ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ഖേഷം ദ്വീപിന് നേരെ വീണ്ടും ആക്രമണം നടത്തി അമേരിക്ക. കപ്പലുകള്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടതായും യുഎസ് സൈന്യം അറിയിച്ചു. ഇറാനില്‍ സ്വയംപ്രതിരോധ ആക്രമണം നടത്തി എന്നാണ് അമേരിക്കയുടെ വാദം. മധ്യേഷ്യയിലുടനീളം ഇറാന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ക്ക് മറുപടിയായാണ് ഖേഷം ദ്വീപില്‍ ആക്രമണം നടത്തിയതെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്‍ട്രോം) പറഞ്ഞു. പ്രത്യാക്രമണമായി കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങളും ഹെലികോപ്റ്ററുകളും ആക്രമിച്ചതായി ഇറാനും അറിയിച്ചു.
''കുവൈത്തിന് നേരെ ഇറാന്‍ തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ ലക്ഷ്യത്തിലെത്തുന്നതിന് മുന്‍പ് തന്നെ തകര്‍ത്തു. ബഹ്‌റൈനെ ലക്ഷ്യമാക്കി വന്ന മൂന്ന് മിസൈലുകള്‍ യുഎസിന്റെയും ബഹ്‌റൈന്റെയും വ്യോമപ്രതിരോധ സേനകള്‍ തടഞ്ഞുനിര്‍ത്തി നശിപ്പിച്ചു,'' സെന്‍ട്രല്‍ കമാന്‍ഡിന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ബഹ്‌റൈനിലും കുവൈത്തിലും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
മാസങ്ങള്‍ നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള കരാറില്‍ ഇറാനും അമേരിക്കയും സമവായതില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് വെടിനിര്‍ത്തല്‍ ചര്‍ച്ചകളും നിലച്ചു. ഇതോടെയാണ് ഇരു രാജ്യങ്ങളും വീണ്ടും ആക്രമണം തുടങ്ങിയത്. ഇറാന്റെ സൈനിക ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനെ ലക്ഷ്യമിട്ടായിരുന്നു ഖേഷം ദ്വീപിലെ അമേരിക്കയുടെ ആക്രമണം. നേരത്തെ, ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്റെ എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം നടത്തിയിരുന്നതായും കപ്പലിന്റെ എഞ്ചിന്‍ റൂമിന് കേടുപാടുകള്‍ വരുത്തിയതായും അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ യുഎസ്-ഇസ്രായേല്‍ കപ്പലിന് നേരെ നാവിക മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടിരുന്നു.
യുഎസിന്റെ അഞ്ചാം ഫ്‌ലീറ്റിന്റെ ആസ്ഥാനവും ഹെലികോപ്റ്ററുകളും ഉള്‍പ്പെടുന്ന യുഎസ് വ്യോമതാവളത്തിന് നേരെ ഐആര്‍ജിസി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഈ അവകാശവാദം അമേരിക്ക നിഷേധിക്കുകയും ചെയ്തു. അതേസമയം, ഇറാന്‍ ഒരു സമാധാനകരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹികുന്നുണ്ടെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വാരം ആദ്യം അറിയിച്ചിരുന്നു. സമാധാന കരാറിന്റെ നിബന്ധനകളില്‍ ട്രംപ് തിരുത്തലുകള്‍ ആവശ്യപ്പെട്ടതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമായിരുന്നു ട്രംപിന്റെ ഈ അറിയിപ്പ്.
അമേരിക്ക ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം ആറ് വാണിജ്യ കപ്പലുകള്‍ പ്രവര്‍ത്തനരഹിതമാക്കുകയും 122 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തതായി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കടലിടുക്ക് വീണ്ടും തുറക്കുന്നതിന് പകരമായി ഇറാന്‍ ഉപരോധങ്ങളില്‍ ഇളവ് വരുത്താന്‍ യുഎസ് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു.
English Summary: The United States carried out a strike on Iran’s Qeshm Island in the Strait of Hormuz, claiming it was a self-defense response to Iranian missile and drone attacks in the region. The US military said it intercepted missiles aimed at Kuwait and Bahrain, while Iran claimed it had targeted American bases and helicopters in both countries. The latest escalation follows the collapse of ceasefire and peace talks between Washington and Tehran, raising tensions across the Gulf region.