International

സൗദി ആവശ്യപ്പെട്ടു, ഹൂതികള്‍ക്കെതിരെ സൈനിക നീക്കത്തിനൊരുങ്ങി പാകിസ്താന്‍; മക്ക കരാര്‍ നിര്‍ണ്ണായക വഴിത്തിരിവില്‍

അംഗരാജ്യങ്ങളിലൊന്നിന് നേരെ ഉണ്ടാകുന്ന ആക്രമണം എല്ലാവര്‍ക്കും നേരെയാണെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കിക്കഴിഞ്ഞു

Madism Desk

സൗദി അറേബ്യയുടെ അഭ്യര്‍ത്ഥന മാനിച്ച് യെമനിലെ ഹൂതി സേനയ്ക്കെതിരെ വ്യോമാക്രമണം നടത്താന്‍ പാകിസ്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നീക്കം ഉടന്‍ ഉണ്ടായേക്കാമെന്നും സഅദ ഉള്‍പ്പെടെയുള്ള ഹൂതി കേന്ദ്രങ്ങളില്‍ നിന്ന് വിമതരെ തുരത്തുക എന്നതായിരിക്കും പാകിസ്താന്റെ സൈനിക മുന്‍ഗണനയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കഴിഞ്ഞ ദിവസം സൗദിയില്‍ വിവിധ പ്രദേശങ്ങളില്‍ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 70-ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ആരംകോയുടെ എണ്ണ സംഭരണശാലകള്‍ക്ക് തീപ്പിടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സൗദിയുടെ പുതിയ നീക്കം.

2022-ലെ വെടിനിര്‍ത്തല്‍ തകര്‍ന്നതിന് ശേഷം സൗദിയുടെ എണ്ണ സൗകര്യങ്ങള്‍ക്കും ടാങ്കറുകള്‍ക്കും നേരെ ഹൂതികള്‍ ആക്രമണം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി രൂക്ഷമാകവെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ സൗദിക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിക്കുകയും സൗദി കപ്പലുകളെ ആക്രമിക്കുകയും ചെയ്തിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടല്‍ കാരണം നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന സൗദിയുടെ എണ്ണ കയറ്റുമതിയെ ഇത് കൂടുതല്‍ ബാധിച്ചു.

യെമനിലെ സൈദി ഷിയാ വിഭാഗമായ അന്‍സാര്‍ അല്ല എന്നറിയപ്പെടുന്ന ഹൂത്തികള്‍ കഴിഞ്ഞ ദിവസം അബ്ഹ, ജിസാന്‍, നജ്‌റാന്‍, ഖമീസ് മുശൈത് തുടങ്ങിയ സൗദി നഗരങ്ങളെയും ഊര്‍ജ്ജ നിലയങ്ങലെയുമാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. ഇതിനു മറുപടിയായി സൗദി ചൊവ്വാഴ്ച യെമനില്‍ ശക്തമായ തിരിച്ചടി നല്‍കി. സൗദി ആക്രമണത്തിന് പിന്നാലെ അല്‍ ജൗഫില്‍ മരണങ്ങള്‍ സംഭവിച്ചതായി ഹൂതി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്‌തെങ്കിലും സൗദി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിര്‍ണ്ണായകമാവുന്ന മക്ക കരാര്‍

