International

'ഞങ്ങള്‍ ഉത്തരവാദിത്തം മറന്നിരുന്നു, മാപ്പ്', തെരഞ്ഞെടുപ്പിന് പിന്നാലെ സെര്‍ബിയന്‍ ടി വി ചാനല്‍

വിദ്യാർഥി മുന്നേറ്റത്തിന്റെ വിജയത്തിന് പിന്നാലെ വർഷങ്ങളായുള്ള ഏകപക്ഷീയ വാർത്താ അവതരണത്തിൽ വീഴ്ച സമ്മതിച്ച് പൊതുമാധ്യമം; പിന്നാലെ ആക്ടിങ് എഡിറ്റർ ഇൻ ചീഫ് രാജിവച്ചു.

Madism Desk

ഭരണകൂടത്തിന് അനൂകൂലമായി പക്ഷപാതപരമായി വാര്‍ത്ത നല്‍കിയതിൽ മാപ്പുപറഞ്ഞ് പൊതുമാധ്യമമായ റേഡിയോ ടെലിവിഷൻ ഓഫ് വോയ്‌വോഡിന. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമം സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടെന്ന് വാർത്താ അവതരണത്തിനിടെ അവതാരകൻ ഗോറാൻ എറോർ പറഞ്ഞു.

തിങ്കളാഴ്ചത്തെ വാർത്താ ബുള്ളറ്റിൻ ആരംഭിച്ചത് തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് വിദ്യാർഥി അനുകൂലികൾ നടത്തിയ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തുകൊണ്ടായിരുന്നു. മുൻദിവസം നടന്ന ആഘോഷങ്ങൾ വാർത്തയിൽ ഉൾപ്പെടുത്താതിരുന്നതിനെക്കുറിച്ചും വാര്‍ത്ത അവതാരകൻ പരാമർശിച്ചു. വർഷങ്ങളായി പല വിഷയങ്ങളിലും മൗനം പാലിക്കുകയും സംഭവങ്ങളെ ഏകപക്ഷീയമായി അവതരിപ്പിക്കുകയും ആവശ്യമായ ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇതിന് പ്രേക്ഷകരോട് ക്ഷമാപണം നടത്തുന്നതായും വ്യക്തമാക്കി.

ക്ഷമാപണത്തിന് പിന്നാലെ RTV-യുടെ ഒന്നാം ചാനലിന്റെ ആക്ടിങ് എഡിറ്റർ ഇൻ ചീഫ് നെനാദ് ചാസിച്ച് രാജിവച്ചു. മാധ്യമത്തിന്റെ എഡിറ്റോറിയൽ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരുടെ സംഘടന നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. സർക്കാരിന് അനുകൂലമായ റിപ്പോർട്ടിങ് നടത്തിയെന്ന ആരോപണങ്ങളും ചാനലിനെതിരെ ഉയർന്നിരുന്നു.

ഒക്ടോബർ 25-ന് നടന്ന തിരഞ്ഞെടുപ്പിൽ അലക്സാണ്ടർ വുസിച്ചിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെ പരാജയപ്പെടുത്തിയാണ് വിദ്യാർഥി മുന്നേറ്റം വിജയം നേടിയത്. പ്രാഥമിക ഫലങ്ങൾ പ്രകാരം 250 അംഗ പാർലമെന്റിൽ സ്റ്റുഡന്റ് ലിസ്റ്റിന് 140 സീറ്റുകളും വുസിച്ചിന്റെ സഖ്യത്തിന് 104 സീറ്റുകളുമാണ് ലഭിച്ചത്.

2024 നവംബറിൽ നോവി സാദിലെ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് 16 പേർ മരിച്ച സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് വിദ്യാർഥി പ്രസ്ഥാനത്തിന് ജനപിന്തുണ വർധിപ്പിച്ചത്. അഴിമതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭം പിന്നീട് അഴിമതിക്കും ഭരണകൂടത്തിന്റെ നടപടികൾക്കുമെതിരായ ശക്തമായ ജനകീയ മുന്നേറ്റമായി മാറുകയായിരുന്നു.

വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ട ‘സ്റ്റുഡന്റ് ലിസ്റ്റ് – സ്റ്റുഡന്റ്സ് വിൻ’ വിവിധ മേഖലകളിൽ നിന്നുള്ള സ്ഥാനാർഥികളെയാണ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. മെഡിക്കൽ, വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ളവരും പട്ടികയിൽ ഉൾപ്പെട്ടു. പരമ്പരാഗത പ്രതിപക്ഷ പാർട്ടികളിൽ ചിലത് സ്വന്തം സ്ഥാനാർഥികളെ നിർത്താതെ വിദ്യാർഥി മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സ്വകാര്യ ടെലിവിഷൻ ചാനലായ ഇൻഫോർമറിന്റെ ന്യൂസ്‌റൂമിലേക്കും പ്രതിഷേധക്കാർ കടന്നുകയറി. എഡിറ്റർ ഡ്രാഗൻ വുസിച്ചേവിച്ചിനോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമെന്നാണ് ചാനൽ വിശേഷിപ്പിച്ചത്.

സെർബിയയിലെ തിരഞ്ഞെടുപ്പ് ഫലവും തുടർന്നുണ്ടായ സംഭവവികാസങ്ങളും മാധ്യമങ്ങളുടെ സ്വാതന്ത്ര്യം, രാഷ്ട്രീയ പക്ഷപാതം, പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകിയിരിക്കുകയാണ്.

Serbian public broadcaster RTV apologised for years of biased reporting following the electoral victory of the student-led movement, Student List. News presenter Goran Eror admitted that the broadcaster had failed to question authorities and provide balanced coverage. The apology was followed by the resignation of acting editor-in-chief Nenad Ćaćić, reigniting debate over media independence, political influence and journalistic accountability in Serbia.