2022 നവംബറില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനൊപ്പം മനോഹരമായി വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രം പുറത്തുവന്നു, അദ്ദേഹത്തിന്റെ മകള്‍ കിം ജു എ ആയിരുന്നു അത്. കൂറ്റന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് മുന്നിലൂടെ കറുത്ത പാന്റും വെളുത്ത പാഡഡ് ജാക്കറ്റും ധരിച്ച് മുടി പിന്നിലേക്ക് കെട്ടിവെച്ച് സ്‌റ്റൈല്‍ ചെയ്ത് പിതാവിനൊപ്പം നടന്നുനീങ്ങുന്ന കിം ജു എ.
രാജ്യത്തിന്റെ ഔദ്യോഗിക പ്രചാരണ സംവിധാനത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുമ്പോള്‍ ജു എയുടെ പ്രായം ഒന്‍പത് വയസ്സായിരുന്നു എന്നാണ് പറയപ്പെടുന്നത്. അന്ന് തന്നെ ലോകത്തെ ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു ജു എയുടെ വേഷവിധാനം. അതിനുശേഷം അവരുടെ ഹെയര്‍സ്‌റ്റൈലുകളും വസ്ത്രധാരണം കൂടുതല്‍ ഗാംഭീര്യമുള്ളതും ആധുനികവുമായി മാറി.
വളരെ ചെറിയ പ്രായത്തില്‍ തന്നെ ജു എയ്ക്ക് ലഭിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത്, കിം ജോങ് ഉന്‍ മകളെ തന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തുവെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. ഇപ്പോള്‍ 13 വയസ്സുള്ള ജു എ മിസൈല്‍ വിക്ഷേപണങ്ങളിലും സൈനിക പരേഡുകളിലും പിതാവിനൊപ്പം നില്‍ക്കുന്നതും വിദേശയാത്രകളില്‍ അദ്ദേഹത്തെ അനുഗമിക്കുന്നതുമായ ചിത്രങ്ങള്‍ കൂടുതലായി പുറത്തുവരുന്നുണ്ട്.
ജു എയുടെ ഫാഷന്‍ തെരഞ്ഞെടുപ്പ് രാജ്യത്തെ നയിക്കാന്‍ പ്രാപ്തയാക്കുന്നതിന്റെ സൂചനകളാണെന്നാണ് ചില വിശകലന വിദഗ്ധര്‍ കരുതുന്നത്. ലെതര്‍ ജാക്കറ്റുകളും രോമക്കുപ്പായങ്ങളും ഹെയര്‍ സ്‌റ്റൈലും അതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഗവണ്‍മെന്റിന്റെ പ്രൊപ്പഗണ്ട ആന്‍ഡ് അജിറ്റേഷന്‍ വിഭാഗമാണ് ജു എയുടെ വസ്ത്രങ്ങള്‍ മിക്കവാറും നിശ്ചയിക്കുന്നത്. ഭാവി ഭരണാധികാരിയെന്ന നിലയില്‍ പ്രായം ഒരു പോരായ്മയായി കണക്കാക്കാന്‍ സാധ്യതയുള്ളതിനാലാണ് യഥാര്‍ത്ഥ പ്രായം മറച്ചുവെച്ച് കൂടുതല്‍ പക്വതയുള്ള പ്രതിച്ഛായ കൊണ്ടുവരുന്നത്.
സൈനികത്താവളങ്ങള്‍ പോലുള്ള ഗൗരവമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അനുയോജ്യമായ, ശക്തമായ ഇംപ്രഷന്‍ നല്‍കുന്നതും എന്നാല്‍ കാഷ്വലുമായ ലെതര്‍ ജാക്കറ്റുകളാണ് ജു എ ധരിക്കാറുള്ളത്. കൂടാതെ, കറുത്ത ലെതര്‍ ജാക്കറ്റുകളും ട്രെഞ്ച് കോട്ടുകളും ഇഷ്ടപ്പെടുന്ന തന്റെ പിതാവിന്റെ അതേ വേഷവും ജു എയും അണിയുന്നു എന്ന പ്രത്യേകതയുമുണ്ട്.
മുന്‍ തലമുറകളുടെ ഫാഷന്‍ അനുകരിക്കുന്നതിനെ 'ഇമേജ് റെപ്ലിക്കേഷന്‍' (Image Replication) എന്നാണ് വിളിക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ ഉത്തരകൊറിയന്‍ നേതാക്കള്‍ പണ്ടുമുതലേ സ്വീകരിക്കുന്ന തന്ത്രമാണിത്. ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കിം ജോങ് ഉന്‍ തന്റെ മുത്തച്ഛന്‍ കിം ഇല്‍ സുങ്ങിനെപ്പോലെ വസ്ത്രം ധരിച്ചാണ് തന്റെ അധികാരം ഉറപ്പിക്കാന്‍ ശ്രമിച്ചത്.
