International

'ഡോളറിനെ പുറത്താക്കണം, ആഭ്യന്തര ഉല്‍പ്പാദനം കൂട്ടണം'; അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടണമെന്ന് മുജ്തബ ഖമനേയി

അമേരിക്കയുടെ സമ്മർദങ്ങൾക്ക് മുന്നിൽ രാജ്യം വഴങ്ങരുതെന്നും നിലവിലെ പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടണമെന്നും സന്ദേശത്തിൽ മുജ്തബ ഖമനെയി പറഞ്ഞു

Madism Desk

അമേരിക്കയുടെ സാമ്പത്തിക സമ്മർദത്തെ അതിജീവിക്കാൻ ഇറാൻ ശക്തമായ നടപടികളിലേക്ക് നീങ്ങണമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനെയി. രാജ്യാന്തര ഇടപാടുകളിൽ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി കുറയ്ക്കണമെന്നും ആഭ്യന്തര ഉല്‍പ്പാദനം വർധിപ്പിച്ച് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയുടെ സമ്മർദങ്ങൾക്ക് മുന്നിൽ രാജ്യം വഴങ്ങരുതെന്നും നിലവിലെ പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടണമെന്നും സന്ദേശത്തിൽ മുജ്തബ ഖമനെയി പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ച് മുമ്പത്തേക്കാൾ ശക്തമായ ഇറാനായി രാജ്യം മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇതിനിടെ, രാജ്യത്തെ സാമൂഹിക ഐക്യത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. ജനങ്ങൾ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു നിൽക്കണമെന്നും നിലവിലെ സാഹചര്യത്തിൽ ദേശീയ ഐക്യത്തിന് പ്രാധാന്യം നൽകണമെന്നും പരമോന്നത നേതാവ് ആഹ്വാനം ചെയ്തു.

മുജ്തബ ഖമനെയിയുടെ ആഹ്വാനം

വിദേശ സാമ്പത്തിക സമ്മർദങ്ങളെ നേരിടാൻ ഇറാൻ സ്വയംപര്യാപ്തമായ സാമ്പത്തിക പ്രതിരോധ സംവിധാനം കെട്ടിപ്പടുക്കണമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനെയി. ഇതിനായി രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ നിന്ന് യുഎസ് ഡോളറിനെ ഘട്ടംഘട്ടമായി ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട തന്റെ നിലപാട് മുജ്തബ ഖമനെയി വിശദീകരിച്ചത്. വിദേശ സമ്മർദങ്ങളെ പ്രതിരോധിക്കുന്നതിനും ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ദേശീയ ചട്ടക്കൂടായാണ് സാമ്പത്തിക പ്രതിരോധത്തെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ഉൽപ്പാദനം ആവശ്യത്തിന് ലഭ്യമല്ലാത്ത മേഖലകളിൽ ആവശ്യമായ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിൽ തെറ്റില്ലെന്നും അത് പ്രായോഗികവും ബുദ്ധിപരവുമായ നടപടിയാണെന്നും ഖമനെയി അഭിപ്രായപ്പെട്ടു. അതേസമയം, രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

പണപ്പെരുപ്പം നിയന്ത്രിക്കുക, തൊഴിലവസരങ്ങൾ വർധിപ്പിക്കുക, ഉൽപ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുക തുടങ്ങിയ മേഖലകളിൽ അടിയന്തര ശ്രദ്ധ വേണമെന്നും ഖമനെയി ആവശ്യപ്പെട്ടു. സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം അവ രാജ്യത്തിന് ഏറ്റവും പ്രയോജനകരമായ മേഖലകളിലേക്ക് കാര്യക്ഷമമായി തിരിച്ചുവിടണമെന്നും അദ്ദേഹം നിർദേശിച്ചു.

വിദേശ ആശ്രിതത്വം കുറച്ച് ആഭ്യന്തര സാമ്പത്തിക ശേഷി ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ദീർഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാകൂ എന്ന നിലപാടാണ് ഖമനെയിയുടെ സന്ദേശത്തിലൂടെ വ്യക്തമാകുന്നത്.

വിദേശ ശക്തികളുടെ സമ്മർദങ്ങൾക്ക് മുന്നിൽ കീഴടങ്ങുന്നത് സാമ്പത്തിക പുരോഗതിയിലേക്കുള്ള വഴിയല്ലെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. ശത്രുരാജ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന യുക്തിരഹിതമായ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ രാജ്യത്തിന് സാമ്പത്തിക നേട്ടമുണ്ടാകൂ എന്ന ധാരണ സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ഇസ്ലാമിക വിപ്ലവത്തിന് മുമ്പുള്ള കാലഘട്ടം ഉൾപ്പെടെ പരിശോധിച്ചാൽ, വിദേശ ശക്തികളുടെ ഇടപെടലുകൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും പ്രകൃതി വിഭവങ്ങൾക്കും വലിയ നഷ്ടമാണ് വരുത്തിയതെന്ന് വ്യക്തമാകുമെന്നും ഖമനെയി പറഞ്ഞു. അതിനാൽ വിദേശ സമ്മർദങ്ങൾക്ക് വഴങ്ങുന്നതിന് പകരം രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന സാമ്പത്തിക നയം സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ സാമ്പത്തിക മേഖലയെ കൂടുതൽ സമ്മർദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പുതിയ സാമ്പത്തിക നടപടികൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുജ്തബ ഖമനെയിയുടെ പ്രതികരണം. സാമ്പത്തിക ഉപരോധങ്ങളെയും വിദേശ സമ്മർദങ്ങളെയും നേരിടാൻ ആഭ്യന്തര ഉൽപ്പാദനവും സാമ്പത്തിക സ്വയംപര്യാപ്തതയും ശക്തിപ്പെടുത്തണമെന്ന നിലപാടാണ് ഇറാൻ നേതൃത്വം ആവർത്തിക്കുന്നത്.

Iran’s Supreme Leader, Mojtaba Khamenei, has called for building a self-reliant defensive economy to withstand U.S. economic pressure. He urged the country to gradually reduce its dependence on the U.S. dollar while boosting domestic production and investment. Khamenei also stressed the need to control inflation, create jobs, ensure price stability, and strengthen national and social unity.