കയറ്റുമതി മരാദ്യകള്‍ പാലിക്കാതെ, യുഎസില്‍ നിന്ന് അനധികൃത നേട്ടം സ്വന്തമാക്കിയെന്ന് ആരോപിച്ച് ഇന്ത്യയും ചൈനയും ജപ്പാനും യൂറോപ്യന്‍ യൂണിയനുമടക്കം 60 വ്യാപാരപങ്കാളികള്‍ക്ക് അധിക തീരുവ ചുമത്താന്‍ അമേരിക്ക. യുഎസ് ട്രേഡ് റപ്രസന്റേറ്റീവ്‌സ് ഓഫിസ് (യുഎസ്ടിആര്‍) ആണ് 12.5% വരെ അധിക ഇറക്കുമതി തീരുവ ശുപാര്‍ശ ചെയ്തിരിക്കുവന്നത്. 1974ലെ വ്യാപാര നിയമത്തിലെ 301-ാം വകുപ്പ് പ്രകാരമാണ് നടപടി. നിലവില്‍ ഈടാക്കുന്ന തീരുവയ്ക്ക് പുറമേയാണ് പുതിയ തീരുവ ബാധകമാകുക.
ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ഉള്‍പ്പെടെ 54 രാജ്യങ്ങള്‍ ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് യുഎസ്ടിആര്‍ നിലപാട്. ഈ രാജ്യങ്ങള്‍ക്ക് 12.5% തീരുവയാണ് ബാധകമാവുക. പൂര്‍ണമായോ ഭാഗികമായോ ചട്ടങ്ങള്‍ പാലിച്ച രാജ്യങ്ങള്‍ക്ക് 10% തീരുവയും യുഎസ്ടിആര്‍ ശുപാര്‍ശ ചെയ്തു. കാനഡ, മെക്‌സിക്കോ, യൂറോപ്യന്‍ യൂണിയന്‍, യുകെ, തായ്‌വാന്‍ എന്നിവയാണ് ഈ പട്ടികയിലുള്ളത്.
ഡല്‍ഹിയില്‍ ഇന്ത്യ-യുഎസ് പ്രതിനിധികള്‍ വ്യാപാരക്കരാര്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് യുഎസ്ടിആര്‍ പുതിയ താരിഫ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യാപാരക്കരാര്‍ ഇനിയും നീണ്ടേക്കുമെന്നാണ് മറ്റൊരു വിലയിരുത്തല്‍.
അമിത ലാഭം കൊയ്‌തെന്ന് ആക്ഷേപം-
കയറ്റുമതി മരാദ്യകള്‍ പാലിക്കാതെ, യുഎസില്‍ നിന്ന് അനധികൃത നേട്ടം സ്വന്തമാക്കിയെന്ന ആരോപണത്തില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സെക്ഷന്‍ 301 പ്രകാരം അന്വേഷണം നടത്തുന്നതിനെ ഇന്ത്യയും ചൈനയും യൂറോപ്യന്‍ യൂണിയനുമെല്ലാം ശക്തമായി എതിര്‍ത്തിരുന്നു. ഇത് പരിഗണിക്കാതെയാണ് ഇപ്പോഴത്തെ നീക്കം.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പകരച്ചുങ്കം ചുമത്തിയ ട്രംപിന്റെ നടപടിയില്‍ യുഎസ് കോടതിയില്‍ നേരത്തെ തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെ രാജ്യങ്ങള്‍ക്ക് മേല്‍ 10% ഇറക്കുമതി തീരുവ പിന്നീട് എല്ലാ രാജ്യങ്ങള്‍ക്കുംമേല്‍ പ്രഖ്യാപിച്ചെങ്കിലും അതും കോടതി അസാധുവാക്കിയിരുന്നു. നിലവില്‍ പകരംതീരുവ ഏര്‍പ്പെടുത്തും മുന്‍പുള്ള തീരുവയാണ് ഇന്ത്യയടക്കം പല രാജ്യങ്ങള്‍ക്കും ബാധകമായിട്ടള്ളത്. ഈ സാഹചര്യത്തിലാണ് അധികമായി ഇപ്പോള്‍ 12.5% വരെ തീരുവ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം.
പകരംതീരുവക്കേസില്‍ സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ തിരിച്ചടി നേരിട്ട ട്രംപ്, ഏതുവിധേനയും തീരുവകള്‍ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുള്ള 'വളഞ്ഞവഴി'യാണ് സെക്ഷന്‍ 301 പ്രകാരമുള്ള അന്വേഷണമെന്നായിരുന്നു പ്രധാന വിമര്‍ശനം.
അധിക താരിഫ് ഇന്ത്യയെ എങ്ങനെ ബാധിക്കും
യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി കൂടുതല്‍ ചെലവേറിയതായിത്തീരുമെന്നതാണ് താരിഫിന്റെ പ്രധാന തിരിച്ചടി. 12.5% താരിഫ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കും. ഇത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങലുടെ ഡിമാന്‍ഡിനെ പ്രതികൂലമായി ബാധിക്കുന്ന നിലയുണ്ടാകും. ഉപഭോക്താക്കാള്‍ വിലകുറഞ്ഞ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ തയ്യാറാകും.
യുഎസ് വിപണിയെ ആശ്രയിക്കുന്ന കയറ്റുമതി അധിഷ്ഠിത മേഖലകള്‍ വലിയ സമ്മര്‍ദം നേരിടും. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, എഞ്ചിനീയറിംഗ് സാധനങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍, യന്ത്രങ്ങള്‍, വ്യാവസായിക ഘടകങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്നും പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. തൊഴില്‍ മേഖലകളും, എംഎസ്എംഇകളും തിരിച്ചടി നേരിടും. യുഎസ് ഓര്‍ഡറുകളിലെ കുറവ് ആ വ്യവസായങ്ങളിലെ ഉത്പാദനം, നിക്ഷേപം, തൊഴില്‍ വളര്‍ച്ച എന്നിവയെ ബാധിച്ചേക്കാം.
അതേസമയം, വസ്ത്രങ്ങളും മറ്റ് തുണിത്തരങ്ങളും കുറഞ്ഞ തീരുവയോടെ യുഎസില്‍ ഇറക്കുമതി ചെയ്യുന്നതിനായി ഇളവ് നല്‍കുന്നതും യുഎസ്ടിആര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിര്‍ദ്ദേശം അനുസരിച്ച്, ചില മരുന്നുകള്‍, ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, അപൂര്‍വ-ഭൂമി വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ - ഒഴിവാക്കപ്പെട്ടേക്കാം. അത് ഇന്ത്യയുടെ കയറ്റുമതിയിലുള്ള മൊത്തത്തിലുള്ള ആഘാതം കുറയ്ക്കും.
English Summary: The United States has announced an additional 12.5% tariff on imports from several countries, including India and China, in a move widely viewed as an alternative approach to reciprocal tariffs. The decision is part of President Donald Trump's broader trade strategy aimed at protecting American industries, reducing trade deficits, and encouraging domestic manufacturing. The new tariff structure is expected to impact exporters from India and China, potentially affecting sectors such as manufacturing, electronics, textiles, and industrial goods. Analysts believe the move could reshape global trade dynamics and increase costs for businesses dependent on international supply chains.