ഉത്തരകൊറിയ സ്ഥാപിക്കുകയും 45 വര്‍ഷത്തിലേറെ ഭരിക്കുകയും ചെയ്ത കിം ഇല്‍ സുങ്ങിനെ ഒരു ദൈവത്തെപ്പോലെയാണ് അവിടുത്തെ ജനങ്ങള്‍ കാണുന്നത്. കിം ഇല്‍ സുങ്ങിനോടുള്ള ബഹുമാനം സ്വാഭാവികമായി കിം ജോങ് ഉന്നിലേക്ക് മാറ്റുന്നതില്‍ പ്രചാരണ വിഭാഗം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട കിം ജോങ് ഉന്നിന് കിം ഇല്‍ സുങ്ങിന്റെ രൂപസാദൃശ്യം വലിയൊരു കരുത്തായി മാറി. കിം ഇല്‍ സുങ്ങ് പുനര്‍ജനിച്ചതാണെന്ന് പോലും ജനങ്ങള്‍ക്കിടയില്‍ അന്ന് സംസാരമുണ്ടായിരുന്നു.
ജു എയുടെ കാര്യത്തിലും ഇത് പ്രകടമാണ്. പാശ്ചാത്യ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ തങ്ങളുടെ പദവി സാധാരണക്കാരില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ജു എയും പ്രഥമ വനിത റി സോള്‍ ജുവും വ്യക്തമാക്കുന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ള ലെതര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊറിയയില്‍ പ്രത്യേക പദവിയുടെ അടയാളമാണ്. ഉത്തരകൊറിയയില്‍ ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്ക് വിലയേറിയ ലെതര്‍ ജാക്കറ്റുകളോ രോമക്കുപ്പായങ്ങളോ ആഡംബര ബ്രാന്‍ഡുകളോ അത്ര പെട്ടെന്ന് പ്രാപ്യവുമല്ല.
ബാക്കി ജനവിഭാഗത്തിന് മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ജു എയുടെ ഫാഷന്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. 2020-ല്‍ ഉത്തരകൊറിയ 'ബാഹ്യ സംസ്‌കാരത്തെ' തടഞ്ഞുകൊണ്ട് പുതിയ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ 2023-ല്‍ കിം ജോങ് ഉന്നിനൊപ്പം മിസൈല്‍ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ജു എ ധരിച്ചിരുന്ന ബ്ലാക്ക് പാഡഡ് ജാക്കറ്റ് ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ക്രിസ്റ്റ്യന്‍ ഡിയോറിന്റേതാണന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇതിന് ഏകദേശം 1,900 ഡോളര്‍ (1,710,000 ഉത്തരകൊറിയന്‍ വോണ്‍) വിലവരും.
അടുത്ത വര്‍ഷം പ്യോങ്യാങ്ങിലെ ഒരു ചടങ്ങില്‍ കൈകള്‍ കാണാവുന്ന വിധത്തിലുള്ള സുതാര്യമായ വസ്ത്രം ധരിച്ചാണ് ജു എ എത്തിയത്. എന്നാല്‍ ഇതിനുപിന്നാലെ സാധാരണക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ ഇത്തരം ഹെയര്‍സ്‌റ്റൈലുകളും വസ്ത്രങ്ങളും സോഷ്യലിസ്റ്റ് വിരുദ്ധമാണെന്നും ഭരണകൂടത്തെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയതായി റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരകൊറിയയില്‍ നിരോധിച്ച ജീന്‍സ് ധരിച്ച് കിം ജോങ് ഉന്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദേശ സംസ്‌കാരം എത്ര നിരോധിച്ചാലും സുപ്രീം ലീഡര്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഒരു രാജ്യമാണ് ഉത്തരകൊറിയ. എന്നിരുന്നാലും സമ്പന്നരായ ഉത്തരകൊറിയക്കാര്‍ ആഡംബര സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചൈന അതിര്‍ത്തിയിലുള്ള നഗരങ്ങളില്‍ രോമക്കുപ്പായങ്ങളും പ്രചാരത്തിലുണ്ട്. ജു എയും കിം ജോങ് ഉന്നും ധരിക്കുന്നതിന് സമാനമായ സണ്‍ഗ്ലാസുകളും ലെതര്‍ ട്രെഞ്ച്‌കോട്ടുകളും സമ്പന്നരായ യുവാക്കള്‍ക്കിടയില്‍ പ്രചാരത്തിലായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തരകൊറിയയില്‍ ഇത് ആദ്യമായല്ല യുവാക്കള്‍ കിം ജോങ് ഉന്നിനെ അനുകരിക്കുന്നത്. നേരത്തെ കിം ജോങ് ഉന്നിന്റെ ഹെയര്‍സ്‌റ്റൈല്‍ യുവാക്കള്‍ അനുകരിച്ചിരുന്നു. പുറംലോകത്തെ വിവരങ്ങള്‍ പരിമിതമായ ഉത്തരകൊറിയയില്‍ തങ്ങളുടെ നേതാവിനെ ഒരു ഫാഷന്‍ ഐക്കണായി കാണുന്നത് സ്വാഭാവികമാണ്. ഇപ്പോള്‍ ആ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ മകളും എത്തിയിരിക്കുന്നു.
English Summary: Kim Jong Un’s daughter Kim Ju Ae has drawn global attention since her 2022 debut, appearing at major state and military events. Her growing presence has sparked speculation that she is being groomed as a future successor. Her carefully styled fashion and image reflect North Korea’s propaganda strategy and echo the legacy of Kim Il Sung.