സാൻ ഡിയേഗോയിലെ ഇസ്ലാമിക് സെന്ററിനുള്ളിൽ നടന്ന വെടിവെപ്പില്‍ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. മതവിദ്വേഷമാണ് 19ഉം 17ഉം വയസ്സുള്ള കൌമാരക്കാരെ പള്ളിക്കുള്ളില്‍ കയറി മൂന്ന് പേരെ വെടിവെച്ചു കൊല്ലാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. ഇക്കാര്യത്തില്‍ അന്വേഷണസംഘം കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണ്. ആക്രമണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള സജീവ ശ്രമങ്ങള്‍ തുടരുകയാണെന്ന് സാൻ ഡിയേഗോ പൊലീസ് മേധാവി സ്കോട്ട് വാൽ മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റവാളികള്‍ ആരൊക്കെ?
ആക്രമണം നടക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുന്‍പ് അക്രമികളിലൊരാളുടെ വീട്ടില്‍നിന്ന് പൊലീസിന് ലഭിച്ച ഫോണ്‍കോളാണ് നിർണായക വഴിത്തിരിവായത്. രാവിലെ 9.42ഓടെ വീട്ടിൽ നിന്ന് പോയ മകൻ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്നും വീട്ടിലുണ്ടായിരുന്ന ആയുധങ്ങളും വാഹനവും കാണാനില്ലെന്നുമായിരുന്നു പൊലീസിനെ അക്രമിയുടെ മാതാവ് അറിയിച്ചത്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ രാവിലെ 11.43ഓടെ എക്സ്ട്രോം അവന്യൂവിലെ ഇസ്ലാമിക് സെന്ററിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട് ലഭിച്ചു. നാല് മിനിറ്റിനുള്ളിൽ പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു.
വെടിവയ്പ്പ് നടന്നേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്ന് നൂറോളം പൊലീസ് ഉദ്യോഗസ്ഥർ ഇസ്ലാമിക് സെന്ററിലേക്ക് പ്രവേശിച്ചതായി അധികൃതർ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോൾ കെട്ടിടത്തിന് പുറത്തായി മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കെട്ടിടത്തിനുള്ളിലെ എല്ലാ മുറികളും പരിശോധിക്കുന്നതിനായി വാതിലുകൾ തകർത്താണ് പൊലീസ് അകത്ത് പ്രവേശിച്ചത്. സംഭവത്തിനിടെ പൊലീസ് വെടിയുതിർക്കേണ്ട സാഹചര്യം ഉണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി.
പള്ളി പരിസരം സുരക്ഷിതമാക്കുന്നതിനിടയിൽ സമീപത്തുള്ള ബ്ലോക്കിൽ വീണ്ടും വെടിവയ്പ്പ് നടന്നതായി പൊലീസ് അറിയിച്ചു. ലാൻഡ്സ്കേപ്പ് ജോലിക്കാരനായ ഒരാൾക്ക് നേരെ വെടിയുതിർത്തെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ രണ്ട് ആക്രമികളെയും മരിച്ചനിലയിൽ കണ്ടെത്തി. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.
അക്രമികള്‍ രണ്ടുപേരും കൗമാരക്കാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 17, 19 വയസ്സുള്ളവരാണ് ഇരുവരും. ഒരാൾ മാഡിസൺ ഹൈസ്കൂളുമായി ബന്ധമുള്ളയാളാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന് മുമ്പ് യുവാവിന്റെ അമ്മ കണ്ടെത്തിയ കുറിപ്പിൽ മതവിദ്വേഷം പ്രേരണയായി ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ടെങ്കിലും, ഇസ്ലാമിക് സെന്ററിനെതിരെ നേരിട്ടുള്ള ഭീഷണി ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. മരിച്ചവരിൽ പള്ളിയിലെ സുരക്ഷാ ജീവനക്കാരനും ഉൾപ്പെടുന്നു. ആക്രമണം തടയുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചതായും കൂടുതൽ ജീവൻ രക്ഷിച്ചതായും അധികൃതർ അറിയിച്ചു.
