International

'ഇന്ത്യന്‍ കപ്പലുകള്‍ ആക്രമിച്ചത് തങ്ങളല്ല'; അമേരിക്കയുടെ ഹെല്‍ഫയര്‍ മിസൈലുകളെ ഇറാന്റെ ഡ്രോണുകളാക്കി മാറ്റി ട്രംപ്

എം/ടി ജൽവീർ' എന്ന കപ്പലിന് നേരെ രണ്ട് ഹെൽഫയർ മിസൈലുകൾ തൊടുക്കുന്നതിന്റെ വീഡിയോ സെൻ്റ്കോം പങ്കുവെച്ചു

Madism Desk

ഒമാനി തീരത്ത് ഇന്ത്യന്‍ ചരക്കുകപ്പല്‍ ആക്രമിച്ചത് ഇറാനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് സായുധ സേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് ഏറ്റെടുത്തതിന് പിന്നാലെയാണ് ചീഫ് കമാന്‍ഡര്‍ കൂടിയായ ട്രംപിന്റെ വിചിത്രമായ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പൂര്‍ണ്ണമായും ഇന്ത്യന്‍ ജീവനക്കാര്‍ നിയന്ത്രിച്ചിരുന്ന മൂന്ന് വാണിജ്യ ടാങ്കറുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു.

ഇറാനിലെ എണ്ണ വ്യാപാരത്തിന്മേലുള്ള യുഎസ് ഉപരോധം ലംഘിച്ചതിനാണ് ഈ കപ്പലുകള്‍ ആക്രമിച്ചതെന്ന് സെന്റ്‌കോം തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമായി പറയുന്നുണ്ട്. എം/ടി ജല്‍വീര്‍' എന്ന കപ്പലിന് നേരെ രണ്ട് ഹെല്‍ഫയര്‍ മിസൈലുകള്‍ തൊടുക്കുന്നതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചു. ഒപ്പം, ഉപരോധം എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്കെതിരെ നിഷ്പക്ഷമായി തുടരുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ വെള്ളിയാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി' ല്‍ ഇട്ട പോസ്റ്റിലാണ് ട്രംപ് ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്റെ മേല്‍ കെട്ടിവെച്ചത്.

ഇന്ത്യയുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ട്രംപിന്റെ ഡ്രോണ്‍ വാദം

'ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പുറപ്പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇന്നലെ രാത്രി അവര്‍ (ഇറാന്‍) നടത്തിയതും എന്നാല്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതുമായ ഡ്രോണ്‍ ആക്രമണം തികച്ചും അംഗീകരിക്കാനാവാത്തതാണ്,' ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇന്ത്യ ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന വരുന്നത്. 20 ഇന്ത്യന്‍ ജീവനക്കാരുള്ള മറ്റൊരു വാണിജ്യ കപ്പല്‍ കൂടി ഒമാന്‍ തീരത്തിന് സമീപം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്, വെള്ളിയാഴ്ച ഇന്ത്യ വീണ്ടും യുഎസ് നയതന്ത്ര പ്രതിനിധി ജെയ്‌സണ്‍ മീക്‌സിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

ഇറാന്‍ ഈ ആരോപണത്തെ ശക്തമായി തള്ളിക്കളഞ്ഞു. ട്രംപിന്റെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാനെന്നും ഇന്ത്യയിലെ ഇറാനിയന്‍ എംബസി വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. 'ഒരു ആഴ്ചയ്ക്കുള്ളില്‍ യുഎസ് മൂന്ന് ഇന്ത്യന്‍ കപ്പലുകള്‍ ആക്രമിക്കുകയും നിരപരാധികളായ ഇന്ത്യന്‍ നാവികരെ കൊലപ്പെടുത്തുകയും ചെയ്തു എന്ന ക്രൂരമായ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പൊതുജന ശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു ശ്രമം മാത്രമാണിത്. ഇത് തികച്ചും ലജ്ജാകരമാണ്', എംബസി കൂട്ടിച്ചേര്‍ത്തു.

യുഎസ് കമാന്‍ഡും ട്രംപും തമ്മിലുള്ള വൈരുദ്ധ്യം

ട്രംപിന്റെ വാദങ്ങള്‍ യുഎസ് സൈന്യം പറയുന്നതിന് തികച്ചും വിപരീതമാണ്. ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ച് കപ്പലുകള്‍ക്കെതിരെ ഹെല്‍ഫയര്‍ മിസൈലുകള്‍ ഉപയോഗിച്ചതായി സെന്റ്‌കോമിന്റെ പ്രസ്താവനയില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, പ്രസിഡന്റ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസില്‍ നിന്ന് മാറ്റി ഇറാന്റെ ഡ്രോണുകളിലേക്ക് തിരിച്ചുവിട്ടു. ഇത് വൈറ്റ് ഹൗസും സൈന്യവും ഒരേ സംഭവത്തെക്കുറിച്ചാണോ പരസ്യമായി സംസാരിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.

ഇറാന്‍ കപ്പല്‍ ഗതാഗതത്തിന്മേല്‍ നിലവിലുള്ള യുഎസ് ഉപരോധത്തിന് ഏപ്രില്‍ 13-ന് അനുമതി നല്‍കിയത് ട്രംപ് തന്നെയാണ്. സമാധാന കരാര്‍ അംഗീകരിക്കാന്‍ ഇറാനെ നിര്‍ബന്ധിതരാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ആ കരാര്‍ ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. ചീഫ് കമാന്‍ഡര്‍ എന്ന നിലയില്‍ ഈ നയത്തെ പിന്തുണച്ചുകൊണ്ട് യുഎസ് സൈന്യം നടത്തുന്ന എല്ലാ നടപടികളുടെയും അന്തിമ ഉത്തരവാദിത്തം ട്രംപിനാണ്. കാരണം, അദ്ദേഹത്തിന്റെ അധികാരത്തിന് കീഴില്‍ പുറപ്പെടുവിച്ച ഉത്തരവ് മൂലമാണ് ഈ ഉപരോധം നിലനില്‍ക്കുന്നത്.

ഇന്ത്യയ്ക്ക് ഇതില്‍ ആശങ്കപ്പെടാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പതാകയുള്ള 13 കപ്പലുകളിലായി 622 ഇന്ത്യന്‍ നാവികര്‍ നിലവില്‍ ഹോര്‍മുസ് കടലിടുക്കിന്റെ കിഴക്കും പടിഞ്ഞാറുമുള്ള കടല്‍പ്രദേശങ്ങളിലുണ്ട്. കൂടാതെ ഗള്‍ഫ് മേഖലയിലുടനീളമുള്ള നൂറുകണക്കിന് ചരക്കുകപ്പലുകളിലായി 18,000-ത്തോളം ഇന്ത്യന്‍ പൗരന്മാര്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട്തന്നെ സമുദ്ര ഗതാഗത സുരക്ഷാ തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയെയാണ്. അതേസമയം, യുഎസ് ആക്രമണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഈ നാവികര്‍ക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

English Summary: A controversy has erupted after US President Donald Trump claimed that Iran was responsible for a drone attack on Indian commercial vessels near the Omani coast, despite the US Central Command (CENTCOM) publicly acknowledging responsibility for the operation. CENTCOM stated that the vessels were targeted for allegedly violating US sanctions on Iranian oil and released footage showing Hellfire missile strikes on the tanker MT Jalveer.