International

റഷ്യന്‍ സൈനികര്‍ക്ക് ചൈനയുടെ പരിശീലനം; യൂറോപില്‍ ആശങ്ക പടരുന്നു

റഷ്യ - ചൈന സൈന്യങ്ങളിലെ നാല് ജനറല്‍മാര്‍ ഉള്‍പ്പെടെ സൈനിക പരിശീലനത്തില്‍ നേരിട്ട് പങ്കെടുത്തു

Madism Desk

പശ്ചിമേഷ്യയില്‍ യുഎസ് ഇടപെടലും യുക്രൈന്‍ യുദ്ധം തുടരുകയും ചെയ്യുന്നതിനിടെ റഷ്യ - ചൈന സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം റഷ്യന്‍ സേനയ്ക്ക് ചൈന രഹസ്യ സൈനിക പരിശീലനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഈ ഇടപാടില്‍ റഷ്യന്‍ പ്രതിരോധ മന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്നും വിവിധ രേഖകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ - ചൈന സൈന്യങ്ങളിലെ നാല് ജനറല്‍മാര്‍ ഉള്‍പ്പെടെ സൈനിക പരിശീലനത്തില്‍ നേരിട്ട് പങ്കെടുത്തെന്നും റിപ്പോര്‍ട്ട് പറയുന്നു. രണ്ട് യൂറോപ്യന്‍ ഉദ്യോഗസ്ഥരും ഇതിനെ കുറിച്ചറിയാമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ടാണ് സൈനിക പരിശീലനം. എന്നാല്‍ ഇത്തരം ഒരു പരിശീലനത്തില്‍ സൈന്യത്തിലെ ഉന്നത വ്യക്തികളുടെ പങ്കാളിത്തം റഷ്യ - ചൈന ബന്ധത്തിന്റെ വളര്‍ച്ചയാണ് ചൂണ്ടിക്കാട്ടുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പരിശീലനം സംബന്ധിച്ച് റിപ്പോര്‍ട്ട് ചൈന നിഷേധിച്ചിട്ടുണ്ട്. അപ്പോഴും റിപ്പോര്‍ട്ട് യൂറോപ്പില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് എക്‌സ്‌ക്ലൂസിവ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവ് പുറപ്പെടുവിച്ച ഒരു ആഭ്യന്തര ഉത്തരവിനെ പരാമര്‍ശിച്ചാണ് റിപ്പോര്‍ട്ട് സൈനിക സഹകരണം ഉറപ്പിക്കുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രിയുടെ തീരുമാനപ്രകാരം, ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യുടെ പരിശീലന അഭ്യാസങ്ങളില്‍ പങ്കെടുക്കാന്‍ റഷ്യന്‍ സായുധ സേനയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം ചൈനയിലേക്ക് പോയി എന്ന് രേഖ പറയുന്നു. റേഡിയോളജിക്കല്‍, ബയോളജിക്കല്‍, കെമിക്കല്‍ വാര്‍ഫെയര്‍ മേഖലകളില്‍ ആയിരുന്നു പരിശീലനം നല്‍കിയത്.

ഇതേവര്‍ഷം നവംബറില്‍ ബീജിങിലെ ഒരു സൈനിക കേന്ദ്രത്തില്‍ റേഡിയോളജി, കെമിക്കല്‍, ബയോളജിക്കല്‍ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് മൂന്നാഴ്ച നീണ്ടുനിന്ന ഒരു പരിശീലന പരിപാടിയും സംഘടിപ്പിക്കപ്പെട്ടു. ആണവ റിയാക്ടറുമായി ബന്ധപ്പെട്ട രാസ , റേഡിയേഷന്‍ നിരീക്ഷണം, വെന്റിലേഷന്‍ സംവിധാനങ്ങളെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കല്‍ എന്നിവയെക്കുറിച്ചായിരുന്നു പരിശീലന പരിപാടി. റേഡിയോളജിക്കല്‍, ബയോളജിക്കല്‍, കെമിക്കല്‍ യുദ്ധ പരിശീലനം ഉള്‍പ്പെടുത്തിയത് കൈമാറ്റങ്ങളുടെ തന്ത്രപരമായ സ്വഭാവത്തെ അടിവരയിടുന്നുവെന്ന് യൂറോപ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. എന്നാല്‍, റിപ്പോര്‍ട്ടിനോട് റഷ്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രാലയങ്ങള്‍ പ്രതികരിച്ചില്ല.

എന്നാല്‍ യുക്രെയ്ന്‍ വിഷയത്തില്‍ തങ്ങള്‍ നിഷ്പക്ഷരാണെന്നും സമാധാന മധ്യസ്ഥാ നീക്കം നടത്തുന്നു എന്നുമാണ് ചൈനയുടെ നിലപാട്. എന്നാല്‍, യൂറോപ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളെയും സൈനിക രേഖകളെയും ഉദ്ധരിച്ച് കഴിഞ്ഞ മാസം റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൈനിക നീക്കത്തിന് ചൈനയുടെ പിന്തുണ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. നവംബറില്‍ ചൈന 200 ഓളം റഷ്യന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കി, അവരില്‍ ചിലര്‍ പിന്നീട് ഉക്രെയ്‌നിലെ യുദ്ധത്തില്‍ ചേര്‍ന്നു എന്നായിരുന്നു ആ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

Russia reportedly approved secret military training for Chinese personnel at the highest levels of government, according to sources familiar with the matter. The reported cooperation underscores the growing strategic and defense ties between Moscow and Beijing amid shifting global geopolitical dynamics. Neither government has publicly confirmed the reported details.