International

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്, സ്വന്തം ജനതയെ ഭയന്നാണ് ഇറാൻ ഇക്കാര്യം സമ്മതിക്കാത്തത്: ട്രംപ്

വെടിനിർത്തലിന്റെ ഭാഗമായി അമേരിക്ക മുന്നോട്ടുവെച്ച ഉപാധികൾ കഴിഞ്ഞദിവസം ഇറാൻ തള്ളിയിരുന്നു

Madism Desk

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം ലക്ഷ്യത്തിന് അരികെയെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം ലക്ഷ്യം നിവേറ്റപ്പെടുകയാണ്. ഇരുകൂട്ടരും തമ്മിൽ സമാധാന ചർച്ചകൾ നടക്കുന്നുവെന്ന സത്യം തുറന്നു സമ്മതിക്കാൻ ഇറാൻ നേതാക്കൾ ഭയപ്പെടുകയാണ്. സ്വന്തം ജനതയാൽ വധിക്കപ്പെടുമെന്ന ഭയമാണ്, സത്യം അംഗീകരിക്കുന്നതിൽനിന്ന് ഇറാൻ ഭരണകൂടത്തെ പിൻവലിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

വാസ്തവത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് താല്പര്യമുണ്ട്. ഭരണതലത്തിൽ അത് സംബന്ധിച്ച സജീവ ചർച്ചകളും പുരോ​ഗമിക്കുന്നുണ്ട്. പരസ്പര ധാരണയിൽ ഒരു കരാർ പ്രാബല്യത്തിൽ കൊണ്ട് വരുന്നതിനായും ഇറാന്റെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ട്. പക്ഷേ, സ്വന്തം ജനങ്ങളാൽ തന്നെ കൊല്ലപ്പെടുമെന്ന ചിന്തകളും അമേരിക്കൻ സൈന്യത്തിൻറെ തിരിച്ചടിയിൽ കൊല്ലപ്പെടുമെന്ന ആശങ്കകളും മൂലമാണ് ഇറാൻ നോതാക്കൾ ഇക്കാര്യം സമ്മതിക്കാത്തതെന്നും ട്രംപ് പരിഹസിച്ചു. യാഥാർത്ഥ്യത്തെ അംഗീകരിക്കാത്ത പക്ഷം മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത വിധം ശക്തമായ പ്രത്യാഘാതങ്ങൾ നേരിടാൻ ഇറാൻ സജ്ജമാക്കണമെന്നും പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും മുന്നറിയിപ്പ് നൽകി.

അതേസമയം, അനുനയ ചർച്ചകൾ സംബന്ധിച്ച അമേരിക്കൻ വാദങ്ങളെ ഇറാൻ പൂർണമായും തള്ളുകയാണ്. പ്രതിരോധം തുടരുമെന്നും ഇത് സംബന്ധിച്ച യാതൊരു ചർച്ചകൾക്കും തയ്യാറല്ലെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയത്. ഇറാന്റെ നയം പ്രതിരോധ തുടർച്ചയാണെന്നും അദ്ദേഹം സ്റ്റേറ്റ് ടിവിയിൽ പ്രതികരിച്ചു.

ചർച്ചകൾ വേണമെന്ന ആവശ്യത്തിലൂടെ അമേരിക്ക യുദ്ധ പരാജയം അംഗീകരിക്കുകയാണ്. ഇറാൻ മുന്നോട്ടു വച്ച 5 നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറായാൽ യുദ്ധം അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം അമേരിക്കയുടെ അത്യാധുനിക പോർ വിമാനമായ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായും ഇറാൻറെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു.

വെടിനിർത്തലിന്റെ ഭാഗമായി അമേരിക്ക മുന്നോട്ടുവെച്ച ഉപാധികൾ കഴിഞ്ഞ ദിവസം ഇറാൻ തള്ളിയിരുന്നു. വെടിനിർത്തലിനുള്ള ട്രംപിന്റെ 15 ഉപാധികൾ തള്ളുകയും പകരം യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ 5 നിബന്ധനകൾ മുന്നോട്ടുവെക്കുകയുമായിരുന്നു. ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പുനൽകണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം, ഇറാനിൽ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ. ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയായിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

English Summary: US President Donald Trump claimed Iran is secretly negotiating to end the war but fears internal backlash. Iran denied the claims, insisting it will continue resistance and laid out conditions for ending the conflict.