International

ഇറാൻ ചരക്കുകപ്പൽ പിടിച്ചെടുത്ത് അമേരിക്ക, വെടിനിർത്തൽ അപകടത്തിലാക്കുന്ന നടപടിയെന്ന് വിദഗ്ധർ; പശ്ചിമേഷ്യയിൽ ഇനിയെന്ത്?

സമാധാന ചർച്ചകളിൽനിന്ന് ഇറാൻ പിന്മാറുന്നു, പശ്ചിമേഷ്യയിൽ അതീവ ജാഗ്രത

Madism Desk

ഒമാൻ ഉൾക്കടലിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതോടെ പശ്ചിമേഷ്യയിൽ വീണ്ടും സ്ഥിതിഗതികൾ രൂക്ഷമാകുന്നു. ചൈനയിൽനിന്ന് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖം ലക്ഷ്യമിട്ടു വരികയായിരുന്ന 'തൂസ്ക' (TOUSKA) എന്ന കൂറ്റൻ ചരക്കുകപ്പലാണ് ഹോർമുസിനു സമീപം യുഎസ് യുദ്ധക്കപ്പലുകൾ വെടിവെച്ചശേഷം പിടിച്ചെടുത്തത്.

വിമാനവാഹിനിക്കപ്പലിനു സമാനമായി 900 അടിയോളം നീളമുള്ള ഇറാൻ പതാക വഹിക്കുന്നതാണ് യു എസ് പിടിച്ചെടുത്ത ചരക്കുകപ്പൽ. കപ്പൽ പിടിച്ചെടുത്ത കാര്യം യുഎസും ഇറാനും സ്ഥിരീകരിച്ചു.

കപ്പൽ പിടിച്ചെടുത്ത നടപടി: യുഎസ് നിലപാട്

അമേരിക്കൻ നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ടോയർ കപ്പലായ യുഎസ്എസ് സ്പ്രുവാൻസ് ഉപയോഗിച്ച് ചരക്കുകപ്പൽ ഒമാൻ കടലിടുക്കിൽ തടഞ്ഞെന്നാണ് യുഎസ് അവകാശപ്പെടുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെയാണ് കപ്പൽ പിടിച്ചെടുത്ത കാര്യം സ്ഥിരീകരിച്ചത്."ഞങ്ങളുടെ നാവിക ഉപരോധം മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ച തൂസ്കയെ ഫലപ്രദമായി തടയാൻ സൈന്യത്തിന് സാധിച്ചു," എന്ന് ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി.

900 അടിയോളം നീളമുള്ള കൂറ്റൻ ചരക്കുകപ്പൽ, അമേരിക്കൻ നാവികസേനയുടെ തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് യുഎസ് സൈനിക വക്താക്കൾ അറിയിച്ചു. കപ്പലിനുനേരെ യുഎസ് ഡിസ്ട്രോയർ നിരവധി റൗണ്ട് വെടിയുതിർത്തു. കപ്പലിന്റെ എൻജിൻ റൂം നശിപ്പിച്ചു.

നിലവിൽ യുഎസ് നാവികരുടെ കസ്റ്റഡിയിലാണ് കപ്പലും അതിലെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ജീവനക്കാരും. കപ്പലിലെന്താണെന്ന് യുഎസ് നാവികസേന പരിശോധിച്ചുവരികയാണ്. മറ്റു അമേരിക്കൻ സൈനികക്കപ്പലായ യുഎസ്എസ് ട്രിപ്പോളിയിൽനിന്ന് മറൈൻ സൈനികർ ഹെലികോപ്റ്ററിൽ ടൗസ്ക കപ്പലിൽ ഇറങ്ങിയതാണ് റിപ്പോർട്ട്.

"ഡിസ്ട്രോയർ യുഎസ്എസ് സ്പ്രുവാൻസിലെ അഞ്ച് ഇഞ്ച് എംകെ 45 ഗണ്ണിൽ നിന്ന് ടൗസ്കയുടെ എഞ്ചിൻ റൂമിലേക്ക് നിരവധി റൗണ്ടുകൾ വെടിവച്ചുകൊണ്ട് കപ്പലിന്റെ പ്രൊപ്പൽഷൻ പ്രവർത്തനരഹിതമാക്കി," സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.

