Kerala

അദാനിയുടെ വിഴിഞ്ഞം കച്ചവടവും സൈപ്രസ് കമ്പനിയും; നികുതിപ്പണം മുടക്കിയ കേരളം വഞ്ചിക്കപ്പെടുന്നോ?

2015-ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ പ്രകാരം അദാനി ഗ്രൂപ്പിന് നാല് പതിറ്റാണ്ടിലേക്കാണു തുറമുഖ നടത്തിപ്പ് ചുളുവിലയ്ക്ക് ലഭിച്ചത്.

Madism Desk

അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് തങ്ങളുടെ ഉപകമ്പനിയായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ച വാര്‍ത്ത അടുത്തിടെയാണു പുറത്തുവന്നത്. ഇതു കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നറിയിപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കാണ് ഓഹരികള്‍ കൈമാറുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും യഥാര്‍ത്ഥത്തില്‍ സൈപ്രസില്‍ രജിസ്റ്റര്‍ ചെയ്ത മുണ്ടി ലിമിറ്റഡ് എന്ന കടലാസ് കമ്പനിയാണ് ഈ ഇടപാടിനു പിന്നിലുള്ളത്.

27,500 കോടി രൂപയുടെ ഈ വമ്പന്‍ വിദേശ നിക്ഷേപ വാര്‍ത്ത മാധ്യമങ്ങളിലൂടെ മാത്രമാണ് കേരള സര്‍ക്കാര്‍ പോലും അറിയുന്നതെന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിര്‍മിച്ച ഒരു ദേശീയ സ്വത്ത്, അതിന്റെ യഥാര്‍ത്ഥ ഉടമകളായ ജനങ്ങളെയും സര്‍ക്കാരിനെയും നോക്കുകുത്തിയാക്കി കച്ചവടം ചെയ്യപ്പെടുന്നതിന്റെ നേര്‍ചിത്രമാണ് ഇവിടെ കാണാന്‍ കഴിയുന്നത്.

2015-ലെ കരാറും അദാനിക്കു ലഭിച്ച അമിതാധികാരവും

വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനായി ഏകദേശം 70 ശതമാനം തുകയും ചെലവാക്കിയത് കേരള സര്‍ക്കാരാണ്. 5,500 കോടി രൂപയോളം സംസ്ഥാന ബജറ്റില്‍ നിന്നും 1,500 കോടി രൂപ റെയില്‍വേ കണക്റ്റിവിറ്റിക്കായും കേരളം മുടക്കി. എന്നാല്‍ 2015-ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ പ്രകാരം അദാനി ഗ്രൂപ്പിന് നാല് പതിറ്റാണ്ടിലേക്കാണു തുറമുഖ നടത്തിപ്പ് ചുളുവിലയ്ക്ക് ലഭിച്ചത്. സംസ്ഥാനത്തിനു പ്രതിവര്‍ഷം വെറും ഒരു രൂപ മാത്രമാണ് കണ്‍സെഷന്‍ ഫീസായി ലഭിക്കുന്നത്.

2034 വരെ തുറമുഖത്തുനിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം പോലും കേരളത്തിനു ലഭിക്കില്ലെന്നതാണു മറ്റൊരു യാഥാര്‍ഥ്യം. 2034-ല്‍ വെറും ഒരു ശതമാനത്തില്‍ തുടങ്ങി, 2060 ആകുമ്പോഴേക്കും പരമാവധി 25 ശതമാനത്തില്‍ എത്തുന്ന വളരെ തുച്ഛമായ ഒരു വരുമാന മോഡലാണ് അന്ന് സര്‍ക്കാര്‍ അംഗീകരിച്ചു കൊടുത്തത്. ആയിരക്കണക്കിനു കോടികള്‍ മുടക്കിയ കേരളത്തിന് തിരികെ ലഭിക്കുന്നത് വളരെ നാമമാത്രമായ തുക മാത്രമാണെന്ന് സിഎജി റിപ്പോര്‍ട്ടും മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു.

ഓഹരി വില്‍പ്പനയിലെ സാമ്പത്തിക കണക്കുകളിലെ പൊള്ളത്തരം

പുതിയ 49 ശതമാനം ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക എവിടേക്കാണു പോകുന്നതെന്നത് വളരെ നിര്‍ണായക ചോദ്യമാണ്. ബിഎസ്ഇ ഫയലിങ്ങുകള്‍ പ്രകാരം എവിപിപിഎല്ലിന്റെ മൂല്യം 27,431 കോടി രൂപയായി കണക്കാക്കുന്നു. ഇതില്‍ എം എസ് സിയുടെ 49 ശതമാനം വിഹിതമായ 139 കോടി ഡോളറിനെ രണ്ട് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇതിലെ ആദ്യ ഭാഗമായ 5,187 കോടി രൂപ നേരിട്ടുപോകുന്നത് വില്‍പ്പനക്കാരായ അദാനി പോര്‍ട്‌സിലേക്കാണ്. ഈ തുക വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനോ നിര്‍മാണച്ചെലവുകള്‍ വഹിച്ച കേരള സര്‍ക്കാരിനോ ലഭിക്കുന്നില്ല.

