Kerala

സിപിഎമ്മില്‍ വിഴിഞ്ഞം തര്‍ക്കം; നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷം

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ പ്രതികരണമായിരുന്നു വിഷയത്തെ സജീവ ചര്‍ച്ചയാക്കിയത്.

Madism Desk

കേരളത്തിന്റെ സ്വപ്‌ന പദ്ധതി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിലപാടുകളില്‍ സിപിഎമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷം. വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയുടെ സ്ഥലം മാറ്റം, അദാനി - എംഎസ് സി ഓഹരി കൈമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ സിപിഎം നേതാക്കള്‍ സ്വീകരിച്ച നിലപാടുകളിലെ വൈരുദ്ധ്യം വിഷയത്തിന്റെ ഭിന്നതയുടെ സൂചനയാണെന്നാണ് പുതിയ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ മാറുമ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം പതിവാണ്, എന്നാല്‍ ഈ വിഷയം സംസ്ഥാനത്തെ സിപിഎമ്മില്‍ നേതാക്കള്‍ ചേരിതിരിഞ്ഞുള്ള പ്രതികരണത്തിലേക്ക് നയിച്ചത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കമാണ് വെളിവാക്കുന്നത് എന്നാണ് വിലയിരുത്തല്‍.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ പ്രതികരണമായിരുന്നു വിഷയത്തെ സജീവ ചര്‍ച്ചയാക്കിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ മുന്‍ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയത് തുടങ്ങിയ കാര്യങ്ങളില്‍ മലയാളികള്‍ക്ക് സംശയങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു അദാനി - എംഎസ് സി ഓഹരി കൈമാറ്റത്തില്‍ കെ കെ രാഗേഷ് ഉയര്‍ത്തിയ ചോദ്യം. ഇതിന് മറുപടിയായി കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാക്കളായ പി കെ ശ്രീമതി, കെ കെ ശൈലജ, പി ജയരാജന്‍ എന്നിവരും രംഗത്തെത്തി.

വിവാദത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി കെ.കെ.രാഗേഷിനെ തള്ളിയ സിപിഎം നേതാവ് പി.കെ. ശ്രീമതി. സര്‍ക്കാര്‍ മാറി വരുമ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി. മാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. എന്താണെന്ന് തനിക്കറിയില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു. കെ കെ രാഗേഷ് വ്യക്തമായി കാര്യം പറയണം. എന്നാലേ എല്ലാവര്‍ക്കും ബോധ്യപ്പെടൂ. ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുതെന്നും അവര്‍ പറഞ്ഞു. ദിവ്യയെ മാറ്റിയത് വിവാദം വിഷയമാക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് കെ കെ ശൈലജയും വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ അഴിമതിയുണ്ടെന്ന പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് തള്ളിക്കൊണ്ടാണ് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ രംഗത്തെത്തിയത്. വിഷയത്തില്‍ വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ താന്‍ അഴിമതി ആരോപണം ഉന്നയിക്കാനില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെ അതിന് വിശദീകരണം നല്‍കട്ടെയെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ അറിയാതെ ഓഹരി കൈമാറ്റം പാടില്ലെന്നുമാണ് പാര്‍ട്ടി നിലപാടെന്നാണ് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞത്. താന്‍ പറയുന്നത് സിപിഎം നിലപാടാണ്. വിഷയത്തില്‍ സിപിഎമ്മിന് രണ്ട് അഭിപ്രായമില്ല. ഓഹരി കൈമാറ്റം നടക്കുമ്പോള്‍ അത് സര്‍ക്കാരിന്റെ പൂര്‍ണ്ണമായ അറിവോടും അനുവാദത്തോടും കൂടി മാത്രമായിരിക്കണം. ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമായ ചില നീക്കങ്ങള്‍ നടന്നപ്പോഴാണ് അതിനെ എതിര്‍ക്കാനും അത് ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാനുമുള്ള നിലപാട് പാര്‍ട്ടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ടി എം തോമസ് ഐസക് ആണ് ഏറ്റവുമൊടുവില്‍ നിലപാട് തുറന്നുപറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് നിലപാടായിരുന്നു തോമസ് ഐസക് പറയുന്നത്. തൂത്തുക്കുടി തുറമുഖത്ത് എംഎസ്‌സി കമ്പനിക്ക് സ്വന്തമായി ടെര്‍മിനല്‍ ഉള്ളത് കരാര്‍ ലംഘനം ആണോ എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. ദിവ്യ എസ് അയ്യരെ മാറ്റിയതില്‍, സര്‍ക്കാരിന് മാറ്റാന്‍ അധികാരമുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു. എന്നാല്‍ കെ കെ രാഗേഷിനെ തള്ളാനും തോമസ് ഐസക് തയ്യാറായില്ല. നേരത്തെ അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള ഉദ്യോഗസ്ഥയെ മാറ്റുമ്പോള്‍ ചോദ്യങ്ങള്‍ ഉയരുമെന്ന ആ ചോദ്യം പ്രസക്തമാണ് എന്നുമായിരുന്നു തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, വിഴിഞ്ഞം പദ്ധതിയില്‍ ഉയരുന്ന ഭിന്നസ്വരങ്ങള്‍ പാര്‍ട്ടിയിലെ ചേരി തിരിവാണ് പുറത്താക്കുന്നത് എന്നാണ് വാദം. വി ഡി സതീശന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചായിരുന്നു വിഴിഞ്ഞം ഇടതുപക്ഷം ആദ്യം ചര്‍ച്ചയാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ദേശാഭിമാനി റിപ്പോര്‍ട്ട് മുതല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാടുവരെ പാര്‍ട്ടിയെ ഈ വാദത്തില്‍ തുടരുന്നതില്‍ ദുര്‍ബലപ്പെടുത്തി. സര്‍ക്കാരിനെതിരെ ഒരു പോര്‍മുഖം തുറക്കുന്നതില്‍ ഏകോപനം ഉണ്ടാക്കാന്‍ പോലും ഈ സാഹചര്യം തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ട വലിയ തോല്‍വിയില്‍ പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച പുരോഗമിക്കെയാണ് ഇത്തരം ഒരു സാഹചര്യം ഉരുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Differences within the CPIM over issues related to Kerala's flagship Vizhinjam Port project have sparked fresh political debate. Contrasting statements by senior party leaders regarding the transfer of the port's Managing Director and the reported Adani–MSC stake transfer have fuelled speculation about internal divisions. While administrative reshuffles are common with changes in government, the public disagreement among CPI(M) leaders has drawn attention to possible differences within the party. The debate intensified after CPI(M) Kannur District Secretary K.K. Ragesh raised questions over the transfer of the former Vizhinjam Port MD and the Adani–MSC stake transaction, prompting responses from senior leaders P.K. Sreemathy, K.K. Shailaja, and P. Jayarajan.