Kerala

വീഴ്ച പഠിച്ച് കരകയറാൻ സിപിഎം; വിശാല സമിതിക്ക് ഇന്ന് കോഴിക്കോട്ട് തുടക്കം, എന്താണ് ലക്ഷ്യം?

സമാനതകളില്ലാത്ത തരത്തിൽ പൊതുജനങ്ങളിൽ നിന്ന് പാർട്ടി അകന്നുപോയി എന്ന വിലയിരുത്തലിൽ, ഇനിയെന്ത് എന്ന് ചർച്ച ചെയ്യാനാണ് പാർട്ടി യോഗം വിളിച്ചു ചേർത്തിരിക്കുന്നത്

Madism Desk

സിപിഎമ്മിന്റെ ചരിത്രത്തിലെ അപൂർവമായ ഒരു കൂടിച്ചേരലിന് സാക്ഷിയാവുകയാണ് ഇന്ന് കോഴിക്കോട്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടി വിശാല സംസ്ഥാന സമിതി യോഗം വിളിച്ചു ചേർത്തിരിക്കുന്നു. തിരുത്തൽ നടപടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന യോഗത്തിന് മറ്റ് സമ്മേളനങ്ങളേക്കാൾ പ്രത്യേകതകൾ ഒരുപാടുണ്ട്. ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് പരിധിയും ചർച്ചകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയതോടെ വിശാല സമിതി യോഗം കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

സമാനതകളില്ലാത്ത തരത്തിൽ പൊതുജനങ്ങളിൽ നിന്ന് പാർട്ടി അകന്നുപോയി എന്ന വിലയിരുത്തലിൽ ഇനിയെന്ത് എന്ന് ചർച്ച ചെയ്യാനാണ് പാർട്ടി യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. സംഘടനാ പ്ലീനം വിളിച്ചു ചേർക്കണം എന്നൊക്കെയുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും വിശാല സമിതി മതി എന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തുകയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം, സംസ്ഥാന സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിക്കലും ഇതിന് മേൽ ചർച്ചകളുമാണ് നടക്കുക.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടിയ തിരുത്തൽ കൂടി വരുത്തി അന്തിമമാക്കിയ റിപ്പോർട്ടാണ് സെക്രട്ടറി അവതരിപ്പിക്കുന്നത്. ഇതോടെ, റിപ്പോർട്ട്, സംസ്ഥാനകമ്മിറ്റിയുടെ റിപ്പോർട്ടായിമാറി. ഒരു ഘടകം അംഗീകരിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അതേ ഘടകത്തിലുള്ളവർ മറ്റൊരുയോഗത്തിൽ അഭിപ്രായംപറയുന്ന രീതി സി.പി.എമ്മിനില്ല. ഇതുകൊണ്ടു തന്നെ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചർച്ചയിലുണ്ടാകില്ല.

സാങ്കേതികത്വത്തിന്റെ പേരിലാണെങ്കിലും സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ സംസ്ഥാനസമിതി അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല എന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്. പ്രതിനിധികളായ ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളും വർഗബഹുജന സംഘടനകളുടെ ഭാരവാഹികളും മാത്രമാണ് ചർച്ചയിലുണ്ടാകുക. പാർട്ടിയിൽ അടിമുടി മാറ്റംവേണമെന്നു നിലപാടുള്ളവരാണ് സംസ്ഥാനസമിതിയിൽ ഭൂരിപക്ഷവും. ചർച്ചയിൽ ഈ നിലപാടിന് മുൻതൂക്കംലഭിച്ചാലേ അഴിച്ചുപണിക്കു സാധ്യതയുള്ളൂ.

എന്താണ് വിശാല സംസ്ഥാന സമിതി?

സാധാരണ പാർട്ടി സമ്മേളനങ്ങളിൽ നിന്നോ സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ നിന്നോ വ്യത്യസ്തമായി, പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിലോ തോൽവി വിലയിരുത്തുന്നതിലോ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും തെറ്റുതിരുത്തൽ നടപടികൾക്കുമായി സിപിഎം സംഘടിപ്പിക്കുന്ന വിപുലമായ യോഗമാണ് വിശാല സംസ്ഥാന സമിതി.

എവിടെയാണ് പാർട്ടിക്ക് പിഴവ് സംഭവിച്ചത്, ഏതൊക്കെ തെറ്റുകൾ തിരുത്തണം, എങ്ങനെ തിരുത്തണം എന്ന തരത്തിലുള്ള ചർച്ച നടത്തുകയാണ് വിശാല സംസ്ഥാന സമിതിയുടെ ലക്ഷ്യം.

സാധാരണ സംസ്ഥാന കമ്മിറ്റി യോഗത്തിൽ 90ഓളം അംഗങ്ങൾ മാത്രമാണ് പങ്കെടുക്കാറുള്ളതെങ്കിൽ, വിശാല സമിതിയിൽ നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുക്കും. സ്ഥിരം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പുറമെ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, പോഷക-വർഗ ബഹുജന സംഘടനകളുടെ (DYFI, SFI, കർഷക സംഘം, CITU തുടങ്ങിയവ) സംസ്ഥാന നേതാക്കൾ/പ്രതിനിധികൾ എന്നിവരും ഇതിൽ പങ്കെടുക്കുന്നുണ്ട്. പ്രധാന നേതാക്കൾ കൂടിയാകുമ്പോൾ സംഖ്യ 350 വരെ ഉയർന്നേക്കാം.

