ഭാരത് ലജ്ന മള്ട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ബിഎല്എം) ക്കെതിരായ ആരോപണങ്ങള് തള്ളി ചെയര്മാനും സ്ഥാപകനുമായ രവീന്ദ്രന് പ്രേംകുമാര്. സാമ്പത്തിക ഇടപാടുകള്, ഹോട്ടലുകളിലെ ഓഹരി പങ്കാളിത്തം, അക്കൗണ്ടുകള് വഴിയുള്ള പണമിടപാടുകള്, നിക്ഷേപങ്ങള് എന്നിവയുമായി ബന്ധപ്പെട്ട് വിഷയങ്ങൾ വളച്ചൊടിച്ച് അവതരിപ്പിക്കുന്നുവെന്ന് എന്നാണ് രവീന്ദ്രന് പ്രേംകുമാര് പറയുന്നത്. ചില യുട്യൂബ് ചാനലുകള് ഉയര്ത്തിയ ആരോപണങ്ങള്ക്ക് രേഖകള് സഹിതം വിഡിയോ സന്ദേശത്തിലൂടെയാണ് രവീന്ദ്രന് പ്രേംകുമാര് വിശദീകരണം നല്കിയത്.
യൂട്യൂബർമാർ ഊതിപ്പെരുപ്പിച്ച കണക്കുകളാണ് പറയുന്നത്. ബിഎല്എമ്മിനെക്കുറിച്ച് തെറ്റായ ധാരണകൾ പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലരവീന്ദ്രന് പ്രേംകുമാര്
'ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരോട് കാര്യങ്ങൾ അന്വേഷിക്കേണ്ടതായിരുന്നു, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. ബിഎല്എമ്മിനെതിരായ ആരോപണങ്ങളെ നിയമപരമായി നേരിടും. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. യൂട്യൂബ് ചാനലിലൂടെ വന്ന വാർത്തകൾ കാര്യങ്ങൾ വളച്ചൊടിച്ച് അവതരിപ്പിക്കുകയാണ്. ചിലപ്പോൾ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലോ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലോ ആയിരിക്കാം ഇവരുടെ ആരോപണങ്ങൾ. ഒരു വാർത്ത നൽകുമ്പോൾ ഇപ്പുറത്തുള്ളവരോടും അപ്പുറത്തുള്ളവരോടും ചോദിക്കണം അത് ചെയ്യാത്തത് നീതിയല്ല. ചാനലുകളുടെ പ്രവർത്തനത്തെയോ വാർത്തകളിലൂടെ വരുമാനം നേടുന്നതിനെയോ എതിർക്കുന്നില്ലെങ്കിലും ഉൾപ്പെടുത്തുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണം. പ്രസ്ഥാനത്തെക്കുറിച്ച് തെറ്റായ ധാരണകൾ പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല'' എന്ന് പ്രേംകുമാർ പറഞ്ഞു.
വൈബ് മൂന്നാർ ഹോട്ടൽ ബിഎല്എമ്മിന്റേതല്ലെന്ന തരത്തിൽ ആരോപണം ഉന്നയിച്ചുവെന്ന് പറഞ്ഞ അദ്ദേഹം, വൈബ് മൂന്നാറിൽ 60 ശതമാനം ഓഹരി ബിഎല്എമ്മിനാണുള്ളതെന്ന് വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ വിവാന്ത ഹോട്ടലിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഹോട്ടൽ ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അതിന്റെ 80 ശതമാനം ഓഹരി ബിഎല്എം മാനേജിങ് ഡയറക്ടർ മനോഹരൻ കുത്തുപറമ്പിന്റെ പേരിലാണെന്നും കൂട്ടിച്ചേർത്തു. ഹോട്ടലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വിലയിരുത്തുമ്പോൾ ഈ വസ്തുതകൾ കൂടി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള സർക്കാരിന് സിവിൽ സപ്ലൈസ് വഴി ഏകദേശം 120 കോടി രൂപയുടെ സാധനങ്ങൾ ബിസിനസ് അടിസ്ഥാനത്തിൽ വിതരണം ചെയ്തിട്ടുണ്ട്
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി, കേരള സർക്കാരിന് സിവിൽ സപ്ലൈസ് വഴി ഏകദേശം 120 കോടി രൂപയുടെ സാധനങ്ങൾ ബിസിനസ് അടിസ്ഥാനത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് പ്രേംകുമാർ വ്യക്തമാക്കി. കൊപ്രയുമായി ബന്ധപ്പെട്ട ഇടപാടുകളും KCSN&P, കേരള കോക്കനട്ട് ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളും അദ്ദേഹം പരാമർശിച്ചു. സർക്കാർ ആവശ്യത്തിനായി സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ ബില്ലുകൾ ലഭിക്കുന്നതനുസരിച്ച് വെൻഡർമാർക്ക് പണം നൽകേണ്ടതുണ്ടെന്നും പലരും വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അതിനാൽ വിവിധ അക്കൗണ്ടുകളിലേക്കുള്ള പണമിടപാടുകൾ മാത്രം ചൂണ്ടിക്കാട്ടി തെറ്റായ നിഗമനങ്ങളിലെത്തരുതെന്നാണ് അദ്ദേഹത്തിന്റെ വാദം. ബിഎല്എമ്മിന് 300-ലധികമോ 350-ഓ അക്കൗണ്ടുകളുണ്ടെന്ന ആരോപണത്തിൽ, 152 അക്കൗണ്ടുകളാണുള്ളതെന്നും ഓരോ ബ്രാഞ്ചിനും ഓരോ അക്കൗണ്ട് വീതമാണുള്ളതെന്നും അദ്ദേഹം വ്യക്തത വരുത്തി.