ഇസ്ലാമിക് സെന്ററിന്റെ പശ്ചാത്തലവും പ്രവർത്തനങ്ങളും
ആക്രമണം നടന്ന ഇസ്ലാമിക് സെന്റർ ഓഫ് സാൻ ഡിയേഗോ, സാൻ ഡിയേഗോ കൗണ്ടിയിലെ പ്രധാന പള്ളികളിലൊന്നാണ്. 5,000-ലധികം ആളുകളുടെ സമൂഹത്തിന് സേവനം നൽകുന്ന കേന്ദ്രത്തിൽ അൽ റാഷിദ് സ്കൂളും പ്രവർത്തിക്കുന്നു. ഇവിടെ കുട്ടികൾക്കായി അറബിക്, ഇസ്ലാമിക പഠനം, ഖുർആൻ ക്ലാസുകൾ എന്നിവയും നടത്തപ്പെടുന്നു. ദിവസേന അഞ്ച് നേരം പ്രാർത്ഥന, വെള്ളിയാഴ്ച ഖുത്ബ, വിവിധ ക്ലാസുകൾ, കമ്മ്യൂണിറ്റി സെമിനാറുകൾ എന്നിവയും സെന്ററിൽ നടക്കാറുണ്ട്. ഇവിടെ പ്രാർത്ഥനയ്ക്കും പഠനത്തിനും വിവിധ സാമൂഹിക ചടങ്ങുകൾക്കുമായി ആളുകൾ എത്തുന്നതാണെന്നും, മുസ്ലീങ്ങൾ മാത്രമല്ല വിവിധ മതവിഭാഗങ്ങളിലുള്ള ആളുകളും സെന്ററിൽ എത്താറുണ്ടെന്നും ഇമാം തഹ ഹസ്സാൻ വ്യക്തമാക്കി. ആരാധനാലയത്തെ ലക്ഷ്യമിടുന്നത് അത്യന്തം ക്രൂരമായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇസ്ലാമോഫോബിയക്കെതിരെ പ്രതിഷേധം ശക്തം
പ്രാർത്ഥനയ്ക്കോ പഠനത്തിനോ പോകുന്നവർ സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് സിഎഐആർ സാൻ ഡിയേഗോ എക്സിക്യൂട്ടീവ് ഡയറക്ടർ തസീൻ നിസാം പറഞ്ഞു. ഇസ്ലാമോഫോബിയ അമേരിക്കയിലെ മുസ്ലീം സമൂഹങ്ങളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ന്യൂയോർക്ക് സംസ്ഥാന നിയമസഭാംഗം സോഹ്റാൻ മംദാനി പ്രതികരിച്ചു.
അതേസമയം, അമേരിക്കയിൽ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ വീണ്ടും മുന്നറിയിപ്പ് നൽകി. 2001 സെപ്റ്റംബർ 11 ആക്രമണങ്ങൾക്ക് ശേഷം രാജ്യത്ത് മുസ്ലീം വിരുദ്ധ വികാരം ഉയർന്നതായി ദീർഘകാല റിപ്പോർട്ടുകൾ. 2025ൽ മാത്രം 8,683 മുസ്ലീം വിരുദ്ധവും അറബ് വിരുദ്ധവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചതായി സിഎഐആർ അറിയിച്ചു. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. സമീപ വർഷങ്ങളിലായി പള്ളികൾ, ഇസ്ലാമിക് സ്കൂളുകൾ, മുസ്ലീം കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങളും ഭീഷണികളും വർധിച്ചുവരുന്നതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
English Summary: A shooting at the Islamic Center in San Diego, California, left three people dead. Police suspect the attackers were two teenagers who later died by suicide. Authorities are investigating possible hate-motivated intent behind the incident.