Kerala

അൻവർ യോ​ഗ്യനായ സ്ഥാനാർഥിയെന്ന് ഡിസിസി; ബേപ്പൂർ തോൽവി പഠിക്കാൻ സമിതിയെ നിയോ​ഗിച്ച് യുഡിഎഫ്

മുന്നണിയിലെ ചതിയും യുഡിഎഫ് കേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയുമാണ് തന്റെ തോൽവിക്ക് കാരണമെന്ന് അൻവർ ചൂണ്ടിക്കാട്ടി

Madism Desk

ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോ​ഗിച്ച് യുഡിഎഫ്. പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് അന്വേഷണ സമിതിയെ നിയോഗിച്ചതിന് പിന്നാലെ, മുന്നണി പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനാർത്ഥിയായിരുന്ന പിവി അൻവറും രംഗത്തെത്തി. മുന്നണിയിലെ ചതിയും യുഡിഎഫ് കേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയുമാണ് തന്റെ തോൽവിക്ക് കാരണമെന്ന് അൻവർ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അൻവർ വിയോജിപ്പ് അറിയിച്ചത്. വോട്ട് ചോർന്ന 215 ബൂത്തുകളിലെയും വിശദമായ കണക്കുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പി വി അൻവർ ബേപ്പൂരിൽ മികച്ച സ്ഥാനാർത്ഥി തന്നെയായിരുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പറഞ്ഞു. അതേസമയം മുന്നണിയിലെ ചതിയും വോട്ട് ചോർച്ചയുമാണ് തോൽവിക്ക് കാരണമെന്ന് ആരോപിച്ച് പി വി അൻവർ ഇന്നലെയും രംഗത്തുവന്നിരുന്നു. ഇടത് കേന്ദ്രങ്ങളിൽ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് വലിയ തോതിൽ വോട്ട് ചോർന്നുവെന്നാണ് കുറിപ്പിൽ അൻവർ പറയുന്നത്.

പിവി അന്‍വറിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം

ബേപ്പൂരിൽ പരാജയപ്പെട്ടതോ അതോ,പരാജയപ്പെടുത്തിയതോ….?പിണറായി സർക്കാർ ഏകാധിപത്യ പ്രവണതയും, ഉദ്യോഗസ്ഥ ഭരണവും കൊണ്ട് ജനഹിതം മറന്നപ്പോൾ ഞാൻ നടത്തിയ പോരാട്ടങ്ങളെ തള്ളിപ്പറയാൻ ഇതു വായിക്കുന്ന നിങ്ങൾക്ക് സാധിക്കുമോ?

ജനങ്ങൾക്കെതിരായി മാറിയ ആ സർക്കാറിനെ താഴെയിറക്കാൻ ഞാൻ ഉന്നയിച്ച വിഷയങ്ങളും,അതിലുറച്ചു നിന്ന് ഞാൻ നടത്തിയ മുന്നേറ്റങ്ങളും അതിനു വേണ്ടി ഞാൻ സഹിച്ച ത്യാഗങ്ങളും ഇല്ലെന്നു പറയാൻ ആർക്കാണ് സാധിക്കുക!?ഉണ്ടായിരുന്ന സ്ഥാനമാനങ്ങളെ ത്യജിച്ചു കൊണ്ട് സ്വന്തം രാഷ്ട്രീയ ഭാവിക്കോ,ജീവനോ സ്വത്തിനോ പോലും ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെ ഭയപ്പെടാതെ, ഉന്നയിച്ച വിഷയങ്ങളിൽ അവസാന നിമിഷം വരെ നീതിക്കുവേണ്ടി പോരാടാൻ ഞാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തതിൽ എനിക്ക് അനല്പമായ സന്തോഷം ഇന്നുമുണ്ട്.

നിയമസഭയ്ക്കകത്ത് തുടക്കം കുറിക്കുകയും പിന്നീട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ രണ്ടു വർഷത്തോളം കാലം നീണ്ടുനിൽക്കുകയും ചെയ്ത ആ സംഭവ വികാസങ്ങൾ കേരളത്തിലെ ജനങ്ങൾ പത്രമാധ്യമങ്ങളിലൂടെടെയും,സോഷ്യൽ മീഡിയയിലൂടെയും നേരിട്ട് കണ്ടവരാണ്. ഈ സർക്കാർ നിലവിൽ വരാൻ ഉണ്ടായ കാരണങ്ങളിലെ എന്റെ സംഭാവനകളെ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യാൻ ഈ കുറിപ്പ് വായിക്കുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ,അവഗണിച്ചാലും വിസ്മരിച്ചാലും ഞാൻ നയിച്ച ആ പോരാട്ടത്തിന് സമാനമായ മറ്റൊന്നുണ്ടാകുന്നതുവരെ ഞാൻ കുറിച്ച ചരിത്രം മഷി ഉണങ്ങാതെ രേഖപ്പെട്ടു കിടക്കും. കോഴിക്കോട് ജില്ലയിൽ നിന്നും ജനവിധി തേടാൻ ഞാൻ നിയോഗിക്കപ്പെട്ടതിന് വളരെ അർത്ഥവത്തായ ഒരു പശ്ചാത്തലമുണ്ട്.

ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുന്നതിലൂടെ പിണറായിസം,മരുമോനിസം,കുടുംബാധിപത്യം എന്നീ വിഷയങ്ങളെ സംസ്ഥാനമൊട്ടാകെ പ്രതിഫലിപ്പിക്കാനും ചർച്ചയാക്കാനും സാധിച്ചു എന്നതാണ് ആദ്യത്തെ വിഷയം.എൻ്റെ സ്ഥാനാർത്ഥിത്വം വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിൽ ബേപ്പൂരിൽ നിന്നും തൊട്ടടുത്ത മണ്ഡലത്തിലേക്ക് പോലും ശ്രദ്ധ തിരിക്കാൻ മുഹമ്മദ് റിയാസിന് സാധിച്ചില്ല എന്നത് കോഴിക്കോട് ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ ഈസിയായി ജയിച്ചു കയറാൻ യുഡിഎഫിന് സാധിച്ചു എന്നത് രണ്ടാമത്തേതാണ്.ഇതിൻ്റെ ഗുണം മലബാറിനാകെ ലഭ്യമായി.

ഇക്കാര്യങ്ങൾ യുഡിഎഫിന്റെ സമാദരണീയരായ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്യുകയും അവർ കൂടി അതിനെ ശരിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോഴിക്കോട് ഡിസിസിയുടെ ബഹുമാന്യനായ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ, പ്രിയ സുഹൃത്തും എംഎൽഎയും ആയ ജയന്ത് , കോഴിക്കോട് ജില്ലയിലെ യുഡിഎഫിന്റെ അഭിവന്ദ്യനായ നേതാവും ജ്യേഷ്ഠതുല്യനുമായ സി.എൻ വിജയകൃഷ്ണൻ തുടങ്ങിയവർ മുൻകയ്യെടുത്തതിന്റെ ഫലമായി ഞാൻ കോഴിക്കോട് ജില്ലയിൽ മത്സരിക്കാൻ തീരുമാനമെടുത്തത്.

സംസ്ഥാനത്തെയും ജില്ലയിലെയും യുഡിഎഫിന്റെ നേതൃത്വത്തോട് അന്ന് രസകരമായി ഞാൻ പറഞ്ഞത് "മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താനുള്ള വോട്ട് ഞാൻ സംഘടിപ്പിക്കും എന്നാൽ, നമുക്ക് വിജയിക്കാനുള്ള വോട്ട് നിങ്ങൾ സംഘടിപ്പിക്കണം" എന്നായിരുന്നു.തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഞാൻ വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തിൽ തന്നെ എനിക്ക് അപകടം ബോധ്യപ്പെട്ടിരുന്നു.

ഫറോക്ക് മുൻസിപ്പാലിറ്റി,രാമനാട്ടുകര മുനിസിപ്പാലിറ്റി,ചെറുവണ്ണൂർ നല്ലളം മേഖല,തുടങ്ങിയ ഇടങ്ങളിൽ നിന്നുണ്ടായ വോട്ട് ചോർച്ച പ്രത്യക്ഷത്തിൽ തന്നെ കാണാവുന്നതാണ്.ഈ മൂന്നിടത്തുനിന്നും ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വോട്ടുകളാണ് പരാജയത്തിന്റെ ആഘാതം കുറച്ചത്.ബേപ്പൂരും കടലുണ്ടിയിലും വോട്ട് ചോർന്നെങ്കിലും ഇടതുപക്ഷത്തിൽ നിന്നും ലഭിച്ച വോട്ട് കൊണ്ട് അത് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കില്ല.ഇടതുപക്ഷ കേന്ദ്രങ്ങളിൽ എല്ലാം വോട്ടുകൾ ലഭിച്ചപ്പോൾ,നമ്മുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയത് യുഡിഎഫ് കേന്ദ്രങ്ങളാണ്.

ഫോം 20 കൃത്യമായി വിശകലനം ചെയ്താൽ ഇക്കാര്യം മനസ്സിലാകും.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപരന്മാർ ഉണ്ടായിരുന്നത് എനിക്കായിരുന്നു.നാലുപേർ ആകെ പിടിച്ചത് 1469 വോട്ടുകളാണ്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ പ്രചരണം നടത്താൻ തെരഞ്ഞെടുത്തതും ബേപ്പൂർ ആയിരുന്നു.ബിജെപിക്ക് വർദ്ധിച്ച വോട്ടുകളെല്ലാം കൂട്ടത്തോടെ എൻ്റെ എതിർ സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടായി.അവസാന നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ ഇടതുപക്ഷ സ്ഥാനാർത്ഥി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്നും പോരാട്ടം നയിക്കേണ്ട ഉത്തരവാദിത്വം ഞാൻ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു.ഒരു പരാതിയും പറയാതെ ഒറ്റയാൾ പടയായി ഞാൻ പോരാട്ടത്തെ നയിച്ചു.

