നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പും ശേഷവും പാർട്ടിക്കെതിരെ നിരന്തരം ഉയർന്നിരുന്ന ആരോപണങ്ങളിൽ ഒടുവിൽ കുറ്റം സമ്മതം നടത്തിയിരിക്കുകയാണ് സിപിഎം. തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്കുശേഷവും മുൻ നിലപാടുകളിൽ കാര്യമായ മാറ്റം വരുത്താതിരുന്ന പാർട്ടി നിലപാടുകൾക്ക് വ്യത്യസ്ഥമായാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് വൈകുന്നേരം മാധ്യമങ്ങളോട് സംസാരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പാർട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ആ സമയത്ത് മുഖവിലക്കെടുക്കാത്തതിൽ ഖേദിക്കുന്ന തരത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വാർത്താ സമ്മേളനം. പരാജയത്തിൽ സംഘടനാപരമായയും നിലപാടുകളിലും പിഴവ് സംഭവിച്ചെന്നാണ് എംവി ഗോവിന്ദൻ പാർട്ടിയുടെ നിലപാടറിയിച്ചത്.
തിരഞ്ഞെടുപ്പുവരെ ജനങ്ങൾ ഉന്നയിച്ച വെള്ളാപ്പള്ളി-സിപിഎം ബന്ധത്തെകുറിച്ചാണ് മുഖ്യമായും സെക്രട്ടറി ഏറ്റുപറഞ്ഞത്. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ പാർട്ടി ശക്തമായി പ്രതിരോധിച്ചില്ലെന്ന പൊതുബോധം ഉണ്ടായെന്നും അത് ദൂരീകരിക്കുന്നതിൽ സിപിഎമ്മിന് പിഴവ് സംഭവിച്ചുവെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളും പരാജയത്തെ സ്വാധീനിച്ചെന്നും സെക്രട്ടറി അറിയിച്ചു. സ്വർണക്കൊള്ള വിവാദം പരാജയത്തിനു കാരണമായി. അയ്യപ്പസംഗമം നടത്തിയത് ദേവസ്വം ബോർഡാണ്. എന്നാൽ അതിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ശരിയായില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയം ശരിയായില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി തന്നെ സ്വയം വിമര്‍ശനമായി വിഷയം ഉന്നയിച്ചു. അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വ്യക്തിപരമായി ഒന്നും ചെയ്തിട്ടില്ലെന്നും എംവി ഗോവിന്ദൻ അടിവരയിട്ടു. എസ്ഐആർ ന്യൂനപക്ഷങ്ങൾക്കുണ്ടായ ആശങ്ക ലീഗ്-ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് കൂട്ടുകെട്ട് നല്ലപോലെ ഉപയോഗിച്ചു. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിൽനിന്ന് അകറ്റാൻ ഇത് കാരണമായി.
നാൽപതിനായിരം പാർട്ടി ഘടകങ്ങളിൽനിന്നുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്തതിനുശേഷം സംസ്ഥാന സമിതി അംഗീകരിച്ച റിപ്പോർട്ടാണ് സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് പങ്കുവെച്ചത്. ഇങ്ങനൊരു പരാജയം മുൻകൂട്ടി അറിയുന്നതിൽ പാർട്ടി പരാജയപ്പെട്ടു. അപ്രതീക്ഷിത തിരിച്ചടിയായെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം നടന്നു. ഭരണത്തിൽ എത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ഡീൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എംവിഗോവിന്ദൻ പറഞ്ഞു.
English Summary: CPM state secretary M. V. Govindan admitted that the party made organizational and political mistakes that contributed to its unexpected Assembly election defeat. He acknowledged that the party failed to adequately counter public concerns over its perceived closeness to Vellappally Natesan, controversies related to Sabarimala, and other issues raised during the campaign. Govindan also said candidate selection was flawed in some constituencies and that minority concerns were effectively used by opposition parties to distance voters from the Left.
While accepting the party's shortcomings, he alleged that vote-trading between the UDF and BJP occurred in around 30 constituencies.