Kerala

ഓപ്പറേഷന്‍ തൂഫാന്‍: പെരുമ്പാവൂരിന് പ്രത്യേക പൊലീസ് സേന; നാർക്കോ മാഫിയയുടെ വേരറുക്കുമെന്ന് ചെന്നിത്തല

പെരുമ്പാവൂരിൽ ഇനി നാർക്കോ ഹണ്ടിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണെന്നും, മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മന്ത്രി പറഞ്ഞു

Madism Desk

'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിൽ പ്രത്യേക പൊലീസ് സേനയെ വിന്യസിക്കാൻ തീരുമാനിച്ചതായി ആഭ്യന്തരമാന്ത്രി രമേശ് ചെന്നിത്തല. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് ചെന്നിത്തല പറഞ്ഞു.

പെരുമ്പാവൂരിൽ ഇനി നാർക്കോ ഹണ്ടിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണെന്നും, മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മന്ത്രി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കര്യങ്ങൾ വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

പെരുമ്പാവൂരിൽ തൂഫാൻ ജാഗരൺ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും പോലീസ് സേനാംഗങ്ങളും ഒരേ വിഷയം ചൂണ്ടിക്കാട്ടി. പെരുമ്പാവൂരിനെ നാർക്കോ ഹണ്ട് ഫലപ്രദമാകാൻ നിശ്ചയമായും ചെയ്യേണ്ട കാര്യം എന്ന നിലയിലാണ് എനിക്കത് ബോധ്യപ്പെട്ടത്. അതിഥി തൊഴിലാളികളും തദ്ദേശവാസികളും ചേർന്ന പെരുമ്പാവൂരിലെ ജനസംഖ്യയുടെ വലിപ്പം ഒരു പൊലീസ് സ്റ്റേഷനിലെ നിശ്ചിത സേനയ്ക്ക് കൈകാര്യം ചെയ്യാവുന്നതിലും വലുതാണ്. ദൈനംദിന സേവനങ്ങൾക്കു പുറമെയാണ് പെരുമ്പാവൂരിലെ പോലീസ് സേന നമ്മുടെയെല്ലാം അഭിനന്ദനം ഏറ്റുവാങ്ങുന്ന തൂഫാൻ നാർക്കോ ഹണ്ടുകൾ നടത്തുന്നത്.

പെരുമ്പാവൂരിലെ ലഹരി മാഫിയയുടെ വേരറുക്കാൻ പോലീസ് സേനയുടെ എണ്ണം വർദ്ധിപ്പിക്കണം എന്ന ആവശ്യം ആഭ്യന്തരവകുപ്പ് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുകയാണ്. പെരുമ്പാവൂരിലെ തൂഫാൻ ജാഗരണിൽ വെച്ച് ഈ നാടിന് നൽകിയ ഉറപ്പ് പാലിക്കുന്നു. പെരുമ്പാവൂരിന് ഒരു പ്ലാറ്റുൺ പോലീസിനെ പ്രത്യേകമായി നൽകുകയാണ്. നാർക്കോ ഹണ്ടിൻ്റെ പുതിയ അധ്യായമാകും ഇനി പെരുമ്പാവൂരിൽ കാണാൻ പോകുന്നത്. നാർക്കോ മാഫിയയുടെ വേരറുക്കാനും മരണ വ്യാപാരത്തിൻ്റെ അന്ത്യം കുറിക്കാനും കൂടുതൽ കരുത്ത് പെരുമ്പാവൂരിന് നൽകുകയാണ്. ലഹരി മുക്ത പെരുമ്പാവൂർ... ലഹരി മുക്ത കേരളം സാധ്യമാക്കിയിരിക്കും. ഇത് എൻ്റെ ഉറപ്പ്, കേരള സർക്കാരിൻ്റെയും.

Home Minister Ramesh Chennithala has announced that a special police force will be deployed in Perumbavoor as part of 'Operation Thoofan'. He said the decision was taken in response to the demands of local residents.The minister added that Perumbavoor is set to witness a new phase of the anti-narcotics drive, with intensified action against drug trafficking networks. He shared these details through a Facebook post.