തിരിച്ചടിക്കുമെന്ന് ഇറാൻ; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ

അമേരിക്കയുടെ നടപടിയെ 'സായുധ കടൽക്കൊള്ള' (Armed Piracy) എന്നാണ് ഇറാൻ ഔദ്യോഗികമായി വിശേഷിപ്പിച്ചത്. സംഭവത്തിന് വൈകാതെ തന്നെ മറുപടി നൽകുമെന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.“യുഎസ് സൈന്യത്തിന്റെ ഈ സായുധ കടൽക്കൊള്ളയ്‌ക്കെതിരെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സായുധ സേന ഉടൻ തിരിച്ചടി നൽകുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു,” ഇറാൻ സൈനിക വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം പറഞ്ഞു.

പുതിയ സംഭവം വരാനിരിക്കുന്ന സമാധാന ചർച്ചകളെയും ബാധിച്ചിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ പാകിസ്ഥാനിൽ നടക്കാനിരുന്ന രണ്ടാം വട്ട ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ സൂചന നൽകി. അമേരിക്ക ഏർപ്പെടുത്തിയ നിയമവിരുദ്ധമായ നാവിക ഉപരോധം പിൻവലിക്കാതെ ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന കർശന നിലപാടിലാണ് ടെഹ്‌റാൻ.

പശ്ചിമേഷ്യയിൽ ഇനിയെന്ത്?

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ ബുധനാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് ഇറാന്റെ കപ്പൽ യുഎസ് പിടിച്ചെടുത്തിരിക്കുന്നത്. ഇറാനുമായുള്ള ചർച്ചകൾക്കായി താൻ സംഘത്തെ ഇസ്ലാമാബാദിലേക്ക് അയയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നടന്ന ആക്രമണം പശ്ചിമസംഘർഷം അവസാനിപ്പിക്കാൻ യുഎസ് ആഗ്രഹിക്കുന്നില്ലെന്ന സൂചനകളാണ് നൽകുന്നത്.

തൂസ്ക പിടിച്ചെടുത്ത നടപടി കേവലമൊരു കപ്പൽ വേട്ടയല്ല, മറിച്ച് ഗൾഫ് മേഖലയിലെ അമേരിക്കൻ സ്വാധീനം ഉറപ്പിക്കാനുള്ള കൃത്യമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാനം.

ഇറാന്റെ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും അമേരിക്ക നടത്തിയ ഉപരോധം വെടിനിർത്തൽ ലംഘനമാണെന്നും അത് "നിയമവിരുദ്ധവും കുറ്റകരവുമാണ്" എന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായേൽ ബഗായ് കഴിഞ്ഞദിവസം പ്രതികരിച്ചത്. അതേസമയം, ഹോർമുസ് കടലിടുക്കിൽ രണ്ട് ഇന്ത്യൻ ചരക്കുകപ്പലുകൾക്കു നേരെ വെടിയുതിർത്തതിലൂടെ വെടിനിർത്തൽ ധാരണ ഇറാൻ ലംഘിച്ചുവെന്നാണ് യുഎസ് നിലപാട്.

ഇസ്രായേലും ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മിൽ 10 ദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്ച നിലവിൽ വന്നതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈകാതെ ഈ പ്രഖ്യാപനത്തിൽനിന്ന് ഇറാൻ പിന്മാറി. ഇരുരാജ്യങ്ങളും തമ്മിൽ അന്തിമ സമാധാനക്കരാറിൽ എത്തുന്നതുവരെ ഹോർമുസിനു സമീപം യുഎസ് ഉപരോധം തുടരുമെന്ന് ട്രംപ് പറഞ്ഞതാണ് ഇറാനെ പ്രകോപ്പിച്ചത്.

English Summary: The U.S. Navy reportedly seized an Iran-linked cargo ship, M/V Touska, in the Gulf of Oman after it allegedly attempted to bypass a U.S. naval blockade despite a fragile ceasefire. The vessel was intercepted and brought under U.S. control following warnings to stop, with reports indicating its engine room was disabled during the operation.