തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് പോഷ് നിയമം പ്രകാരം രൂപീകരിക്കേണ്ട 'ആഭ്യന്തര പരാതി പരിഹാര സമിതി' (Internal Complaints Committee - ICC) ക്ക് സമാനമായ സംവിധാനം പാര്‍ട്ടിക്കുള്ളില്‍ ശക്തമാക്കി സിപിഎം. മുതിര്‍ന്ന നേതാക്കള്ക്കെതിരെയുള്ളവ ഉള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങള്‍ സജീവ ചര്‍ച്ചയിലിരിക്കെയാണ് സിപിഎമ്മിന്റെ നിര്‍ണായക നീക്കം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ടിഎന്‍ സീമ അധ്യക്ഷയാകുന്ന അഞ്ചംഗ സമതിയാണ് രൂപീകരിച്ചിരിക്കുന്നത്.
സമിതിയില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പികെ സൈനബ, എം വിജയകുമാര്‍, എന്‍ ചന്ദ്രന് എന്നിവരും, പുറത്തുനിന്നുള്ള അംഗമായി അഡ്വ. ടി ഗീനകുമാരിയും ഉള്‍പ്പെടുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന കമ്മിറ്റി സമിതിയെ പുനഃസംഘടിപ്പിച്ചത്. സംസ്ഥാന തലത്തിലെ സമിതിക്ക് സമാനമായി ജില്ലാ തലങ്ങളിലും ഐസിസി രൂപീകരിക്കും.
ഐസിസി രൂപീകരണം സംബന്ധിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം ജനറല്‍ സെക്രട്ടറി എംഎ ബേബി സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം ഐസിസി രൂപീകരണം പ്രധാന വിഷയമാക്കി പാര്‍ട്ടി പരിഗണിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പുനഃസംഘടിപ്പിച്ചിരിക്കുന്നത്. സമിതിയെ കൂടുതല്‍ സജീവമാക്കുക എന്നതാണ് പുനഃസംഘടനയുടെ ലക്ഷ്യം. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം) നിയമം' പ്രാബല്യത്തില്‍ വന്ന ഉടന്‍ തന്നെ സിപിഎം കേന്ദ്ര നേതൃത്വം ഇത്തരം സമിതികള്‍ രൂപീകരിച്ചിരുന്നുവെങ്കിലും, പല സംസ്ഥാനങ്ങളിലും അവ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. ഈ സാഹചര്യം മറികടക്കുക എന്നതാണ് ഇപ്പോഴത്തെ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നത്.
ജില്ലാ തലങ്ങളില്‍ ഉയരുന്ന പരാതിയായിരിന്നും സംസ്ഥാനതല ഐസിസി പരിശോധിക്കുക. ഏരിയ കമ്മിറ്റി അംഗത്തിനെതിരെയോ താഴെത്തട്ടിലുള്ള പ്രവര്ത്തകനെതിരെയോ പരാതി ഉയര്‍ന്നാല്‍ ഈ വിഷയം ജില്ലാതല ഐസിസി പരിശോധിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും അതിനു മുകളിലുള്ളവര്ക്കുമെതിരായ പരാതികള്‍ സെന്‍ട്രല്‍ കമ്മിറ്റി തലത്തിലുള്ള ഐസിസി ആയിരിക്കും കൈകാര്യം ചെയ്യുക എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിശദീകരിക്കുന്നു.
സിപിഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ ഗുരുതരമായ പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതായി ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. സുരേഷ് ബാബുവിനെതിരെ കര്‍ശന നടപടി ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിപിഎം ഐസിസിയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത്.
നേതാക്കള്‍ക്ക് എതിരെ ഉയരുന്ന പരാതികള്‍ നിലവില്‍ പാര്‍ട്ടി കമ്മിറ്റികള്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന രീതിമാറിയാണ് ഐസിസി രംഗത്തെത്തുന്നത്. ബന്ധപ്പെട്ട ഘടകങ്ങളിലെ ഐ.സി.സിയാകും പരാതികളില്‍ അന്വേഷണം നടത്തി അന്തിമ തീരുമാനം എടുക്കുക. ഈ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി കമ്മിറ്റികള്‍ക്ക് അധികാരമുണ്ടായിരിക്കില്ല. ഐ.സി.സി തീരുമാനത്തിനെതിരെ അപ്പീല്‍ ഉള്ളപക്ഷം, അത് മേല്ക്കമ്മിറ്റിയിലെ ഐസിസിയാണ് പരിഗണിക്കും.
The CPI(M) has strengthened its internal mechanism for addressing complaints of sexual harassment within the party, reportedly modelled on the Internal Complaints Committee (ICC) under the POSH Act. The move comes amid ongoing public discussion over allegations involving party leaders, including senior figures. A five-member committee has been formed, with CPI(M) state committee member T. N. Seema as its chairperson.