കീവ്: യുക്രൈൻ തലസ്ഥാനമായി കീവിൽ റഷ്യൻ തീമഴ. ഏകദേശം 600ലധികം ഡ്രോണുകളും 90 മിസൈലുകളുമാണ് തലസ്ഥാന നഗരം ആക്രമിക്കാൻ റഷ്യ ഉപയോഗിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളിലേതിൽ ഏറ്റവും ശക്തമായ റഷ്യൻ ആക്രമണങ്ങളിലൊന്നാണിതെന്ന് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യൻ അധീനതയിലുള്ള കിഴക്കൻ യുക്രൈനിൽ നടന്ന ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കീവിൽ കനത്ത മിസൈൽ ആക്രമണം ഉണ്ടായത്. റഷ്യൻ അധീന പ്രദേശങ്ങളിലേക്കുള്ള യുക്രൈൻ ആക്രമണങ്ങൾക്ക് മറുപടിയായാണ് കീവിനെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും സ്ഥിരീകരിക്കുന്നുണ്ട്.
കീവിലേക്ക് ഒരു ക്രൂയിസ് മിസൈൽ പതിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ന്യൂക്ലിയർ ബോംബിന് സമാനമായ തലത്തിൽ തീഗോളങ്ങൾ ആകാശത്തേക്ക് ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തെ തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും തീപിടിത്തവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയും മരണസംഖ്യയുടെയും ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കീവിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും സുരക്ഷാസേന പ്രദേശം നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. രണ്ടാഴ്ച്ച മുൻപ് അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ യുദ്ധം അവസാനിച്ചതായി ഇരുകൂട്ടരും പ്രഖ്യാപിച്ചിരുന്നു എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് യുദ്ധം ഇനിയും തുടരാനാണ് സാധ്യത.
English Summary: Kyiv witnessed one of the most intense Russian attacks in recent weeks as Russia launched more than 600 drones and 90 missiles targeting the Ukrainian capital. The massive assault came shortly after Russian President Vladimir Putin warned of retaliation following Ukrainian strikes in Russian-occupied eastern regions. Viral videos on social media showed cruise missiles striking central Kyiv, causing huge explosions, fires, and widespread destruction. Emergency rescue operations are ongoing, while officials are yet to confirm the full extent of casualties and damages.