International

വെനിസ്വേലക്കുശേഷം ക്യൂബ; റൗള്‍ കാസ്‌ട്രോയെ കുറ്റവിചാരണ ചെയ്യാന്‍ അമേരിക്ക, സൈനികാക്രമണ ഭീതിയില്‍ രാജ്യം

മഡുറോയെ പിടികൂടിയശേഷം അടുത്തത് ക്യൂബയാണെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു

Madism Desk

വെനസ്വേലയ്ക്കുശേഷം ക്യൂബയെയും ലക്ഷ്യമിട്ട് അമേരിക്കൻ നീക്കം. രണ്ട് പതിറ്റാണ്ടിനു മുന്‍പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വിമാനങ്ങള്‍ വെടിവച്ചിട്ട സംഭവത്തില്‍ ക്യൂബയുടെ മുന്‍ നേതാവ് റൗള്‍ കാസ്‌ട്രോയെ കുറ്റവിചാരണ ചെയ്യാനുള്ള അമേരിക്കയുടെ നീക്കം രാജ്യത്ത് ആശങ്ക വര്‍ദ്ധിപ്പിച്ചു. കടുത്ത ഇന്ധനക്ഷാമം മൂലം ക്യൂബ പതിറ്റാണ്ടുകളിലെ ഏറ്റവും മോശമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം.

ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അഴിമതി നിറഞ്ഞതാണെന്ന് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. 94- കാരനായ റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത് ക്യൂബയ്ക്കെതിരെയുള്ള നീക്കങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കലായി മാറും. മയക്കുമരുന്നുകടത്ത് കുറ്റം ആരോപിച്ച് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നീക്കത്തിലൂടെ പിടികൂടുകയും അധികാരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്ത ട്രംപ്, അതേ തന്ത്രം തന്നെയാണ് ക്യൂബയ്ക്ക് മേലും പ്രയോഗിക്കുന്നത്. മഡുറോയെ പിടികൂടിയശേഷം അടുത്തത് ക്യൂബയാണെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

കുറ്റവിചാരണ ഭീഷണിയോട് ക്യൂബ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്കയുടെ ഉപരോധങ്ങളും വിലക്കുകളും സൈനികാക്രമണ ഭീഷണികളും നിലനില്‍ക്കുമ്പോഴും ക്യൂബ സോഷ്യലിസ്റ്റ് വികസനത്തിലേക്കുള്ള പാതയില്‍ മുന്നോട്ടുപോകുമെന്ന് ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു.

കുറ്റവിചാരണ അമേരിക്കയുമായുള്ള ചര്‍ച്ചകളെ വര്‍ഷങ്ങള്‍ പുറകോട്ട് കൊണ്ടുപോകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്നുമാണ് ക്യൂബന്‍ ജനതയുടെ പൊതുവെയുള്ള അഭിപ്രായം. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ സൈന്യത്തിന് നേതൃത്വം നല്‍കുകയും 2008 മുതല്‍ 2018 വരെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്ത റൗള്‍ കാസ്‌ട്രോയെ വിചാരണ ചെയ്യുന്നത് പ്രതിസന്ധി ഘട്ടത്തില്‍ ക്യൂബന്‍ ജനതയുടെ അന്തസ്സിന്മേലുള്ള കടന്നുകയറ്റമായാണ് ക്യൂബന്‍ ജനത കാണുന്നത്.

അമേരിക്കയും ക്യൂബയും തമ്മിലുള്ള വിയോജിപ്പുകള്‍ക്ക് ഫിദല്‍ കാസ്‌ട്രോയുടെ 1959-ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തോളം പഴക്കമുണ്ട്. കാസ്‌ട്രോ സോവിയറ്റ് യൂണിയനുമായി സഖ്യമുണ്ടാക്കുകയും അമേരിക്കന്‍ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ബിസിനസുകളും സ്വത്തുക്കളും പിടിച്ചെടുക്കുകയും ചെയ്തത് ഇരു രാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായുള്ള സംഘര്‍ഷത്തിന് കാരണമായി. കഴിഞ്ഞ ജനുവരി മുതല്‍ ട്രംപ് ഭരണകൂടം ക്യൂബയെ പൂര്‍ണമായി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണികള്‍ നിരന്തരം മുഴക്കുകയും സാമ്പത്തിക, വ്യാപാര, ഇന്ധന ഉപരോധങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കനേഡിയന്‍ മൈനിംഗ് കമ്പനിയായ ഷെറിറ്റ് ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള വിദേശ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് രാജ്യം വിടേണ്ടി വന്നു.

ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂ ആക്രമണം

'ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂ' എന്ന മനുഷ്യാവകാശ സംഘടനയുടെ രണ്ട് വിമാനങ്ങള്‍ 1996-ല്‍ ക്യൂബ വെടിവച്ചിട്ട സംഭവവുമായി ബന്ധപ്പെട്ടാണ് റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെയുള്ള കുറ്റപത്രമെന്ന് യു.എസ് നീതിന്യായ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കാനുള്ള നിയമാനുസൃതമായ നടപടിയായിരുന്നു അതെന്നാണ് അന്ന് ക്യൂബ വാദിച്ചത്. എന്നാല്‍ ഈ വെടിവെയ്പ് നടന്നത് അന്താരാഷ്ട്ര സമുദ്രപരിധിയിലാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അമേരിക്കന്‍ നിലപാടിനെയാണ് പിന്തുണച്ചത്.

ക്യൂബന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്ന വിമാനങ്ങള്‍ വെടിവച്ചിടാനുള്ള 'ഉത്തരവുകള്‍' പ്രകാരമാണ് ക്യൂബന്‍ സൈന്യം പ്രവര്‍ത്തിച്ചതെന്ന് ഫിദല്‍ കാസ്‌ട്രോ അന്ന് പറഞ്ഞിരുന്നു. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന തന്റെ സഹോദരന്‍ റൗള്‍ വിമാനം വെടിവച്ചിടാന്‍ പ്രത്യേക ഉത്തരവുകളൊന്നും നല്‍കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവില്‍ ഔദ്യോഗിക ഭരണപദവികള്‍ ഒന്നും വഹിക്കുന്നില്ലെങ്കിലും റൗള്‍ കാസ്‌ട്രോയെ ഇപ്പോഴും ക്യൂബന്‍ വിപ്ലവത്തിന്റെ പ്രതീകമായും രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ജീവിക്കുന്ന നേതാവുമായിട്ടാണ് കണക്കാക്കുന്നത്.

English Summary: The U.S Department of Justice plans to indict Cuba’s 94-year-old former leader and revolutionary icon, Raul Castro. The charges stem from a 1996 incident where the Cuban military shot down two humanitarian planes operated by the group 'Brothers to the Rescue' over what the U.S. and international bodies claim were international waters.