International

തെറ്റ് ചെയ്താല്‍ മൂന്ന് അടി; ബ്രിട്ടീഷ് കാലത്തെ ചൂരല്‍ പ്രയോഗം സ്‌കൂളില്‍, വിവാദ നിയമം സിംഗപ്പൂരില്‍

ശിക്ഷയ്ക്കുശേഷം കുട്ടിയുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ കൗണ്‍സിലിങ്ങും നിരീക്ഷണവും

Madism Desk

കുട്ടികൾക്കെതിരെ അധ്യാപകർ നടത്തുന്ന ചൂരൽപ്രയോഗം ഇന്ന് അംഗീകരിക്കപ്പെടുന്ന ഒന്നല്ല. എന്നാൽ വിദ്യാർത്ഥികൾക്കു ശിക്ഷയായി 'ചൂരല്‍ പ്രയോഗം' നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഒരു രാജ്യം. സഹപാഠികളെ ഉപദ്രപവിക്കുന്നവർക്കെതിരെ 'ചൂരല്‍ പ്രയോഗം' നടത്താനാണ് നിര്‍ദേശം. ആൺകുട്ടികൾക്കു മാത്രമാണ് ശിക്ഷ.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്കും സൈബര്‍ ബുള്ളിയിങ്ങിനും തടയിടാന്‍ ലക്ഷ്യമിട്ട് സിംഗപ്പൂര്‍ ഭരണകൂടമാണ് ഈ ശിക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് തിരുത്തല്‍ നടപടികളെല്ലാം പരാജയപ്പെടുമ്പോള്‍ മാത്രം സ്വീകരിക്കേണ്ട 'അവസാന മാര്‍ഗം' എന്ന നിലയിലാണ് ഈ ശിക്ഷാനടപടിയെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത പുതിയ നിയമങ്ങള്‍ പ്രകാരം കുറ്റം ചെയ്യുന്ന ആണ്‍കുട്ടികള്‍ക്ക് പരമാവധി മൂന്ന് അടി‍ നല്‍കാനാണ് അനുമതി.

മറ്റു തിരുത്തല്‍ നടപടികളെല്ലാം പരാജയപ്പെടുമ്പോള്‍ മാത്രം സ്വീകരിക്കേണ്ട 'അവസാന മാര്‍ഗം' എന്ന നിലയിലാണ് ഈ ശിക്ഷാനടപടിയെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. വിദ്യാര്‍ഥിയുടെ പക്വത, ഈ ശിക്ഷാ നടപടി തന്റെ തെറ്റില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാനും ചെയ്ത കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനും വിദ്യാര്‍ഥിയെ സഹായിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ സ്‌കൂളുകള്‍ പരിഗണിക്കുമെന്നു നിർദേശത്തിൽ പറയു. ശിക്ഷയ്ക്കുശേഷം കുട്ടിയുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ കൗണ്‍സിലിങ്ങും നിരീക്ഷണവും ഏര്‍പ്പെടുത്തുമെന്നും നിർദേശത്തിൽ പറയുന്നുണ്ടെങ്കിലും പുതിയ തീരുമാനം സംബന്ധിച്ച് ആശങ്ക ശക്തമാണ്.

കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക ശിക്ഷാരീതികളെ ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സിയായ യുനിസെഫ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ശിക്ഷകള്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കാലക്രമേണ സ്വഭാവ വൈകല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നുമാണ് ഏജന്‍സികളുടെ വാദം.

കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍

ശിക്ഷാ നടപടി അധ്യാപകരുടെ തന്നിഷ്ടപ്രകാരം നടപ്പാക്കാന്‍ കഴിയില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ഡെസ്മണ്ട് ലീ പറയുന്നത്. ഇതിനായി കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, മറ്റ് നടപടികളെല്ലാം പര്യാപ്തമല്ലാതെ വരുമ്പോള്‍ മാത്രമേ ചൂരല്‍ പ്രയോഗം നടത്തുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭാംഗങ്ങളോട് പറഞ്ഞു.

''വിദ്യാര്‍ഥിയുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പിന്തുടരും. ഉദാഹരണത്തിന്, ചൂരല്‍ പ്രയോഗത്തിന് പ്രിന്‍സിപ്പല്‍ അംഗീകാരം നല്‍കണം, കൂടാതെ അധികാരപ്പെടുത്തിയ അധ്യാപകര്‍ മാത്രമേ ഇത് നടപ്പിലാക്കാവൂ,'' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ സ്‌കൂളുകളില്‍ നടന്ന ചില പ്രമാദമായ ബുള്ളിയിങ് സംഭവങ്ങള്‍ പൊതുശ്രദ്ധ നേടിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം നീണ്ടുനിന്ന അവലോകനത്തിന് ശേഷമാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. അപ്പര്‍ പ്രൈമറി (9-12 വയസ്സ്) മുതല്‍ മുകളിലോട്ടുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ നിയമം ബാധകം. രാജ്യത്തെ നിലവിലെ നിയമപ്രകാരം സ്ത്രീകള്‍ക്ക് ചൂരല്‍ പ്രയോഗം നിരോധിച്ചിട്ടുള്ളതിനാല്‍ പെണ്‍കുട്ടികളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ഡിറ്റന്‍ഷന്‍, സസ്‌പെന്‍ഷന്‍ തുടങ്ങിയ ശിക്ഷകളാകും ഇവര്‍ക്ക് നല്‍കുക.

കൊളോണിയല്‍ നിയമം സ്‌കൂളുകളിലേക്ക്

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് ആദ്യമായി അവതരിപ്പിച്ച ജുഡീഷ്യല്‍ ചൂരല്‍ ശിക്ഷ ഇന്നും സിംഗപ്പൂരില്‍ നിയമപരമായ ശിക്ഷാരീതിയായി തുടരുന്നുണ്ട്. കൊള്ള, തട്ടിപ്പ്, അല്ലെങ്കില്‍ വിസ കാലാവധി കഴിഞ്ഞ് 90 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തുടരുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 50 വയസ്സിന് താഴെയുള്ള പുരുഷ കുറ്റവാളികള്‍ക്കാണ് ഈ ശിക്ഷ ലഭിക്കുക.

കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക ശിക്ഷകള്‍ ആഗോളതലത്തില്‍ ഇപ്പോഴും അതിശയകരമാംവിധം വര്‍ധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരം ശിക്ഷകള്‍ അവരുടെ മാനസിക വികാസത്തെ തടയുമെന്നും സ്വഭാവ വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നും ഡബ്ല്യൂ.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 0-18 വയസ്സ് പ്രായമുള്ള ഏകദേശം 120 കോടി കുട്ടികള്‍ വീടുകളില്‍ ശാരീരിക ശിക്ഷകള്‍ക്ക് വിധേയരാകുന്നുണ്ട്.

English Summary: The Singaporean government has introduced controversial new guidelines to address the rise of school violence and cyberbullying. The move authorises caning as a disciplinary measure for male students who harass or harm others.