മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കേസില്‍ ആറ് പേര്‍ക്ക് ജാമ്യം അനുവദിച്ചു. സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കി. കേസിൽ ആകെ 31 പ്രതികളിൽ 13 പേരെ കുറ്റക്കാരായി കണ്ടെത്തിയ കോടതി 18 പേരെ വെറുതെ വിട്ടു. ജയരാജനും രാജേഷിനുമെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി വിലയിരുത്തൽ. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ് എന്നിവരടക്കം 13 പേർക്കെതിരെയാണ് കുറ്റം തെളിഞ്ഞത്.
കൊലക്കുറ്റം തെളിഞ്ഞ ഏഴുപേരിൽ ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർ ഉൾപ്പെടുന്നു. രാധാകൃഷ്ണൻ, സജിത്, വി.വി. മോഹനൻ, പുരുഷോത്തമൻ, അജിത് കുമാർ, പി പി സുരേശൻ എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയ മറ്റ് ആറുപേർ.
23 വയസുകാരനായ എം എസ്എ ഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽവെച്ച് ചോദ്യം ചെയ്തശേഷം ഫോട്ടോ എടുത്ത് ആളെ തിരിച്ചറിഞ്ഞ് കൊലപ്പെടുത്തിയെന്ന ആരോപണം ഉയർന്ന കേസാണിത്. പാർട്ടി കോടതിയുടെ തീരുമാനപ്രകാരമാണ് കൊലപാതകം നടപ്പാക്കിയതെന്ന ഗുരുതര ആരോപണവും കേസിലുണ്ടായിരുന്നു. സിപിഎം നേതാക്കൾ ഉൾപ്പെടെ 33 പ്രതികളുണ്ടായിരുന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കുള്ള ശിക്ഷ സംബന്ധിച്ച നടപടികളാണ് ഇപ്പോൾ നിർണായകമായിരിക്കുന്നത്.
കേസിന് ആസ്പദമായ സംഭവം
2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ തളിപ്പറമ്പ് അരിയിലിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. വൈകിട്ട് 4.30ഓടെ ചുള്ളിയോട്ട് വയൽവരമ്പിൽ കുത്തേറ്റു മരിച്ച നിലയിലാണ് ഷുക്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
ജയരാജന്റെ വാഹനം ആക്രമിച്ച സംഘത്തിൽ ഷുക്കൂർ ഉണ്ടായിരുന്നില്ലെന്നായിരുന്നു പിന്നീട് പുറത്തുവന്ന മൊഴികളിൽ വ്യക്തമായത്. സംഭവദിവസം സുഹൃത്തുക്കളായ സക്കറിയ, അബ്ദുൾ സലാം, അയൂബ്, ഹിരിസ് എന്നിവർക്കൊപ്പം അരിയിലേക്ക് വരികയായിരുന്ന ഷുക്കൂറിനെ ഒരു സംഘം പിന്തുടർന്നു. അപകടസാധ്യത മനസിലാക്കിയ അഞ്ചുപേരും സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടിയെങ്കിലും അക്രമിസംഘം വീട് വളഞ്ഞു.
വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഷുക്കൂറിനെ തിരിച്ചറിയുന്നതിനായി ഫോട്ടോ പകർത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സിപിഎം നേതാക്കളായ സി.എൻ. മോഹനനും മൈന ദിനേശനും ഫോട്ടോ എടുത്ത് എംഎംഎസ് വഴി തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം മുറിയിലുണ്ടായിരുന്ന എ.വി. ബാബുവിന് അയച്ചുനൽകിയെന്നും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. ഷുക്കൂറിനെ തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് ഉറപ്പാക്കിയശേഷം മറ്റുള്ളവരെ വിട്ടയച്ചെന്നാണ് കേസ് രേഖകളിലുള്ളത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ ഷുക്കൂറിനെ സക്കറിയയ്ക്കൊപ്പം വീടിന് സമീപത്തെ പാടത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദനത്തിനും കുത്തേറ്റതിനും പിന്നാലെയാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് സക്കറിയ രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകളോളം തടങ്കലിൽവെച്ച് ആളെ തിരിച്ചറിഞ്ഞശേഷം കൊലപ്പെടുത്തിയെന്ന സാക്ഷിമൊഴികളാണ് കേസിനെ ഏറെ വിവാദത്തിലാക്കിയത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്നാരോപിച്ച് സിപിഎം പ്രാദേശിക നേതാക്കളടക്കം 29 പേരെ പ്രതികളാക്കിയിരുന്നു. ഗൂഢാലോചനയും കൊലപാതകം തടയുന്നതിൽ വീഴ്ച വരുത്തിയതും ഉൾപ്പെടെയുള്ള ആരോപണങ്ങളുമായി ഐപിസി 118-ാം വകുപ്പ് പ്രകാരം പി. ജയരാജൻ, ടി വി രാജേഷ്, അന്തരിച്ച എ വി ബാബു, യു വി വേണു തുടങ്ങിയവരെയും കേസിൽ പ്രതികളാക്കി. ഗുരുതരമായ കുറ്റകൃത്യം നടക്കുമെന്ന് അറിഞ്ഞിട്ടും അത് തടയാൻ ഇടപെട്ടില്ലെന്നതായിരുന്നു ഇവർക്കെതിരായ ആരോപണം.
അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപിച്ച് ഷുക്കൂറിന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്. ഷുക്കൂറിന്റെ മാതാവ് നൽകിയ ഹർജിയെ തുടർന്നായിരുന്നു കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഇടപെടൽ.
നിലവിലുള്ള അന്വേഷണത്തിൽനിന്ന് വ്യത്യസ്തമായി നിർണായകമായ പുതിയ കണ്ടെത്തലുകളൊന്നും സിബിഐ നടത്തിയില്ലെന്ന വിമർശനവും ഉയർന്നിരുന്നു. ഐപിസി 118-ാം വകുപ്പിനു പകരം 120 ബി പ്രകാരമുള്ള ഗൂഢാലോചനക്കുറ്റം ഉൾപ്പെടുത്തി അധിക കുറ്റപത്രം സമർപ്പിച്ചതായിരുന്നു പ്രധാന നടപടി. ഈ കേസിലാണ് ഇപ്പോൾ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചത്. സിപിഎം നേതൃത്വത്തെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ സാധ്യതയുണ്ടായിരുന്ന കേസിൽ മുതിർന്ന നേതാക്കളെ കുറ്റവിമുക്തരാക്കിയ വിധി ശ്രദ്ധേയമായി.
കോടതിവിധിയോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. വിധിയുടെ പൂർണരൂപം ലഭിച്ചശേഷം പാർട്ടിയുടെ നിലപാട് വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നടന്നത് പൈശാചികമായ കൊലപാതകമാണെന്നും ആസൂത്രിത കൊലപാതകമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
കേസിൽ കോടതി എന്തെല്ലാം കണ്ടെത്തിയെന്നത് വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ചശേഷമേ വ്യക്തമാകൂ. നിരവധി സാക്ഷികൾ കോടതിയിലെത്തിയെങ്കിലും ഭയം കാരണം മൊഴി നൽകാതെ മടങ്ങിപ്പോയ സംഭവങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Seven people have been found guilty of murder in the Arikkal Shukoor murder case, while the court held 13 accused guilty. CPM leaders P. Jayarajan and T. V. Rajesh received relief as the prosecution failed to prove the conspiracy charge against them. The court acquitted 18 accused and sentenced seven others to life imprisonment.