്രയാസപ്പെടുത്തിയെന്നും എന്നാൽ അവ യുദ്ധസമയത്ത് സാധാരണയാണെന്നും പറഞ്ഞു.

ഇസ്രായേൽ സൈന്യത്തിനെതിരെ ഇത്തരം ആരോപണങ്ങൾ നേരത്തെയും ഉയർന്നിട്ടുണ്ട്. ​ഗസയിലെ യുദ്ധത്തിനിടെ ഇത്തരം നടപടികൾ വർധിച്ചുവെന്നാണ് റിപ്പോർട്ട്. അതിനിടെ, മനുഷ്യകവചമായി പൗരന്മാരെ ഉപയോ​ഗിക്കുന്നത് നിരോധിച്ചതാണെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്. ആരോപണമുയർന്ന സൈനികർക്കെതിരെ അന്വേഷണം ആരംഭിച്ചതായും സൈന്യം അറിയിച്ചു. എന്നാൽ ഇത്തരം വാർത്തകൾ വ്യാജമാമെന്നും ചില നേതാക്കൾ വാദിക്കുന്നുണ്ട്.

Israeli soldiers have revealed that Palestinian civilians, including a 16-year-old boy, were handcuffed and used as human shields in Gaza to search buildings and tunnels for explosives and fighters. Soldiers described the practice as the “Mosquito Protocol.” The revelations emerged in an investigative report by Israeli public broadcaster Kan, renewing concerns over alleged abuses by the Israeli military.