സൗദി അറേബ്യ, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച 'മക്ക സംയുക്ത പ്രതിരോധ കരാര്‍' (Mecca Joint Defense Agreement) ഈ ഘട്ടത്തില്‍ നിര്‍ണ്ണായകമാവുകയാണ്. അംഗരാജ്യങ്ങളിലൊന്നിന് നേരെ ഉണ്ടാകുന്ന ആക്രമണം എല്ലാവര്‍ക്കും നേരെയാണെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കിക്കഴിഞ്ഞു. സൗദി അറേബ്യയ്ക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും മക്ക കരാറിനെ സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'ഈ കരാറിന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്, ആവശ്യമെങ്കില്‍ അല്ലാഹുവിന്റെ സഹായത്താല്‍ ഞങ്ങള്‍ അത് നിറവേറ്റും,' അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണമുണ്ടായാല്‍ പരസ്പര പ്രതിരോധത്തിന് പ്രതിജ്ഞാബദ്ധമാണ്. നാറ്റോയിലെ രണ്ടാമത്തെ വലിയ സൈന്യമായ തുര്‍ക്കി, ആണവശക്തിയായ പാകിസ്താന്‍, സാമ്പത്തിക ശേഷിയുള്ള മുന്‍നിര ഗള്‍ഫ് ശക്തിയായ സൗദി അറേബ്യ എന്നിവരാണ് ഈ കരാറിലുള്ളത്. ഓഗസ്റ്റില്‍ 8,000 സൈനികരെയും ഫൈറ്റര്‍ ജെറ്റുകളെയും ഡ്രോണുകളെയും പാകിസ്താന്‍ സൗദിയിലേക്ക് അയച്ചിരുന്നു. അതിര്‍ത്തി സംരക്ഷണം, ഇന്റലിജന്‍സ് പങ്കുവെക്കല്‍ എന്നിവയായിരുന്നു ഇതുവരെയുള്ള ചുമതല.

രാഷ്ട്രീയ വിശകലനങ്ങളും വെല്ലുവിളികളും

സൗദിയെ നേരിട്ട് സഹായിക്കാന്‍ വ്യോമാക്രമണത്തില്‍ പങ്കാളികളാകുന്നത് പാകിസ്താന്റെ പ്രാദേശിക സുരക്ഷാ നയത്തിലെ വലിയൊരു മാറ്റമായിരിക്കും. മക്ക കരാര്‍ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള പതിറ്റാണ്ടുകളുടെ തന്ത്രപരമായ സഹകരണത്തിന് ഔദ്യോഗിക രൂപം നല്‍കിയെങ്കിലും, ഒരു ആക്രമണോത്സുക സൈനിക സഖ്യമാകുന്നതിനേക്കാള്‍ 'കൂട്ടുത്തരവാദിത്തത്തോടെയുള്ള പ്രതിരോധത്തിനാണ്' കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ലക്ഷ്യങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകാം.

വാഷിങ്ടണ്‍ ആസ്ഥാനമായുള്ള രാഷ്ട്രീയ നിരീക്ഷകന്‍ സീഷാന്‍ ഷായുടെ അഭിപ്രായത്തില്‍, പാകിസ്താന്റെ പങ്കാളിത്തം ബോംബാക്രമണത്തിന് പകരം ലോജിസ്റ്റിക്കല്‍ പിന്തുണയില്‍ മാത്രമായി ഒതുങ്ങാനും സാധ്യതയുണ്ട്. 2015-ല്‍ ഹൂതികള്‍ക്കെതിരെയുള്ള സൗദിയുടെ സൈനിക നീക്കത്തില്‍ നേരിട്ട് പങ്കാളികളാകാനുള്ള നിര്‍ദ്ദേശം പാകിസ്താന്‍ പാര്‍ലമെന്റ് തള്ളിയ ചരിത്രവുമുണ്ട്. മറ്റൊന്ന്, യെമനില്‍ നേരിട്ട് വ്യോമാക്രമണം നടത്തുന്നത് പാകിസ്താന് ഇറാനുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കാം. കൂടാതെ യു.എസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പാകിസ്താന്റെ മധ്യസ്ഥ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും.

Pakistan is reportedly considering launching airstrikes against Yemen’s Houthi forces following a request from Saudi Arabia, although no final decision has been made. The possible operation comes after Houthi attacks on Saudi cities and energy facilities, which reportedly injured more than 70 people and caused fires at Aramco oil storage facilities. The newly signed Mecca Joint Defense Agreement between Saudi Arabia, Pakistan and Türkiye could become a key factor, as Pakistan’s Defence Minister Khawaja Asif has said that an attack on one member would be treated as an attack on all. However, direct Pakistani military involvement in Yemen could mark a major shift in Islamabad’s regional security policy and create diplomatic complications with Iran. Pakistan may therefore limit its role to logistical and intelligence support rather than direct airstrikes.