International

യെമൻ സംഘർഷം രൂക്ഷമാകുന്നു; സൗദിക്ക് നേരെ ആക്രമണം ശക്തമാക്കി ഹൂതി വിമതർ, എണ്ണവില കുതിച്ചുയരുന്നു

യെമനിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു.

Madism Desk

യെമൻ സംഘർഷം കൂടുതൽ സങ്കീർണ്ണമായ തലങ്ങളിലേക്ക് കടക്കുന്നതിനിടെ, സൗദി അറേബ്യക്ക് നേരെ ആക്രമണം ശക്തമാക്കി ഹൂതി വിമതർ. സൗദിയിലെ സുപ്രധാന എണ്ണ പൈപ്പ്‍ലൈനിനും വ്യോമതാവളത്തിനും നേരെ നടന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളും ചെങ്കടലിലെ കൂടുതൽ തന്ത്രപ്രധാന ദ്വീപുകളുടെ നിയന്ത്രണം ഹൂതികൾ പിടിച്ചെടുത്തതും മേഖലയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഹൂതികളുടെ നിരന്തരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളർ കടന്ന് കുതിച്ചുയരുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രെന്റ് ക്രൂഡ് വില 3.3 ശതമാനം വർധിച്ച് 108.04 ഡോളറിലെത്തി.

സൗദിയിലെ ഖാമിസ് മുഷൈത്തിലുള്ള കിങ് ഖാലിദ് വ്യോമതാവളത്തിന് നേരെ ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോ​ഗിച്ച് വൻ ആക്രമണം നടത്തിയതായി ഹൂതി വിമതർ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ സൗദി സഖ്യസേന നടത്തിയ മുന്നൂറിലധികം വ്യോമാക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി വ്യക്തമാക്കി.

വ്യോമതാവളത്തിലെ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം കൃത്യമായി പതിച്ചെന്ന് ഹൂതികൾ പറയുന്നുണ്ടെങ്കിലും റിയാദ് ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനുപുറമെ, ബാബ് അൽ-മൻദെബ് കടലിടുക്കിൽ നിന്ന് 160 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന ഗ്രേറ്റർ ഹനീഷ്, ലെസ്സർ ഹനീഷ് എന്നീ തന്ത്രപ്രധാന ദ്വീപുകളുടെ നിയന്ത്രണവും ഹൂതികൾ പിടിച്ചെടുത്തു. ഇതോടെ ലോകത്തെ പ്രധാന കപ്പൽപ്പാതയായ ബാബ് അൽ-മൻദെബിന് മേലുള്ള അവരുടെ നിയന്ത്രണം കൂടുതൽ ശക്തമായിരിക്കുകയാണ്.

യെമനിലെ ഈ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒമാനിലെ മസ്കറ്റിൽ ​ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിൽ നടക്കേണ്ടിയിരുന്ന നിർണായക കൂടിക്കാഴ്ച സൗദി അറേബ്യയുടെ ആവശ്യപ്രകാരം മാറ്റിവെച്ചു. എന്നാൽ, യെമനിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു. സമാധാന ചർച്ചകൾക്ക് ആഹ്വാനം ചെയ്യുന്നതിനൊപ്പം തന്നെ മേഖലയിൽ തങ്ങളുടെ പിന്തുണയുള്ള സായുധ സംഘങ്ങളെ ഉപയോഗിച്ച് ഇറാൻ 'ഇരട്ടത്താപ്പ്' കളിക്കുകയാണോ എന്ന് ഗൾഫ് രാജ്യങ്ങൾ സംശയിക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞയാഴ്ച ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച സൗദിയുടെ തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണികൾക്കായി ആഴ്ചകളോളം അടച്ചിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ കൊണ്ടുപോകാൻ ശേഷിയുള്ള ഈ പൈപ്പ്‌ലൈൻ സൗദിയുടെ എണ്ണ കയറ്റുമതിയിൽ നിർണായകമാണ്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി, ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യാനുള്ള സൗദിയുടെ നീക്കങ്ങൾക്കാണ് ഇതോടെ തിരിച്ചടിയേറ്റത്.

യെമനിൽ തന്ത്രപ്രധാന തുറമുഖ നഗരമായ മോച്ച കേന്ദ്രീകരിച്ച് പോരാട്ടം ഇപ്പോഴും അതിരൂക്ഷമായി തുടരുകയാണ്. ദിവസങ്ങൾക്ക് മുൻപ് ഹൂതികൾ പിടിച്ചെടുത്ത ഈ നഗരം തിരിച്ചുപിടിക്കുന്നതിനായി, സൗദി സഖ്യസേനയുടെ പിന്തുണയുള്ള യെമൻ സർക്കാർ അനുകൂല സൈന്യം ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണങ്ങളാണ് നടത്തിവരുന്നത്. യുദ്ധം രൂക്ഷമായതോടെ വലിയ മാനുഷിക പ്രതിസന്ധിയാണ് യെമനിൽ ഉണ്ടായിരിക്കുന്നത്. എൺപതിനായിരത്തിലധികം ആളുകൾ ഭവനരഹിതരാകുകയും, ആയിരക്കണക്കിന് ആളുകൾ ഇതിനോടകം അഭയാർത്ഥികളായി കടൽ കടന്ന് അയൽരാജ്യമായ ജിബൂട്ടിയിലേക്ക് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Houthi rebels have intensified attacks on Saudi Arabia, claiming missile and drone strikes on the King Khalid Air Base and capturing strategic islands in the Red Sea. The attacks damaged Saudi Arabia's crucial East-West oil pipeline, which may remain closed for weeks for repairs. Consequently, global oil prices have surged past $100 per barrel. Saudi Arabia postponed planned talks in Oman between Gulf states and Iran regarding the security of the Strait of Hormuz.