എന്നിട്ടും 29000 വോട്ടിന്റെ ഭൂരിപക്ഷം നാലിലൊന്നായി കുറക്കാൻ നമുക്ക് സാധിച്ചു.സ്ഥാനാർത്ഥി എന്ന നിലയിൽ മണ്ഡലത്തിൽ ആകെ അനവധി പ്രാവശ്യം സംസ്ഥാനത്ത് മറ്റാരും പര്യടനം നടത്തിയതിൽ അധികം ഞാൻ പര്യടനം നടത്തി. എനിക്കതിന് വേണ്ടതുപോലെ സമയവും ലഭിച്ചു. ഇടതുപക്ഷത്തിന് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന പ്രദേശം എന്ന നിലയിൽ ബേപ്പൂരിൽ ഞാൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു.നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പൂർണ്ണ ആശീർവാദവും ഈ വിഷയത്തിൽ ഉണ്ടായി. "നിങ്ങൾ ബേപ്പൂരിലെ ലീഡ് കുറച്ചാൽ ബാക്കി പ്രദേശത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം.

അത് ഞങ്ങൾ ഏറ്റു" എന്ന് യുഡിഎഫിൻ്റെ നിയോജക മണ്ഡലം നേതൃത്വം ഒറ്റക്കെട്ടായി എന്നോട് പറഞ്ഞു.എൻ്റെ വാക്ക് ഞാൻ പാലിച്ചു.ബേപ്പൂരിലെ ലീഡ് 5000 ത്തിലേക്ക് ചുരുക്കാൻ നമുക്ക് സാധിച്ചു.യുഡിഎഫ് ഭരിക്കുന്ന മുൻസിപ്പാലിറ്റികളായ ഫറൂഖിലും രാമനാട്ടുകരയിലും പ്രതീക്ഷിച്ച പോലെ ലീഡ് ഉണ്ടാക്കാൻ സാധിച്ചിരുന്നെങ്കിൽ ചരിത്രം തന്നെ മറ്റൊന്നായേനെ.യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയും,യുഡിഎഫിലെ യുവ സംഘടനകളും മറ്റു ബഹുജന സംഘടനകളും എല്ലാം ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും സൗകര്യങ്ങളും എന്റെ കഴിവിന്റെ പരമാവധി ചെയ്തു കൊടുക്കാൻ ഞാൻ ശ്രമിക്കുകയും ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്.എന്നിട്ടും തിരഞ്ഞെടുപ്പിനു ശേഷം മണ്ഡലത്തിലൂടെ നടത്തിയ യാത്രയിൽ വിതരണം ചെയ്യാത്ത നോട്ടീസുകളും ഒട്ടിക്കപ്പെടാത്ത പോസ്റ്ററുകളും ചില കേന്ദ്രങ്ങളിൽ ഉണ്ടായത് എന്നെ അത്യധികം വേദനിപ്പിച്ചു.തിരഞ്ഞെടുപ്പിനു ശേഷം പ്രാദേശിക നേതൃത്വത്തെ അവരവരുടെ വീടുകളിൽ എത്തി ഞാൻ സന്ദർശിച്ചു.

ആ സമയത്ത് അവർ എന്നോട് മനസ്സ് തുറന്നു സംസാരിച്ചു.ഞാൻ ബേപ്പൂരിൽ എത്തിയ ദിവസം മുതൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണുന്നത് വരെ ഊണും ഉറക്കവും ഉപേക്ഷിച്ച് യുഡിഎഫിന്റെ വിജയത്തിനു വേണ്ടി ആഹോരാത്രം പണിയെടുത്ത യൂത്ത് കോൺഗ്രസിലെയും,യൂത്ത് ലീഗിലെയും ചെറുപ്പക്കാരോട് "നമ്മൾ ജയിക്കും" എന്ന് ഞാൻ പറഞ്ഞ വാക്ക് പാലിക്കാൻ എനിക്ക് സാധിച്ചില്ല.ഈ കുറിപ്പ് പോയിട്ട് ഇതേക്കുറിച്ച് ഒരു വാക്കു പോലും മിണ്ടരുത് എന്ന് ഞാൻ തന്നെ ചിന്തിച്ചുറപ്പിച്ചതായിരുന്നു.പക്ഷേ,കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അസുഖകരമായ ചില വെളിപ്പെടുത്തലുകളും മാധ്യമ വാർത്തകളും എന്നെ ഇത്രയെങ്കിലും പറയാൻ നിർബന്ധിതനാക്കി. വരുന്ന ദിവസങ്ങളിൽ മണ്ഡലത്തിലെ 215 ബൂത്തുകളിലെ വിശദമായ കണക്ക് വോട്ട് ചോർന്ന കേന്ദ്രങ്ങൾ, വഴികൾ,സാഹചര്യങ്ങൾ അടക്കം വിശദമായി ഇതേ പേജിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ഈ സാഹചര്യത്തിൽ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. വീണ്ടും കാണാം....

Amid the UDF’s decision to appoint a committee to study its defeat in Beypore, candidate P. V. Anvar has come forward with serious allegations of betrayal by the alliance’s local leadership and vote diversion from UDF strongholds. In a Facebook post, he explained that while he received more votes than expected from Left-leaning areas, votes were lost from UDF strongholds.