കൊച്ചി ചേരാനല്ലൂരിൽ 17കാരനോടിച്ച ബെൻസ് ഇടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തിൽ പിതാവായ ജഡ്ജിയെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. മകൻ വണ്ടിയോടിച്ചത് തന്റെ അറിവോടെയല്ലെന്നാണ് ജഡ്ജി മൊഴി നൽകിയത്. തിങ്കളാഴ്ച വൈകീട്ടാണ് ജഡ്ജിയുടെ ആലുവയിലെ വീട്ടിലെത്തി അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്.
മകൻ പതിവായി വാഹനം ഓടിക്കാറുണ്ടെന്ന് തനിക്ക് അറിയില്ലെന്നാണ് ജഡ്ജ് മൊഴി നൽകിയത്. സംഭവത്തിൽ അഡീഷണൽ മജിസ്ട്രേറ്റിന് വീഴ്ചപറ്റിയെന്ന് പോർട്ട്ഫോളിയോ ജഡ്ജ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
മകൻ ഓടിച്ച വാഹനമിടിച്ച് ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെ അച്ഛനായ ജഡ്ജ് പൊലീസ് സ്റ്റേഷനിൽ പോയത് തെറ്റാണെന്നും ഔദ്യോഗിക ആവശ്യത്തിനല്ലാതെ സ്റ്റേഷനിൽ പോകുമ്പോൾ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങണമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.17കാരന് 25 വയസ് വരെ ലൈസൻസ് എടുക്കുന്നതിൽ നിന്ന് വിലക്കാനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹനവകുപ്പും അറിയിച്ചു. അതോടൊപ്പം അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആർസി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.
അതിനിടെ, 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെഷൻസ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കുന്നതിന്റെ റീലുകൾ പങ്കുവെച്ച ഇൻസ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ ദിവസം 17കാരൻ ഡിലീറ്റ് ചെയ്തിരുന്നു. അപകടം സംഭവിച്ച ദിവസം രാത്രി കാറുമായി ഇറങ്ങിയത് റീൽസ് ചിത്രീകരിക്കാനാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ 104 കിലോമീറ്റർ വരെ വേഗത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
അതിനിടെ, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. സർക്കാർ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും കുറ്റക്കാർ ആരായാലും വിട്ടുവീഴ്ചയില്ലാത്ത കർശന നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി ഉറപ്പുനൽകിയത്.
കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വലിയ പ്രതിഷേധങ്ങൾക്കായിരുന്നു വഴിവെച്ചത്. തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിഷയത്തിൽ ഇടപെട്ടിരുന്നു. പിന്നീട് കുട്ടിയെ പിടികൂടി, എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. നിസ്സാര വകുപ്പുകൾ ചുമത്തിയായിരുന്നു തുടക്കത്തിൽ 17കാരനെതിരെ കേസെടുത്തത്. മരിച്ച നോർത്ത് പറവൂർ സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പ്രതിഷേധത്തിന് പിന്നാലെയാണ് കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തിയതും വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചതും.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 181, 183 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതും അമിതവേഗത്തിൽ വാഹനം ഓടിച്ചതുമാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
The investigation team has questioned the judge who is the father of the 17-year-old who was driving the Mercedes-Benz that fatally hit a roadside stall owner in Cheranalloor, Kochi. The judge told investigators that he was unaware that his son had been driving the car. The team recorded his statement at his residence in Aluva on Monday evening.