Donald Trump Donald Trump
International

‘അമേരിക്കൻ തിരഞ്ഞെടുപ്പ് അമേരിക്കക്കാർക്ക് മാത്രം’; നിയമവിരുദ്ധ വോട്ടിന് അറസ്റ്റ്, നാടുകടത്തൽ മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം

“പ്രസിഡന്റ് ട്രംപ് 100 ശതമാനവും ശരിയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പുകൾ അമേരിക്കക്കാർക്ക് മാത്രമുള്ളതാണ്,” ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

Madism Desk

അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർ നിയമവിരുദ്ധമായി വോട്ട് ചെയ്താൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളും ഇമിഗ്രേഷൻ നടപടികളും നേരിടേണ്ടിവരുമെന്ന് യു എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായി വോട്ട് ചെയ്യുന്നവരെ നാടുകടത്തൽ നടപടിക്ക് വിധേയരാക്കാനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങളുടെ കർശനമായ നടപ്പാക്കൽ ഉറപ്പാക്കും എന്ന് പ്രഖ്യാപിച്ചതിനിടെയാണ് പുതിയ മുന്നറിയിപ്പ്. അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർ നിയമവിരുദ്ധമായി പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യവും വീണ്ടും പ്രസക്തമാവുകയാണ്.

“പ്രസിഡന്റ് ട്രംപ് 100 ശതമാനവും ശരിയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പുകൾ അമേരിക്കക്കാർക്ക് മാത്രമുള്ളതാണ്,” ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. “അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്ന വിദേശികളോടുള്ള ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. നിങ്ങളെ കണ്ടെത്തും, അറസ്റ്റ് ചെയ്യും. നാടുകടത്തൽ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും,” എന്നും ഡിഎച്എസ് കൂട്ടിച്ചേർത്തു.

ഫെഡറൽ നിയമപ്രകാരം അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർക്ക് വോട്ട് ചെയ്യാൻ കഴിയില്ല. തിരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനോ വോട്ട് ചെയ്യുന്നതിനോ അമേരിക്കൻ പൗരനാണെന്ന തെറ്റായ അവകാശവാദം ഉന്നയിക്കുന്നതും നിയമം വിലക്കുന്നുണ്ട്. അതുകൊണ്ട് രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് മാത്രമല്ല ഡിഎച്എസിന്റെ മുന്നറിയിപ്പ് ബാധകമാകുന്നത്. നിയമപരമായി അമേരിക്കയിൽ കഴിയുന്ന പൗരന്മാരല്ലാത്തവർക്കും ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അനുവാദമില്ല.

അതേസമയം, പോസ്റ്റിലൂടെ ഏതെങ്കിലും പ്രത്യേക പുതിയ പരിശോധനയോ നടപടിയോ ആരംഭിച്ചതായി ഡിഎച്എസ് വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പിലെ നിയമലംഘനവുമായി ബന്ധപ്പെട്ട് നിലവിൽ പൗരന്മാരല്ലാത്തവർ എത്ര പേർ അന്വേഷണത്തിലാണ് എന്ന വിവരങ്ങളും വകുപ്പ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, സെപ്റ്റംബർ 18ന്, നിയമവിരുദ്ധമായി വോട്ട് ചെയ്യൽ, തിരഞ്ഞെടുപ്പിൽ അനധികൃതമായി രജിസ്റ്റർ ചെയ്യൽ, അമേരിക്കൻ പൗരത്വം സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 16 പേർക്കെതിരെ കേസെടുത്തതായി യു എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിരുന്നു.

ഈ അടുത്ത് ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തെന്നാരോപിച്ച് പൗരന്മാരല്ലാത്ത 2 പേർക്കെതിരെ ജോർജിയയിൽ പ്രോസിക്യൂട്ടർമാർ കേസെടുത്തിരുന്നു. അതുപോലെ ടെക്സസിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തെന്നും അമേരിക്കൻ പൗരത്വം സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ചെന്നും ആരോപിച്ച് പൗരന്മാരല്ലാത്ത 7 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഡിഎച്എസിന്റെ മുന്നറിയിപ്പിന് പശ്ചാത്തലമാകുന്നതാണ് ഈ കേസുകൾ. അതേസമയം, കേസുകളിലെ ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ അവ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

അമേരിക്കൻ ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ യു എസ് പൗരത്വം ആവശ്യമാണ്. യു എസ് പൗരനല്ലാത്ത ഒരാൾ ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുകയോ ബാലറ്റ് രേഖപ്പെടുത്തുകയോ ചെയ്യരുതെന്നാണ് നിയമം വ്യക്തമാക്കുന്നത്. ഇത്തരം നിയമലംഘനങ്ങളുടെ പ്രത്യാഘാതം ക്രിമിനൽ നടപടികളിൽ മാത്രം ഒതുങ്ങണമെന്നില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റമോ പൗരത്വത്തെക്കുറിച്ചുള്ള തെറ്റായ അവകാശവാദമോ പൗരന്മാരല്ലാത്തവരുടെ ഇമിഗ്രേഷൻ നടപടികളെയും ബാധിച്ചേക്കാം. കുടിയേറ്റ നിയമനടപടികൾക്കൊപ്പം തിരഞ്ഞെടുപ്പ് നിയമലംഘനങ്ങൾക്കെതിരായ നടപടികൾക്കും ഭരണകൂടം കൂടുതൽ പ്രാധാന്യം നൽകാനാണ് സാധ്യത.

The US Department of Homeland Security warned non-citizens against illegally voting in American federal elections, saying violations could lead to arrest, prosecution and immigration consequences, including deportation. The warning comes amid the Trump administration’s tougher immigration enforcement. Recent cases against non-citizens accused of election-related violations have renewed attention to the issue.