International

വീണ്ടും യുദ്ധഭീഷണിയിൽ പശ്ചിമേഷ്യ; ഇസ്രായേലിൽ ഇറാന്റെ മിസൈല്‍ വര്‍ഷം, ഇറാൻ നഗരങ്ങളിൽ ബോംബിട്ട് ഇസ്രായേൽ, ആക്രമിക്കരുതെന്ന് ട്രംപ്

ലെബനനില്‍ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ട്രംപ് ഭരണകൂടം പച്ചക്കൊടി കാട്ടിയിരുന്നില്ലെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

Madism Desk

ഏപ്രില്‍ ആദ്യം നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷം ആദ്യമായി ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണമാണ് ഇറാനെ പ്രകോപിപ്പിച്ചത്. തിരിച്ചടിയെന്നോണം തലസ്ഥാനമായ തെഹ്റാൻ, തബ്‌രിസ്, ഇസ്‌ഫവൻ, കറാജ് എന്നീ നഗരങ്ങളിൽ ഇസ്രായേൽ ബോംബിട്ടു.

ഇതോടെ മേഖലയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാകാനാണ് സാധ്യത. കൂടാതെ ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ശ്രമങ്ങള്‍ സങ്കീര്‍ണ്ണമാവുകയും ചെയ്തു. അമേരിക്കയുടെ അഭ്യര്‍ത്ഥന അവഗണിച്ച് ഇസ്രായേല്‍ ലെബനനിലെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിറ്റേന്നാണ് മിസൈല്‍ ആക്രമണം ഉണ്ടായത്.

ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ഇറാന്‍, ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള തിരിച്ചടി പ്രതിരോധിക്കുന്നതിനായി തങ്ങളുടെ പടിഞ്ഞാറന്‍ വ്യോമപാത അടച്ചു. ഇസ്രായേലില്‍ നിന്നും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അയല്‍രാജ്യങ്ങളായ ഇറാഖും സിറിയയും തങ്ങളുടെ വ്യോമപാതകള്‍ അടച്ചിട്ടുണ്ട്. 'ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിച്ചാല്‍, തിരിച്ചടിയുടെ വ്യാപ്തി ഇതിലും വലുതായിരിക്കും. മേഖലയിലുടനീളമുള്ള എല്ലാ അമേരിക്കന്‍-സയണിസ്റ്റ് ലക്ഷ്യങ്ങള്‍ക്കെതിരെയും തിരിച്ചടിക്കും', ലെബനനിലെയും ഇറാനിലെയും ആക്രമണങ്ങളെയും ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള കപ്പലുകളെയും പരാമര്‍ശിച്ചുകൊണ്ട് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

തിരിച്ചടിക്കുമെന്ന് ഇസ്രായേലിന്റെ ഭീഷണി

ഇസ്രായേലിലെ പല പ്രദേശങ്ങളിലും സൈറണുകള്‍ മുഴങ്ങിയതോടെ ദശലക്ഷക്കണക്കിന് ആളുകള്‍ ബങ്കറുകളിലേക്ക് ഓടി രക്ഷപ്പെട്ടു. മൂന്ന് ഘട്ടങ്ങളായി വന്ന മിസൈലുകളില്‍ ഭൂരിഭാഗവും തങ്ങളുടെ സൈന്യം തടഞ്ഞതായും വടക്കന്‍ മേഖലയില്‍ ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞത് 10 ബാലിസ്റ്റിക് മിസൈലുകളെങ്കിലും ഇസ്രായേല്‍ പ്രതിരോധിച്ചു.

ഈ ആക്രമണത്തിന് 'ശക്തമായ' മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. 'ഇറാന്‍ വലിയൊരു തെറ്റാണ് ചെയ്തത്', ഇസ്രായേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു. ഉത്തരവ് ലഭിച്ചയുടന്‍ ശത്രുവിനെ നേരിടുമെന്ന് സൈനിക ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി.

ഇസ്രായേലിന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേല്‍ തിരിച്ചടിക്കരുതെന്ന് ട്രംപ് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കരുതെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നും ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി അമേരിക്കന്‍ മാധ്യമമായ 'ആക്‌സിയോസ്' റിപ്പോര്‍ട്ട് ചെയ്തു. ലബനനിലെ ഇസ്രായേല്‍ ആക്രമണത്തിനുള്ള പ്രതികരണമാണ് തങ്ങളുടെ മിസൈല്‍ ആക്രമണമെന്ന് ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെ, തിരിച്ചടി നല്‍കരുതെന്ന് താന്‍ ആവശ്യപ്പെടുമെന്ന് ട്രംപ് ആക്‌സിയോസിനോട് പറഞ്ഞിരുന്നു.

ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ട്രംപ് ഭരണകൂടം പച്ചക്കൊടി കാട്ടിയിരുന്നില്ലെന്ന് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനും വെളിപ്പെടുത്തി. ഇറാനുമായി യുഎസ് നടത്തുന്ന സമാധാന ചര്‍ച്ചകളെ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇസ്രായേലിന്റെ തിരിച്ചടിയെ നിയന്ത്രിക്കാന്‍ ട്രംപ് ശ്രമിക്കുന്നത്.

ലെബനനിലെ ഇസ്രായേല്‍ ആക്രമണവും ഇറാന്റെ പ്രതികരണവും

ലെബനനില്‍ ആക്രമണം നടത്തിയാല്‍ അത് മിഡില്‍ ഈസ്റ്റിലുടനീളം വീണ്ടുമൊരു സമ്പൂര്‍ണ്ണ യുദ്ധത്തിന് കാരണമാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാനും മറ്റ് മധ്യസ്ഥരും ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ മുന്നറിയിപ്പ്. 'മിഡില്‍ ഈസ്റ്റിലെ യുഎസ് സൈന്യം അതീവ ജാഗ്രതയിലാണ്' മിസൈല്‍ ആക്രമണത്തിന് തൊട്ടുമുമ്പ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ കുറിച്ചു.

യുഎസ് ആതിഥേയത്വം വഹിച്ച ചര്‍ച്ചകളില്‍ ലെബനന്‍, ഇസ്രായേല്‍ സര്‍ക്കാരുകള്‍ വെടിനിര്‍ത്തലിന് ധാരണയായി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇസ്രായേല്‍ ലെബനനില്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഈ വെടിനിര്‍ത്തല്‍ കരാര്‍ ഹിസ്ബുള്ള നിരസിച്ചിരുന്നു. ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഉണ്ടായ ഈ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളും ലെബനനിലേക്കുള്ള കടന്നുകയറ്റവും, ഹിസ്ബുള്ളയുടെ ചെറുത്തുനില്‍പ്പും മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമഗ്രമായ കരാറിനെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. ലെബനനിലെ യുദ്ധം അവസാനിപ്പിക്കുന്നത് കൂടി ഉള്‍പ്പെട്ടതായിരിക്കണം ഏതൊരു കരാറുമെന്നാണ് ഇറാന്റെ നിലപാട്.

English Summary: Iran launched a missile attack on Israel for the first time since the temporary ceasefire that came into effect in April, raising fears of a renewed escalation in the Middle East. Following the attack, Iran closed parts of its western airspace, while neighboring Iraq and Syria also shut their airspace over concerns of possible Israeli retaliation.