ദക്ഷിണ കൊറിയയില്‍ നടന്ന അന്താരാഷ്ട്ര പ്രതിരോധ ഉച്ചകോടിയായ 'സിയോള്‍ ഡിഫന്‍സ് ഡയലോഗില്‍' ചൈനയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഫിലിപ്പീന്‍സ് പ്രതിരോധ സെക്രട്ടറി ഗില്‍ബെര്‍ട്ടോ സി. തിയോഡോറോ. വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ, തെക്കന്‍ ചൈനാ കടലിലെ ചൈനയുടെ നിലപാട് വ്യക്തമാക്കുന്ന കുറിപ്പ് കൈമാറിയതാണ് ഫിലിപ്പീന്‍സിനെ ചൊടിപ്പിച്ചത്. കത്ത് മാറ്റിവെക്കുന്നതിന് പകരം, സന്ദേശം സദസ്സിന് മുന്നില്‍ ഉറക്കെ വായിച്ച തിയോഡോറോ, ചൈനയുടെ പെരുമാറ്റത്തെ പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്തു.
ദക്ഷിണ കൊറിയന്‍ സംഘാടകരും യോന്‍ഹാപ്പ് ന്യൂസ് ഏജന്‍സിയും നല്‍കുന്ന വിവരമനുസരിച്ച്, സിയോളിലെ ചൈനീസ് എംബസിയിലെ സൈനിക അറ്റാഷെയാണ് സന്ദേശം കൈമാറിയത്. അറ്റാഷെ ഈ കുറിപ്പ് ഇവന്റ് സ്റ്റാഫ് അംഗത്തിന് നല്‍കുകയും അത് തിയോഡോറോയ്ക്ക് കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഫിലിപ്പീന്‍സ് ഡെലിഗേഷനില്‍ നിന്നാണ് കുറിപ്പ് വന്നതെന്ന് തെറ്റിദ്ധരിച്ച സ്റ്റാഫ് അംഗം, പ്രതിരോധ സെക്രട്ടറി സെക്രട്ടറി സംസാരിക്കുന്നതിനിടെ ഇത് അദ്ദേഹത്തിന് കൈമാറുകയായിരുന്നു.
'എന്റെ പക്കല്‍ ഒരു കുറിപ്പുണ്ട്, ഇത് ചൈനയില്‍ നിന്നുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഇത് വായിച്ചോട്ടെ?' എന്ന് സദസ്സിനോട് ചോദിച്ച ശേഷമാണ് അദ്ദേഹം വായിച്ചത്. തെക്കന്‍ ചൈനാ കടല്‍ തര്‍ക്കത്തില്‍ ചൈനയുടെ ദീര്‍ഘകാല നിലപാട് സന്ദേശത്തില്‍ ആവര്‍ത്തിച്ചു. മധ്യസ്ഥ കേസിലെ ചൈനയുടെ നിലപാട് 'വ്യക്തവും സ്ഥിരതയുള്ളതും ഉറച്ചതുമാണ്' എന്നും 2016-ലെ ട്രൈബ്യൂണല്‍ തീരുമാനം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ ലംഘിച്ചുവെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
'തെക്കന്‍ ചൈനാ കടല്‍ തര്‍ക്കത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതും ഉറച്ചതുമാണ്. അതില്‍ മറ്റൊരു നിലപാടിന് സ്ഥാനമില്ല. ഈ മധ്യസ്ഥ കേസ് അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ ലംഘിക്കുന്നതാണ്. ഫിലിപ്പീന്‍സിന് അനുകൂലമായ ഈ സോ കോള്‍ഡ് വിധി നിയമവിരുദ്ധവും അസാധുവാക്കപ്പെടുന്നതുമാണ്. ചൈന ഈ വിധി സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. മറിച്ച് ഇതിനെ എതിര്‍ക്കുകയും ചെയ്യുന്നു. കൂടാതെ, ഉയര്‍ന്നുവരുന്ന ഒരു അവകാശവാദവും ചൈന ഒരിക്കലും അംഗീകരിക്കുകയുമില്ല', എന്നായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്.
