Kerala

'വിമർശനമില്ലെങ്കിൽ പിന്നെന്ത് സമ്മേളനം?'; തെറ്റുകൾ തിരുത്തി പാർട്ടി മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദൻ

വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടാകുമ്പോഴാണ് പാർട്ടി കൂടുതൽ നവീകരിക്കപ്പെടുന്നത്

Madism Desk

കോഴിക്കോട് നടന്ന സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോ​ഗത്തിൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കി. തെര‍ഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ നടന്ന യോ​ഗത്തിൽ ഉയർന്ന വിമർശനങ്ങളെയും സ്വയംവിമർശനങ്ങളെയും പാർട്ടി തികഞ്ഞ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയും യോഗത്തിൽ വിമർശനമുണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം ആരോഗ്യകരമായ വിമർശനങ്ങളിലൂടെ തെറ്റുകൾ തിരുത്തി പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കടുത്ത നടപടികളുമായി പാർട്ടി മുന്നോട്ടുപോകും. ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ വിശാല സഖ്യം രൂപീകരിക്കണമെന്ന് ചർച്ചകളിൽ നിർദേശമുയർന്നെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തിൽ ഇതുവരെ പത്തൊൻപത് പേരാണ് ചർച്ചകളിൽ പങ്കെടുത്തത്. ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധത്തിൽ മുൻപത്തേക്കാൾ അകൽച്ചയുണ്ടായതായി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ തന്നെ സമ്മതിക്കുന്നുണ്ട്. കമ്മിറ്റിയിലെ എല്ലാ നേതാക്കൾക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. എന്നാൽ ഇതിൽ യാതൊരു അത്ഭുതവുമില്ലെന്നും, വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടാകുമ്പോഴാണ് പാർട്ടി കൂടുതൽ നവീകരിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിന് ശേഷം പ്രതിനിധികളിൽ നിന്ന് റിപ്പോർട്ടുകൾ തിരികെ വാങ്ങുന്നത് പാർട്ടിയുടെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.

പാർട്ടിക്കുള്ളിൽ നടക്കുന്ന സ്വാഭാവിക വിമർശനങ്ങളെ വലിയ അപവാദമായി ചിത്രീകരിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ അജണ്ടകളെ എം വി ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. ഇ ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയ തലത്തിൽ ഒരു വിശാല സഖ്യം രൂപീകരിക്കണമെന്ന നിർദേശം യോഗത്തിൽ ഉയർന്നിട്ടുണ്ട്. വർഗീയതയെ ചെറുക്കുന്നതിന്റെ ഭാഗമായി മതപരമായ ആഘോഷങ്ങൾ എല്ലാവരുടേതുമാക്കി മാറ്റാൻ ശ്രമിക്കണം. ഇതിനുപുറമെ, കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പാർട്ടി വിദ്യാഭ്യാസം കൂടുതൽ ശക്തമാക്കും. ഇതിനായി പ്രവർത്തകർക്ക് സംശയങ്ങൾ അപ്പപ്പോൾ ചോദിച്ചറിയാൻ പ്രത്യേക മൊബൈൽ ആപ്പുകൾ സജ്ജമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

CPI(M) State Secretary M.V. Govindan acknowledged the severe criticism directed at the leadership during the party's extended state committee meeting in Kozhikode. Emphasizing that criticism and self-criticism are vital for the party's growth, he assured that corrective measures will be taken. He warned of strict action against leaders found accumulating unaccounted assets. Additionally, Govindan strongly condemned right-wing media agendas, proposed a national coalition against central investigative agencies, and announced the launch of a dedicated mobile app to strengthen party education and clarify ideological doubts.