International

0,100,200: ജനറിക് മരുന്നുകൾക്ക് കനത്ത തീരുവ, ഇന്ത്യക്ക് വീണ്ടും ട്രംപിന്റെ 'സമ്മാനം'

'ലോകത്തിന്റെ ഫാർമസി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ, അമേരിക്കയിലേക്കുള്ള ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ വിതരണക്കാരാണ്

Madism Desk

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉൽപ്പാദനം യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് മാറ്റുന്നതിനായി നിർമ്മാതാക്കൾക്ക് വർഷത്തെ സമയം നൽകും. അതിനുശേഷം ഭീമമായ ഇറക്കുമതി തീരുവ ചുമത്താനാണ് തീരുമാനം.

ജനറിക് മരുന്നുകളുടെ ഉത്പാദനം അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരുന്നതിനും ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചത്. പുതിയ പ്രഖ്യാപനപ്രകാരം, 2026 ഓഗസ്റ്റ് ഒന്ന് മുതൽ അടുത്ത രണ്ട് വർഷത്തേക്ക് പൂജ്യം നികുതിയായിരിക്കും ജനറിക് മരുന്നുകൾക്ക് ഉണ്ടാവുക. എന്നാൽ മൂന്നാം വർഷത്തിൽ (2028 ഓഗസ്റ്റ് മുതൽ) ഇത് 100 ശതമാനമായും, അതിനുശേഷം 200 ശതമാനമായും കുത്തനെ ഉയർത്തും.

തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയെ ആവും എന്നതിൽ സംശയം വേണ്ട. 'ലോകത്തിന്റെ ഫാർമസി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ, അമേരിക്കയിലേക്കുള്ള ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ വിതരണക്കാരാണ്. ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾ പ്രതിവർഷം ഏകദേശം 9 മുതൽ 10 ബില്യൺ ഡോളർ വരെ മൂല്യമുള്ള ജനറിക് മരുന്നുകളാണ് അമേരിക്കൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇത് യു.എസിൽ ഉപയോഗിക്കുന്ന ആകെ ജനറിക് മരുന്നുകളുടെ ഏകദേശം 40% വരും.

ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ അമേരിക്കയിലേക്കുള്ള ഔഷധ കയറ്റുമതി 10.5 ബില്യൺ ഡോളറായിരുന്നു. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളിൽ ഒന്നായി മരുന്നുകൾ മാറാൻ ഇതാണ് കാരണം.

ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (GTRI) തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, 2025-ൽ ഇന്ത്യ 9.7 ബില്യൺ ഡോളറിന്റെ ഔഷധങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആഗോള ഔഷധ കയറ്റുമതിയുടെ 38 ശതമാനമാണ്.

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അർബുദം (ക്യാൻസർ), പകർച്ചവ്യാധികൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി ഇന്ത്യയിൽ നിർമ്മിച്ച ജനറിക് മരുന്നുകൾ അമേരിക്കയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ട്രംപിന്റെ പുതിയ പ്രഖ്യാപനം ഇന്ത്യൻ കയറ്റുമതിക്കാരെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

വിപുലമായ ഉഭയകക്ഷി വ്യാപാര ചർച്ചകളുടെ ഭാഗമായി, ജനറിക് മരുന്നുകളുടെയും അവയുടെ നിർമ്മാണത്തിന് ആവശ്യമായ ചേരുവകളുടെയും കാര്യത്തിൽ "ചർച്ചകളിലൂടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ" ഇന്ത്യയും യു.എസും ഫെബ്രുവരിയിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ, ഈ ചർച്ചകൾ ഇന്ത്യൻ നിർമ്മാതാക്കൾക്ക് ഇളവുകളോ കുറഞ്ഞ താരിഫോ ലഭിക്കുന്നതിലേക്ക് നയിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

U.S. President Donald Trump has announced that the United States will gradually impose tariffs on imported generic medicines. Manufacturers will be given a one-year window to shift production to the U.S., after which steep import duties will come into effect.

India is expected to be the country most affected by the move. Often referred to as the "pharmacy of the world," India is the largest supplier of generic medicines to the United States. Indian pharmaceutical companies export generic drugs worth around $9–10 billion to the U.S. every year, accounting for nearly 40% of all generic medicines used in the country.