അദാനി പോര്‍ട്‌സ് വെറും 897 കോടി രൂപ മാത്രം നിക്ഷേപിച്ച സ്ഥാനത്താണ് ഇപ്പോള്‍ 5,200 കോടി രൂപ ലാഭമായി പോക്കറ്റിലാക്കുന്നത്. അതായത്, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും പിന്‍ബലത്തില്‍ സൃഷ്ടിച്ചെടുത്ത മൂല്യമാണ് അദാനി ഇപ്പോള്‍ പണമാക്കി മാറ്റുന്നത്. വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ നടക്കുന്ന ഈ സാമ്പത്തിക നേട്ടം മുഴുവനും ഒരു സ്വകാര്യ കമ്പനി മാത്രമാണ് അനുഭവിക്കുന്നത്.

കോര്‍പ്പറേറ്റ് വലകള്‍ക്കുള്ളിലെ അദൃശ്യരായ ഉടമകളും തൂത്തുക്കുടിയുടെ മുന്നറിയിപ്പും

വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ വാങ്ങുന്ന മുണ്ടി ലിമിറ്റഡിന്റെ യഥാര്‍ത്ഥ ഉടമകള്‍ ആരാണെന്നത് പൂര്‍ണമായും ദുരൂഹമാണ്. ജനീവയിലെ അപ്പോണ്ടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എം എസ് സി കമ്പനിയുടെ കീഴില്‍ ലക്‌സംബര്‍ഗിലെ എസ് എ എസ് മുഖേന ജനീവ ആസ്ഥാനമായുള്ള ടി ഐ എല്‍ എന്ന കമ്പനിവഴിയാണ് ഈ നിക്ഷേപം വരുന്നത്. ഇതിന്റെ ഏറ്റവും താഴെത്തട്ടിലാണ് സൈപ്രസിലെ മുണ്ടി ലിമിറ്റഡുള്ളത്.

ഈ സങ്കീര്‍ണമായ കോര്‍പ്പറേറ്റ് ശൃംഖലയിലൂടെയാണ് ആഗോള മുതലാളിത്തം ഇന്ന് അടിസ്ഥാന സൗകര്യങ്ങളെ നിയന്ത്രിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തും സമാനമായ രീതിയില്‍ യാതൊരു മുന്‍കൂര്‍ അനുമതിയുമില്ലാതെ ഷെല്‍ കമ്പനികള്‍ വഴി ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട ചരിത്രമുണ്ട്. സുതാര്യതയില്ലാത്ത ഇത്തരം കൈമാറ്റങ്ങള്‍ രാജ്യസുരക്ഷയെയും സംസ്ഥാനത്തിന്റെ സാമ്പത്തിക താല്പര്യങ്ങളെയും വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍

ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരള സര്‍ക്കാരിനു ശക്തമായി ഇടപെടാന്‍ കഴിയുന്ന ചില പഴുതുകള്‍ 2015-ലെ കരാറിലുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം. തുറമുഖ കമ്പനിയുടെ 25 ശതമാനത്തിലധികം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെടണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഈ അധികാരം ഉപയോഗിച്ച്, വില്‍പ്പന കരാര്‍, ഓഹരി ഉടമകളുടെ കരാര്‍, യഥാര്‍ത്ഥ ഉടമകളുടെ വിവരങ്ങള്‍ എന്നിവ പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അദാനിയോട് നിര്‍ബന്ധമായും ആവശ്യപ്പെടാൻ കഴിയും.

കൂടാതെ, സംസ്ഥാനം മുടക്കിയ പണത്തിന് ആനുപാതികമായ സാമ്പത്തിക ലാഭം മുന്‍കൂറായി ആവശ്യപ്പെടുകയോ, വരുമാനം പങ്കുവെക്കുന്ന വര്‍ഷം 2034-ല്‍ നിന്നും വളരെ നേരത്തെയാക്കുകയോ ചെയ്യാനും കഴിയും. എം എസ് സി വിഴിഞ്ഞത്തിന് 250 കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് തുറമുഖങ്ങളില്‍ നിക്ഷേപം നടത്തില്ലെന്ന ഉറപ്പ് രേഖാമൂലം വാങ്ങാനാവുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Recent reports indicating that Adani Ports and Special Economic Zone Ltd plans to sell a 49% stake in its subsidiary, Adani Vizhinjam Port Private Ltd, serve as a significant warning for Kerala. While the official statement claims the shares are being transferred to the Mediterranean Shipping Company (MSC), the deal is reportedly being executed through a Cyprus-registered shell company named Mundi Ltd. Ironically, even the Kerala government learned about this massive ₹27,500 crore foreign investment solely through the media. Ultimately, this highlights a concerning scenario where a national asset, built using public tax money, is being traded behind the backs of its true owners—the government and the people.