ചരിത്രത്തിൽ ആദ്യമായി, ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ് യു.എസ്. ഇറാന് നേരെയുള്ള യുദ്ധരഹസ്യങ്ങൾ ആരോ ചോർത്തുന്നുവെന്ന സംശയത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ വിചിത്ര നടപടി. അമ്പതോളം ഉദ്യോഗസ്ഥരിൽ പോളിഗ്രാഫ് പരിശോധന നടത്തിയതായാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനെതിരെയുള്ള യുദ്ധത്തിന്റെ തന്ത്രപ്രധാന വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു എന്നാണ് ട്രംപ് ഉദ്യോഗസ്ഥർക്ക് നേരെ ഉന്നയിക്കുന്ന ആരോപണം. ആരെങ്കിലും വിവരം ചോർത്തിയിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കാനും അങ്ങനെ ചെയ്യുന്നവർക്ക് താക്കീത് നൽകാനുമാണ് പരിശോധന. സൈനിക ഉദ്യോഗസ്ഥർ കൂടാതെ ചില സിവിലിയൻ ഉദ്യോഗസ്ഥരിലും പോളിഗ്രാഫ് പരിശോധന നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു പരിശോധനകൾ.
ദൂരപരിധിയുള്ള മിസൈലുകളും പേട്രിയറ്റ് ഇന്റർസെപ്റ്ററുകളും (മിസൈൽ പ്രതിരോധ സംവിധാനങ്ങൾ) പോലുള്ള യുദ്ധസാമഗ്രികളുടെ കുറവിനെക്കുറിച്ച് തുടർച്ചയായ വാർത്തകൾ വന്നതിന് പിന്നാലെയാണ് നുണപരിശോധന നടത്താൻ പെന്റഗൺ തീരുമാനിക്കുന്നത് എന്നാണ് വിവരം. പെന്റഗൺ നിലവിൽ ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. സുരക്ഷാസംബന്ധിയായ കാര്യങ്ങളൊന്നും പരസ്യമായി പറയാനാവില്ലെന്നാണ് പെന്റഗൺ വക്താവ് ജീൻ പാർനൽ വ്യക്തമാക്കിയത്.
എന്നാൽ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങൾ ചോരുന്നതിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമേരിക്കയുടെയും അമേരിക്ക ലോകത്താകമാനം വിന്യസിച്ചിരിക്കുന്ന സൈനികരുടെയും സുരക്ഷയ്ക്ക് ചില വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
മേയ് 5 മുതൽ, ഇറാൻ യുദ്ധത്തെക്കുറിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പത്രസമ്മേളനം നടത്തുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്തിട്ടില്ല. മാത്രമല്ല, പെന്റഗണിൽ മാധ്യമപ്രവർത്തകർക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതൊക്കെയാണ് അഭ്യൂഹങ്ങൾ വർധിക്കുന്നതിന് ഒരു പ്രധാന കാരണം.
യു.എസ്.എസ് അബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിലെ സാഹചര്യങ്ങളെക്കുറിച്ച് സ്റ്റാർസ് ആൻഡ് സ്ട്രൈപ്പ്സ് (Stars and Stripes) പത്രം വിമർശനാത്മകമായ വാർത്ത നൽകിയിരുന്നു. ഇതിനെത്തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ, കഴിഞ്ഞ മാസം പത്രത്തിന്റെ ചീഫ് എഡിറ്റർ എറിക് സ്ലേവിൻ, പബ്ലിഷർ മാക്സ് ലെഡറർ, മിഡിൽ ഈസ്റ്റ് റിപ്പോർട്ടർ ലാറ കോർട്ടെ എന്നിവരെ പെന്റഗൺ ഔദ്യോഗികമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടമുണ്ടായെന്നും ആയുധക്ഷാമം നേരിടുന്നുവെന്നുമുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയിരുന്നു. പേരെടുത്ത് പറയാതെ, ചില വ്യക്തികളെയും സംഘടനകളെയും രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ആയുധശേഖരം കുറയുന്നു എന്നത് നൂറ് ശതമാനം തെറ്റായ വാർത്തയെന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ പ്രതികരണം.
For the first time in history, the US has subjected senior military officials to polygraph tests. The Trump administration has taken the unusual step amid suspicions that someone is leaking war secrets related to the conflict with Iran. Around 50 officials have reportedly undergone polygraph tests, according to The New York Times.