Kerala

പാലക്കാട്ട് തുടരുന്ന ആള്‍ക്കൂട്ടക്കൊല, മൂലത്തറയില്‍ ഭിക്ഷാടകനെ തല്ലിക്കൊന്നു; ഏഴുപേര്‍ കസ്റ്റഡിയില്‍

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹം ക്രൂരമായ മര്‍ദനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.

Madism Desk

പാലക്കാട് ജില്ലയില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം. മൂലത്തറ ഡാമിന് സമീപമുള്ള വിജനമായ പ്രദേശത്തുവെച്ച് ഭിക്ഷാടകനായ വ്യക്തിയെയാണ് ഒരു സംഘം ആളുകള്‍ ക്രൂരമായി തല്ലിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മീനാക്ഷിപുരം പൊലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് മൂലത്തറ ഡാമിന് സമീപത്തുവെച്ച് ആക്രമണം നടന്നത്. പ്രദേശം രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെയും മദ്യപാനികളുടെയും പ്രധാന താവളമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. യുവാക്കള്‍ മദ്യപിക്കാനെത്തിയപ്പോള്‍ ഭിക്ഷാടകന്‍ അവിടെയെത്തുകയും തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആദ്യം സ്വാഭാവിക മരണമെന്നോ അപകടമെന്നോ കരുതിയെങ്കിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹം ക്രൂരമായ മര്‍ദനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ സിസിടിവി പരിശോധനകളിലൂടെയാണ് ഏഴുപേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കൊല്ലപ്പെട്ടത് ആരാണെന്നോ എവിടെനിന്നുള്ളയാളാണെന്നോ ഉള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമമായതിനാല്‍, കൊല്ലപ്പെട്ടയാള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളയാളാകാം എന്ന സംശയത്തിലാണ് പൊലീസ്. ഇത് സ്ഥിരീകരിക്കാനായി തമിഴ്നാട് പൊലീസിന്റെ സഹായം തേടും.

ആവര്‍ത്തിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍

പാലക്കാട് ജില്ലയില്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നത് വലിയ സാമൂഹിക ആശങ്കയാണ് ഉണ്ടാക്കുന്നത്. 2025 ഡിസംബറില്‍ വാളയാര്‍ അട്ടപ്പള്ളത്ത് മോഷണക്കുറ്റം ആരോപിച്ച് ഛത്തിസ്ഗഢ് സ്വദേശിയായ രാംമനോഹര്‍ വയ്യാര്‍ (31) എന്ന ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ ആള്‍ക്കൂട്ടമായി തല്ലിക്കൊന്ന സംഭവത്തില്‍ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാനസികാസ്വാസ്ഥ്യമുള്ളയാളായ രാംമനോഹര്‍ മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ നാലു മണിക്കൂറിനുശേഷമാണ് പൊലീസ് ആശുപത്രിയിലെത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2018-ല്‍ അട്ടപ്പാടി മുക്കാലിക്ക് സമീപം ആദിവാസി യുവാവ് മധുവിനെ മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത് കേരള സമൂഹത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. കൈകള്‍ കെട്ടിയിട്ട് പരസ്യമായി വിചാരണ ചെയ്ത് മര്‍ദിച്ച ഈ കേസില്‍ 2023-ല്‍ വിചാരണ കോടതി 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ് വിധിച്ചിരുന്നു. തുടര്‍ന്ന് 2026 മെയ് മാസത്തില്‍ കേരള ഹൈക്കോടതി ഇതില്‍ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തി ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും വെറുതെവിട്ടവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെയും സമീപിച്ചിരിക്കുകയാണ്.

A suspected mob lynching has been reported near Moolathara Dam in Palakkad district, Kerala, where a man believed to be a beggar was allegedly beaten to death. Meenakshipuram police have arrested seven people in connection with the incident, which reportedly occurred last Saturday. According to the police’s preliminary assessment, an argument broke out after a group of young men who had gathered to drink alcohol encountered the man.