കത്തിന്റെ ഉള്ളടക്കത്തേക്കാള്‍ അത് നല്‍കിയ രീതിയെയാണ് ഫിലിപ്പീന്‍സ് പ്രതിരോധ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. ആതിഥേയ രാജ്യമായ ദക്ഷിണ കൊറിയയോടും പങ്കെടുക്കുന്ന പ്രതിനിധികളോടും കാണിച്ച അനാദരവാണിതെന്ന് അദ്ദേഹം ആരോപിച്ചു. 'ഒരു അന്താരാഷ്ട്ര യോഗത്തില്‍ ഞാന്‍ സംസാരിക്കുമ്പോള്‍, സംഘാടകരെപ്പോലും അനാദരിച്ചുകൊണ്ട് ചൈന എന്തിനാണ് ഇത്തരമൊരു രീതി തിരഞ്ഞെടുത്തത്? ഇത് കേവലം തെക്കന്‍ ചൈനാ കടല്‍ തര്‍ക്കം മാത്രമല്ല, അടിസ്ഥാനപരമായ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്', എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുറന്ന വേദിയില്‍ ചൈനയുടെ ദുര്‍ബലമായ നിലപാടിന്റെ ഓര്‍മ്മപ്പെടുത്തലായി ഈ കുറിപ്പ് സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറിപ്പ് കൈമാറിയ ഉദ്യോഗസ്ഥനെ പരിഹാസരൂപേണ പരാമര്‍ശിച്ച അദ്ദേഹം, ആ വ്യക്തിക്ക് ശിക്ഷയൊന്നും ലഭിക്കാതിരിക്കട്ടെ എന്നും കൂട്ടിച്ചേര്‍ത്തു.
2016-ലെ തെക്കന്‍ ചൈനാ കടല്‍ വിധി എന്തായിരുന്നു?
ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കണ്‍വെന്‍ഷന്റെ (യുഎന്‍സിഎല്‍ഒഎസ്) കീഴില്‍ ചൈനയ്ക്കെതിരെ ഫിലിപ്പീന്‍സ് നല്‍കിയ മധ്യസ്ഥ കേസിനെക്കുറിച്ചാണ് കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ട്രൈബ്യൂണല്‍ തെക്കന്‍ ചൈനാ കടലിലെ ചൈനയുടെ ചരിത്രപരമായ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞിരുന്നു. ഫിലിപ്പീന്‍സിന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ വിഭവങ്ങളില്‍ ചരിത്രപരമായ അവകാശങ്ങള്‍ ഉന്നയിക്കാന്‍ ചൈനയ്ക്ക് നിയമപരമായ അടിത്തറയില്ലെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ഈ വിധി ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല.
ദിവസേന ചൈനയില്‍ നിന്ന് വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നത് മറ്റ് രാജ്യങ്ങളുമായി ശക്തമായ സുരക്ഷാ ബന്ധങ്ങളിലേക്ക് ഫിലിപ്പീന്‍സിനെ നയിക്കുന്നുണ്ടെന്ന് തിയോഡോറോ വ്യക്തമാക്കി. ഒരു രാജ്യത്തിനും അന്താരാഷ്ട്ര സമുദ്രമേഖല സ്വന്തം ആവശ്യത്തിനായി മാത്രമായി ഉപയോഗിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുരുക്കത്തില്‍, തെക്കന്‍ ചൈനാ കടല്‍ തര്‍ക്കത്തില്‍ തങ്ങളുടെ നിയമപരമായ നിലപാട് ആഗോള സമൂഹത്തിന് മുന്നില്‍ വീണ്ടും ഉറപ്പിച്ചുപറയാന്‍ ഈ സംഭവത്തിലൂടെ ഫിലിപ്പീന്‍സിന് സാധിച്ചു.
Philippines Defence Secretary Gilberto C. Teodoro strongly criticised China after a note from the Chinese Embassy’s military attaché was handed to him while he was speaking at the Seoul Defense Dialogue in South Korea. Instead of setting the note aside, Teodoro read it aloud before the audience and publicly challenged China’s position on the South China Sea dispute. The note reiterated Beijing’s rejection of the 2016 arbitral ruling that dismissed China’s historical claims in parts of the South China Sea. Teodoro criticised the manner in which the message was delivered, calling it disrespectful to South Korea and other participants. He said the incident highlighted the need for the Philippines to strengthen security partnerships with other countries amid continued challenges from China.