മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച ഇടത് നേതാക്കൾക്കുമെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. വ്യക്തിഹത്യകൾക്ക് നേതൃത്വം നൽകുന്നവരുടേത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് സംസ്കാരമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം:
മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണ്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സഖാവ് റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്. തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്.
മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല; ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട ഒന്നല്ല. പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണ്.
ദേശീയ തലത്തിൽ ജനാധിപത്യത്തിനുവേണ്ടിയും കാവിവത്കരണത്തിനെതിരെയും പൊരുതി അംഗീകാരം നേടിയ ഡി. വൈ. എഫ്. ഐ - എസ്.എഫ്.ഐ നേതാക്കളെ കാണാൻ ആഗ്രഹിച്ചതുതന്നെ ഈ സംഘടനകൾക്കുള്ള വലിയ അംഗീകാരമാണ്.
ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട്.
കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരം. തെറ്റായ പ്രചാരണങ്ങളിൽ പെട്ടുപോയിട്ടുള്ളവർ അതിൽനിന്ന് പിന്തിരിയണം. മലയാളത്തിന്റെ മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണം.
മമ്മൂട്ടിയെ സന്ദർശിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ വിമർശിച്ച് കഴിഞ്ഞ ദിവസമാണ് വ്യാപക സൈബർ ആക്രമണമുണ്ടായത്. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ചിത്രം പങ്കുവെച്ചായിരുന്നു പ്രതിഷേധം. വയനാട്ടിൽ ദുരന്തമേഖല സന്ദർശിക്കുന്നതിനിടെ റഫീഖിനോട് മമ്മൂട്ടി മോശമായി പെരുമാറിയ സംഭവവും, 'നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ' എന്ന ചോദ്യവുമൊക്കെ ചൂണ്ടിക്കാട്ടി, നിങ്ങൾക്കൊക്കെ എന്ന് നേരം വെളുക്കും എന്ന് വിമർശനമുയർന്നു.
എം വിജിൻ എംഎൽഎ, ചിന്ത ജെറോം എന്നിവരടക്കം ക്രൂരമായ സൈബർ ആക്രമണങ്ങൾക്കിരയായി. പാർട്ടി പ്രവർത്തകർ മമ്മൂട്ടിയുടെ മുന്നിൽ കുമ്പിട്ട് നിൽക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇമ്മാതിരി ഊള പരിപാടി നടത്തലല്ല ഡിവൈഎഫ്ഐയുടെ പണി എന്നുമൊക്കെയായിരുന്നു കമന്റുകൾ. സൈബറാക്രമണം അതിരുവിട്ടതോടെയാണ് ഇപ്പോൾ വിഷയത്തിൽ വിമർശനവുമായി പി ജയരാജൻ അടക്കം രംഗത്തെത്തിയിരിക്കുന്നത്.
CPM State Secretariat member P. Jayarajan has strongly condemned the cyberattacks targeting Mammootty and the Left leaders who visited him. Jayarajan said those leading personal attacks do not represent Leftist politics, adding that embracing art and artists is part of communist culture. He shared his response in a Facebook post