Kerala

'അനിഷ്ടസംഭവങ്ങൾ' ആവർത്തിക്കുന്നു; മുഖ്യമന്ത്രിക്ക് ഇനി കൂടുതൽ കാവൽ, മഫ്‌തിയിലടക്കം പൊലീസുകാർ

പൊതുജനങ്ങളും മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിക്ക് അടുത്തേക്ക് അനിയന്ത്രിതമായി എത്തുന്നത് ഒഴിവാക്കാനാണ് പൊലീസിനുള്ള നിർദേശം

Madism Desk

മുഖ്യമന്ത്രി വിഡി സതീശന് സുരക്ഷ വർധിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രിക്ക് ചുറ്റും തിക്കും തിരക്കുമുണ്ടാകുന്ന സാഹചര്യം പതിവായതോടെയാണ് പൊലീസ് നീക്കം. അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പൊലീസിനെ നിയോഗിക്കാനാണ് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പടെ അനിയന്ത്രിതമായി അടുത്തെത്തുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുന്നുവെന്ന് ഇന്റലിജൻസ് വിലയിരുത്തലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം.

മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷയാണ് നിലവിലുള്ളത്. അധിക സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമായ സാഹചര്യത്തിൽ പൊതുജനങ്ങളും മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിക്ക് അടുത്തേക്ക് അനിയന്ത്രിതമായി എത്തുന്നത് ഒഴിവാക്കാനാണ് പൊലീസിനുള്ള നിർദേശം. പരിപാടികൾ നടക്കുന്ന സ്ഥലത്ത് മഫ്തിയിലടക്കം അധിക പൊലീസിനെ വിന്യസിച്ചേക്കും. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമടക്കം നടക്കുന്ന സാഹചര്യങ്ങളിൽ യാത്രയിൽ സുരക്ഷ ഉയർത്തണമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ തനിക്ക് പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രം മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

ഏതാനും ദിവസംമുൻപ്‌ ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പുറത്തിറങ്ങവേ തിക്കുംതിരക്കും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളത്ത് നടന്ന പരിപാടിയിൽ മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്ത് പോകരുതെന്നും സെഡ് പ്ലസ് സുരക്ഷയുള്ളയാളാണെന്നും പൊലീസ് മാധ്യമപ്രവർത്തരോട് നിർദേശിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല. തൃശ്ശൂരിലും സമാനരീതിയിൽ മാധ്യമപ്രവർത്തകരെ മാറ്റിനിർത്തിയിരുന്നു.

മുഖ്യമന്ത്രിയായ ശേഷം മാധ്യമങ്ങളോടുള്ള വിഡി സതീശന്റെ സമീപനം വലിയ ചർച്ചാ വിഷയമാണ്. തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കവേ, കേരളത്തിൽ ചിലർ പ്രൊഫഷണൽ മര്യാദകളില്ലാത്ത അൺഎത്തിക്കലായ (Unethical) മാധ്യമപ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി വിമർശിച്ചിരുന്നു. റേറ്റിംഗിന് പിന്നാലെ പോയി മുഖ്യധാരാ മാധ്യമങ്ങൾ സോഷ്യൽ മീഡിയയുടെ നിലവാരത്തിലേക്ക് തരംതാഴരുതെന്നാണ് അന്നദ്ദേഹം കുറ്റപ്പെടുത്തിയത്.

കൊച്ചി, ഇടുക്കി, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലെ പൊതുപരിപാടികളിൽ മുഖ്യമന്ത്രിയെ സമീപിക്കുന്നതിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും മാധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞത് വിവാദമായിരുന്നു. മാധ്യമപ്രവർത്തകരുടെ പല ചോദ്യങ്ങൾക്കുമെതിരെ അദ്ദേഹം പരസ്യമായി അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിൽ നിന്ന് മുഖ്യമന്ത്രി പദവിയിലേക്ക് മാറിയതോടെ മാധ്യമങ്ങളോടുള്ള സമീപനത്തിൽ കുറച്ചുകൂടി ഭരണപരമായ പക്വതയും മിതത്വവും ഉറപ്പുവരുത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും അത് പ്രകടമാകുന്നില്ല എന്നതാണ് സത്യം.

Police are preparing to beef up security for Chief Minister V.D. Satheesan as large crowds gather around him at public events. The Intelligence ADGP has directed district police chiefs to deploy additional personnel, including plainclothes officers, to prevent any untoward incidents.