തിരഞ്ഞെടുപ്പ് തിരിച്ചടികൾ വിശകലനം ചെയ്യുക, പാർട്ടി കേഡർമാരുടെയും നേതാക്കളുടെയും ഇടപെടലുകളിലെ വീഴ്ചകൾ തിരുത്തുക, പ്രവർത്തനശൈലിയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ നിർണായക ലക്ഷ്യങ്ങൾക്കായാണ് യോഗം വിളിച്ചുചേർക്കുന്നത്. ഒരു പ്ലീനത്തിന് സമാനമായ തലത്തിൽ വിപുലമായ ചർച്ചകൾക്കും തുറന്ന സ്വയംവിമർശനങ്ങൾക്കും ഇവിടെ വേദിയൊരുങ്ങുന്നു.

സാധാരണയായി തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം സംബന്ധിച്ച വിലയിരുത്തൽ സംസ്ഥാന സമിതി തയാറാക്കിയ ശേഷം അതിൽ കീഴ്ഘടകങ്ങൾ ചർച്ച നടത്തുന്ന രീതിയാണ് പിന്തുടരുന്നത്. ഇതിനു പകരമായി വിവിധ കീഴ്ഘടകങ്ങളിൽ നിന്നുളള അഭിപ്രായം സ്വരൂപിച്ച് അതിൽ നിന്ന് പാർട്ടിയുടെ പ്രകടനവും തുടർനടപടികളും തീരുമാനിക്കുന്ന രീതിയാണ് ഇത്തവണത്തേത്. വിശാല സംസ്ഥാന സമിതിക്കു ശേഷം ജില്ലകൾ തോറും രണ്ടു ദിവസത്തെ വിശാല ജില്ലാ സമിതി യോഗം ചേർന്ന് നടപടികൾ തീരുമാനം കീഴ്ഘടകങ്ങളെ അറിയിക്കും. ജില്ലാ സമിതികൾക്ക് ശേഷം ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിലേക്കും വിശാല സമിതി കൈക്കൊണ്ട തീരുമാനങ്ങൾ പങ്കുവയ്ക്കും.

നേതൃമാറ്റം പരിഗണിക്കപ്പെടുമോ?

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ നേതൃമാറ്റം ഉണ്ടാകുമോ എന്നതാണ് വിശാല സമിതിയിലൂടെ എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. എന്നാൽ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയുടെ നേരിട്ടുള്ള അജണ്ടയല്ല. പക്ഷേ അതിലേക്ക് നയിക്കുന്ന തരത്തിലുള്ള ചർച്ചകൾ യോഗത്തിൽ ഉയർന്നേക്കാം. കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ എല്ലാ വീഴ്ചകളും എടുത്തുപറഞ്ഞിട്ടുണ്ട്. വ്യക്തികേന്ദ്രീകൃതമായ പ്രചാരണം, വ്യക്തികളുടെ ശൈലി എന്നിവ പാർട്ടിക്ക് ഗുണം ചെയ്തില്ലെന്ന വിമർശനം, സ്ഥാനാർഥിത്വം പാളിയത് ഇതെല്ലാം അക്കമിട്ട് നിരത്തുന്ന റിപ്പോർട്ടാണിത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിലൊക്കെ എന്ത് ചർച്ച നടക്കും എന്ന് നോക്കിക്കാണണം.

2012-ലെ പാർട്ടി കോൺഗ്രസിനുശേഷം കോഴിക്കോട്ട് നടക്കുന്ന സി.പി.എമ്മിന്റെ ഏറ്റവും വലിയ പരിപാടിയാണ് വിശാല സംസ്ഥാന സമിതി. ചുവപ്പുകൊടി, തോരണം എന്നിവയാൽ നിറഞ്ഞിരിക്കുകയാണ് നഗരം. രാവിലെ 10ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിലെ എകെജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി ഉദ്ഘാടനം ചെയ്യും. 15-ന് വൈകീട്ട് മൂന്നിന് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ റാലിയോടെയാണ് സമാപനം. വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകർ 1200-ലേറെ വാഹനങ്ങളിൽ റാലിക്കായി എത്തിച്ചേരും. ഇവർ ചെറുജാഥകളായി ഫ്രീഡം സ്‌ക്വയറിൽ സംഗമിക്കും. ഗ്രീൻ പ്രോട്ടക്കോൾ കർശനമായി പാലിച്ചായിരിക്കും റാലി.

Kozhikode is witnessing a rare gathering in the history of the CPM today. Following the party’s heavy setback in the Assembly elections, the CPM has convened an extended state committee meeting. Organised as part of its corrective measures, the meeting has several features that set it apart from other party gatherings. The extended committee meeting has drawn particular attention after limits were imposed on the number of participants and restrictions placed on the discussions.