സിഎംആർഎൽ-എക്സാലോജിക് കേസ് അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. 'ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ല' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് കേന്ദ്ര നടപടികളെ പത്രം കടന്നാക്രമിക്കുന്നത്. അന്വേഷണ ഏജൻസികളെ ആയുധമാക്കി പ്രതിപക്ഷത്തെയും രാഷ്‌ട്രീയ എതിരാളികളെയും ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന് എഡിറ്റോറിയൽ വ്യക്തമാക്കുന്നു. എക്സാലോജിക് വിവാദത്തിന്റെ പേരിൽ സിപിഎമ്മിനെയും നേതാക്കളെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തികഞ്ഞ രാഷ്‌ട്രീയ പകപോക്കലാണ്. ഭീഷണികൾ കൊണ്ട് പാർട്ടിയെ ദുർബലപ്പെടുത്താമെന്ന് കരുതുന്നത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
''കേന്ദ്രത്തിനും ബിജെപിക്കുമെതിരെ പ്രതിപക്ഷം ശക്തമായ നിലപാടെടുക്കുമ്പോഴാണ് ഇത്തരം സമീപനം മോദിസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളെ ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് നിശബ്ദമാക്കാൻ ശ്രമിച്ചതിന്റെ നിരവധി അനുഭവങ്ങളുണ്ട്. സിഎംആർഎൽ-എക്സാലോജിക്ക് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ സിപിഎമ്മിനെയും പാര്‍ട്ടി നേതാക്കളെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചാരണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങള്‍ പ്രസക്തമാവുന്നത്. പാര്‍ട്ടി നേതാക്കളുടെ സുഹൃത്തുക്കളിലേക്കും കടന്നുചെന്ന് അന്വേഷണത്തിന്റെ പേരില്‍ ഭീകരത സൃഷ്ടിക്കുകയാണ്'', - ദേശാഭിമാനി വിമര്‍ശിച്ചു.
''ഒരു സ്ഥാപനത്തിനോ വ്യക്തികൾക്കോ എതിരെ ഉയർന്ന ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുന്നതിന്റെ പരിധി കടന്ന് ഒരു രാഷ്ട്രീയപാർടിയെയും അതിന്റെ നേതാക്കളെയും അവരുമായി ബന്ധമുള്ളവരെയും ലക്ഷ്യമിട്ട് പരിശോധനകൾ നടക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. അഴിമതിയുണ്ടെങ്കിൽ അന്വേഷിക്കണം. സാമ്പത്തിക ക്രമക്കേടുണ്ടെങ്കിൽ തെളിവുകൾ പുറത്തുകൊണ്ടുവരണം. എന്നാൽ, സമാനമായ ആരോപണം നേരിടുന്നവരെപ്പറ്റി അന്വേഷണം ഉണ്ടാകുന്നില്ല. കോടിക്കണക്കിന് രൂപയുടെ ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും ബിജെപി നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികളുടെ സമീപനം എന്താണെന്ന് എല്ലാവർക്കും അറിയുന്നതാണ്.''- മുഖപത്രം കുറ്റപ്പെടുത്തുന്നു.
ജയിലറകൾ കണ്ടും, നിരോധനങ്ങൾ നേരിട്ടും, പൊലീസ് മർദനം സഹിച്ചും, രക്തസാക്ഷിത്വങ്ങൾ ഏറ്റുവാങ്ങിയും വളർന്ന പ്രസ്ഥാനമാണ് സിപിഎം. ഏതെങ്കിലും അധികാരികളുടെയോ മാധ്യമങ്ങളുടെയോ പ്രോത്സാഹനം കൊണ്ടല്ല പാർട്ടി കരുത്താർജിച്ചത്. മറിച്ച്, തൊഴിലാളികളുടെയും കർഷകരുടെയും ജീവിതപ്രശ്നങ്ങളിൽ ദശാബ്ദങ്ങളായി ഇടപെട്ട് നേടിയെടുത്ത ജനകീയ പിന്തുണയാണത്. അതുകൊണ്ട് തന്നെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സിപിഎമ്മിനെ ദുർബലപ്പെടുത്താമെന്നത് ചരിത്രമറിയാത്തവരുടെ കണക്കുകൂട്ടലാണ്. ഏതു നീക്കത്തെയും ജനാധിപത്യപരമായും നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്ന് ദേശാഭിമാനി വ്യക്തമാക്കുന്നു.
CPI(M) mouthpiece Deshabhimani has strongly condemned the Enforcement Directorate's (ED) probe into the CMRL-Exalogic case, labeling it a "political witch-hunt" orchestrated by the Modi government. In its latest editorial, the daily asserts that the central government is weaponizing investigative agencies to eliminate political opponents and target CPI(M) leaders. Terming the actions as sheer political vendetta, the editorial stated that any attempt to weaken the party through such threats is a mere illusion by those ignorant of the party's history of survival.