സ്ഥാപനത്തിൽനിന്ന് വിവിധ കാരണങ്ങളാൽ പുറത്താക്കപ്പെട്ട ചിലർ ഒന്നിച്ചുചേർന്ന് പ്രസ്ഥാനത്തിനെതിരെ നീങ്ങുന്നുണ്ടെങ്കിൽ അതിനെയും നേരിടുമെന്നാണ് ചെയർമാന്റെ പ്രതികരണം. മുൻ സിഇഒ നൽകിയ പരാതിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് വിഷയം കൈമാറിയതും അദ്ദേഹം പരാമർശിച്ചു. അന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്നും ആരോപണങ്ങളിൽ വസ്തുതയുണ്ടോ എന്ന് പരിശോധിക്കട്ടെയെന്നുമാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മുൻ സിഇഒയെ ചിലർ സ്വാധീനിച്ച് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരാതി നൽകാൻ പ്രേരിപ്പിച്ചുവെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോവിഡ് കാലത്ത് ഒന്നര വർഷത്തോളം സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ രീതിയിലാണ് വാർത്ത നൽകിയതെന്നും പ്രേംകുമാർ ആരോപിച്ചു. ആ കാലയളവിൽ നിക്ഷേപകർക്ക് പണം പിൻവലിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സാഹചര്യത്തിലും ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകിയെന്നും നിക്ഷേപകർക്ക് ലാഭവിഹിതം നൽകി പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യം പറയുമ്പോൾ അതിന്റെ സത്യാവസ്ഥ അറിഞ്ഞിട്ടായിരിക്കണം പറയേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
BLM സമാഹരിച്ച തുകയുമായി ബന്ധപ്പെട്ട് യൂട്യൂബർമാർ ഊതിപ്പെരുപ്പിച്ച കണക്കുകളാണ് പറയുന്നത്. 1,080 കോടി രൂപയാണ് ആകെ സമാഹരിച്ച തുക. ഇതിൽ ഏകദേശം 375 കോടി രൂപ വായ്പയായി തിരികെ ലഭിക്കാനുള്ള തുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ചെന്നൈയിൽ ഏകദേശം 475 കോടി രൂപയുടെ പദ്ധതിയും വട്ടപ്പാറയിൽ 350 കോടി രൂപയുടെ പദ്ധതിയും നടക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഐ.ടി. പാർക്ക്, സിനിമാ തിയേറ്റർ, പരിസ്ഥിതി സൗഹൃദ പദ്ധതി എന്നിവയും അദ്ദേഹം പരാമർശിച്ചു. 22 വർഷമായി നിരവധി പ്രതിസന്ധികൾ മറികടന്നാണ് പ്രസ്ഥാനം മുന്നോട്ടുപോകുന്നതെന്നും ഇത്തരം ആരോപണങ്ങൾകൊണ്ട് തകർക്കാനാവില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, പ്രതിസന്ധി ഘട്ടത്തിൽ പിന്തുണയുമായി നിന്ന BLM കുടുംബാംഗങ്ങൾക്കും അംഗങ്ങൾക്കും നന്ദി അറിയിച്ചു.
BLM founder and chairman Ravindranathan Premkumar has responded to allegations made by a YouTube channel concerning the organisation’s financial transactions, hotel shareholdings and bank accounts. He has disputed the claims, presented explanations regarding the figures and properties mentioned, and said BLM will pursue legal action while protecting investors’ interests.