ഒരിടവേളയ്ക്ക് ശേഷം അഫ്ഗാനിസ്താനില്‍ ആക്രമണം നടത്തി പാകിസ്താന്‍. അഫ്ഗാനിസ്താനിലെ ഖോസ്ത്, കുനാര്‍, പക്തിക എന്നീ മൂന്ന് പ്രവിശ്യകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 13 അഫ്ഗാന്‍ പൗരന്മാരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ കുട്ടികളാണെന്ന് താലിബാന്‍ മുഖ്യ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍. 14 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമത്തെ കുറിച്ച് പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല.
അഫ്ഗാനിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഹസന്‍ ഖേല്‍ മേഖലയിലുള്ള ഒരു സുരക്ഷാ പോസ്റ്റിന് നേരെ താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് വ്യോമാക്രമണങ്ങള്‍ ഉണ്ടായത്. ശക്തമായ വെടിവെപ്പിന് കാരണമായ ഈ ആക്രമണത്തില്‍ ഫെഡറല്‍ കോണ്‍സ്റ്റബുലറിയിലെ ആറ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച, സുരക്ഷാ സേന എട്ട് ആക്രമണകാരികളെ വധിക്കുകയും ചെക്ക്‌പോസ്റ്റ് പിടിച്ചെടുക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെടുത്തുകയും ചെയ്തതായി പ്രാദേശിക അധികാരികള്‍ വ്യക്തമാക്കി. ഇതിനുപിന്നാലെ പെഷവാറില്‍ നടന്ന കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ മൃതസംസ്‌കാര ചടങ്ങുകളില്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി പങ്കെടുത്തു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച നഖ്വി, അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും അവരുടെ ത്യാഗങ്ങള്‍ വിസ്മരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താന്‍ ഒറ്റക്കെട്ടാണെന്നും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുന്ന ഗ്രൂപ്പുകള്‍ക്കെതിരെയുള്ള സൈനിക നടപടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അയല്‍രാജ്യങ്ങള്‍ തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന സായുധ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവവികാസം. ഫെബ്രുവരി അവസാന വാരം, പാകിസ്താന്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം അഫ്ഗാനിസ്താന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷമുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇരുഭാഗത്തുനിന്നുമായി നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.
പാക്-അഫ്ഗാന്‍ ഏറ്റുമുട്ടലിന് പിന്നില്‍
സിവിലിയന്മാര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ രാജ്യത്തിനകത്ത് തീവ്രവാദ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ഫെബ്രുവരിയില്‍ പാകിസ്താന്‍ അഫ്ഗാനിസ്താനുമായി പരസ്യമായ യുദ്ധം പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ പാകിസ്താന്‍ നടത്തിയ മാരകമായ വ്യോമാക്രമണം കാബൂളിലെ ഒരു ലഹരിവിമുക്ത കേന്ദ്രത്തില്‍ പതിക്കുകയും 400 പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി അഫ്ഗാനിസ്താന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തങ്ങള്‍ സിവിലിയന്മാരെ ലക്ഷ്യം വെച്ചിട്ടില്ലെന്ന് പറഞ്ഞ് പാകിസ്താന്‍ ഈ അവകാശവാദത്തെ തല്ലുകയും തങ്ങള്‍ തകര്‍ത്തത് ഒരു ആയുധസംഭരണശാലയാണെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.
വടക്കന്‍ ചൈനയിലെ ഉറുമഖിയില്‍ വെച്ച് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ചൈന ആതിഥേയത്വം വഹിച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. തങ്ങളുടെ സംഘര്‍ഷം വിയോജിപ്പുകളിലേക്ക് വഴിമാറ്റില്ലെന്നും പരിഹാരം തേടുമെന്നും അഫ്ഗാനിസ്താനും പാകിസ്താനും സമ്മതിച്ചതായി ചൈന പിന്നീട് അറിയിച്ചിരുന്നു.
പാകിസ്താനില്‍, പ്രത്യേകിച്ച് 'തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താന്‍' (ടിടിപി) നടത്തുന്ന മാരകമായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്ക് അഫ്ഗാനിസ്താന്‍ അഭയം നല്‍കുന്നുണ്ടെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നുണ്ട്. ഈ ഗ്രൂപ്പ് അഫ്ഗാന്‍ താലിബാനില്‍ നിന്ന് വേറിട്ടതാണെങ്കിലും അവരുമായി സഖ്യത്തിലാണ്. 2021-ല്‍ യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തിനിടയില്‍ അധികാരം പിടിച്ചെടുത്തതു മുതല്‍ അഫ്ഗാന്‍ താലിബാനാണ് രാജ്യം ഭരിക്കുന്നത്.
English Summary: Pakistan has carried out airstrikes in Afghanistan's Khost, Kunar, and Paktika provinces, killing at least 13 civilians, including 11 children, according to Taliban officials. Fourteen others were reportedly injured. Islamabad has not yet officially commented on the strikes