

എസ്എംഎ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര്. മരുന്ന് വിതരണത്തിൽ അഴിമതി നടന്നെന്നും ആരോഗ്യരംഗം കോർപറേറ്റ് വൽക്കരിക്കപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. അതിനിടെ, ടാസ്ക് ഫോഴ്സ് രൂപീകരണത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരനും പ്രതിപക്ഷ വിമർശനത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിഡി സതീശനും രംഗത്തെത്തി.
രാജ്യം ആദരിക്കുന്ന ആരോഗ്യരംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിയാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. എന്നാൽ, എസ്എംഎ മരുന്ന് വിതരണത്തിൽ അഴിമതി നടന്നെന്നും ആരോഗ്യരംഗം കോർപറേറ്റ് വൽക്കരിക്കപ്പെട്ടെന്നും പ്രതിപക്ഷം തിരിച്ചടിച്ചു. 12 ദിവസത്തേക്കുള്ള ആറുലക്ഷം രൂപയുടെ മരുന്ന് 15,000 രൂപയ്ക്ക് വിൽക്കുന്നതിനെയാണ് പ്രതിപക്ഷം എതിർക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിമർശിച്ചു.
എസ്എംഎ മരുന്ന് വാങ്ങിയ നാറ്റ്കോ കമ്പനിയിൽനിന്ന് ഒന്നരക്കോടി രൂപ പാർട്ടി ഫണ്ടിലേക്ക് സ്വീകരിച്ചവരാണ് സിപിഐഎമ്മെന്നും മുഖ്യമന്ത്രി ആരോപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വാർഡ് നിർമാണവുമായി ബന്ധപ്പെട്ട് സിപിഐഎം 45 ലക്ഷം രൂപ വെട്ടിച്ചെന്ന ആരോപണവും ആരോഗ്യമന്ത്രി ഉന്നയിച്ചു. അതേസമയം, എസ്എംഎ രോഗികൾക്ക് ജനറിക് മരുന്നുകൾ സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്ത് നൽകുകയും ചെയ്തു.
ആരോഗ്യവകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സിൽ അംഗമായ ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ ന്യായീകരിച്ചും മുഖ്യമന്ത്രി രംഗത്തെത്തി. അദ്ദേഹത്തിനെതിരെ വിജിലൻസ് കേസുകളില്ലെന്നും വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ഫയലുമായി എകെജി സെന്ററിലേക്ക് പോകുന്ന പാർട്ടിയല്ല കോൺഗ്രസെന്നും അദ്ദേഹം പരിഹസിച്ചു.
ആരോഗ്യരംഗത്തെ സൈലന്റ് സിൻഡിക്കേറ്റിനെ മാറ്റുമെന്നും ആശുപത്രികളിൽ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ആരോഗ്യരംഗത്തെ നിയമനങ്ങൾക്ക് തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സാച്ചെലവ് കുറയ്ക്കുകയും രോഗനിർണയം നേരത്തെയാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ലോകം അത്ഭുതപ്പെടുന്ന മാറ്റം ആരോഗ്യരംഗത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ജനറിക് മരുന്നുകൾക്കെതിരെ കോടതിയെ സമീപിച്ച റോഷ് കമ്പനിക്കുവേണ്ടിയാണ് വാദിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. റോഷ് കമ്പനി എസ്എംഎ മരുന്നുകൾ ആറര ലക്ഷം രൂപയ്ക്കാണ് വിറ്റിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് വാക്കൗട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അഴിമതി ആരോപണം ആവർത്തിച്ചു.
നാറ്റ്കോ ഫാർമ കോൺഗ്രസിന് 12.25 കോടി രൂപ നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വകാര്യ മേഖലയിലെ ആരോഗ്യസംവിധാനത്തിലാണ് ദീപക് സിംഗാൾ ജോലി ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് ജനറിക് മരുന്നുകൾക്ക് എതിരാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പിണറായി വിജയൻ പറഞ്ഞു.
മരുന്നുകൾക്ക് അമിതവില ഈടാക്കുന്ന കുത്തക കമ്പനികളുടെ നയത്തെ എൽഡിഎഫ് എന്നും എതിർത്തിട്ടുണ്ടെന്നും ജനറിക് മരുന്നുകൾ സൗജന്യമാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പിന്നാലെ ആരോഗ്യരംഗത്തെ ഗൗരവകരമായ വിഷയം സഭ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.